വ്യാപാര പ്രോത്സാഹനത്തിനായി ജികെഎസ്എഫ് കോള്‍ സെന്റര്‍
വ്യാപാര പ്രോത്സാഹനത്തിനായി ജികെഎസ്എഫ് കോള്‍ സെന്റര്‍
Thursday, November 26, 2015 11:33 PM IST
തിരുവനന്തപുരം: ജികെഎസ്എഫ് സീസണ്‍ ഒമ്പതിന്റെ പ്രോത്സാഹനത്തിനും ഉപഭോക്താക്കളുടെ സേവനത്തിനുമായുള്ള ടോള്‍ഫ്രീ കോള്‍സെന്റര്‍ (1800 1234573) വിനോദസഞ്ചാര മന്ത്രി എ.പി. അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. വിനോദസഞ്ചാരവകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കേരള ഇന്‍സ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ട്രാവല്‍ സ്റഡീസു(കിറ്റ്സ്)മായി സഹകരിച്ചാണ് ഈ പ്രാവശ്യത്തെ ടോള്‍ഫ്രീ കോള്‍സെന്റര്‍ പ്രവര്‍ത്തിക്കുന്നത്. ഇതുസംബന്ധിച്ച ധാരണാപത്രം ജികെഎസ്എഫ് ഡയറക്ടര്‍ അനില്‍ മുഹമ്മദ്, കിറ്റ്സ് ഡയറക്ടര്‍ രാജശ്രീ അജിത്തും ഒപ്പുവച്ചു.

കിറ്റ്സിലെ വിദ്യാര്‍ഥികളാണ് കോള്‍സെന്റര്‍ എക്സിക്യൂട്ടിവുകളായി പ്രവര്‍ത്തിക്കുന്നത്. ജികെഎസ്എഫ് സ്പോണ്‍സറായ വോഡഫോണ്‍ സെല്ലുലാര്‍ ലിമിറ്റഡാണ് കേന്ദ്രത്തിന്റെ സേവനദാതാക്കള്‍. ജികെഎസ്എഫ് സീസണ്‍ - 9ല്‍ അംഗമായ വ്യാപാരസ്ഥാപനങ്ങളിലെ കൂപ്പണ്‍ വിതരണം, ഉപഭോക്താക്കള്‍ക്ക് വിവരങ്ങള്‍ ലഭ്യമാക്കുക, വ്യാപാര മേളയ്ക്ക് കൂടുതല്‍ പ്രചരണം നല്‍കുക തുടങ്ങിയയെല്ലാം ഈ കേന്ദ്രം വഴി നടപ്പിലാക്കും. 20 പേര്‍ക്ക് ഒരേ സമയം ബന്ധപ്പെടാന്‍ കഴിയാവുന്ന രീതിയിലാണ് പ്രവര്‍ത്തനം സജ്ജീകരിച്ചിരിക്കുന്നത്. ചടങ്ങിന് ജികെഎസ്എഫ് സംസ്ഥാന കോ-ഓര്‍ഡിനേറ്റര്‍ വി. വിജയന്‍ സ്വാഗതവും ഈവന്റ് കോ-ഓര്‍ഡിനേറ്റര്‍ വി. മധുസൂദനന്‍ നന്ദിയും പറഞ്ഞു.


കിറ്റ്സ് പ്രിന്‍സിപ്പല്‍ വിജയകുമാര്‍, ഡോ. ബി. ഗോവിന്ദന്‍, വ്യാപാരി- വ്യവസായി ഏകോപനസമിതി വൈസ് പ്രസിഡന്റ് പെരിങ്ങമ്മല രാമചന്ദ്രന്‍, വ്യാപാരിവ്യവസായ സമിതി സംസ്ഥാന വൈസ് പ്രസിഡന്റ് പാപ്പച്ചന്‍ എന്നിവര്‍ പ്രസംഗിച്ചു.

കൂപ്പണ്‍ വിതരണം ഡിസംബര്‍ ഒന്നു മുതല്‍: വ്യാപാരി വ്യവസായി ഏകോപനസമിതി

തിരുവനന്തപുരം: കേരളാ വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാന ഭാരവാഹികള്‍ മുഖ്യമന്ത്രിയും ടൂറിസം മന്ത്രിയുമായി ചര്‍ച്ച നടത്തി. മുഖ്യമന്ത്രിയുടെ ചേംബറില്‍ നടന്ന ചര്‍ച്ചയില്‍ ജികെഎസ്എഫ് സീസണ്‍ ഒന്‍പതുമായി പൂര്‍ണമായി സഹകരിക്കാനും ഡിസംബര്‍ ഒന്നു മുതല്‍ എല്ലാ വ്യാപാര സ്ഥാപനങ്ങളിലും കൂപ്പണ്‍ ലഭ്യമാക്കുന്നതിനും ഏകോപനസമിതി പ്രവര്‍ത്തകര്‍ മുന്നിട്ടിറങ്ങാന്‍ ധാരണയായി.

ഒന്‍പത് ഇന ആവശ്യങ്ങള്‍ അടങ്ങിയ നിവേദനമാണ് മുഖ്യമന്ത്രിക്ക് ഏകോപനസമിതി നേതാക്കള്‍ സമര്‍പ്പിച്ച് ചര്‍ച്ചനടത്തിയത്.

സംസ്ഥാന ജനറല്‍ സെക്രട്ടറി ജോബി വി. ചുങ്കത്ത്, വൈസ് പ്രസിഡന്റ് പെരിങ്ങമ്മല രാമചന്ദ്രന്‍, സംസ്ഥാന സെക്രട്ടറിമാരായ എസ്.ദേവരാജന്‍, ജി.വസന്തകുമാര്‍, രാജു അപ്സര, ടി.ഡി. ജോസഫ്, ഹെന്റി, സാംസണ്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.