ഇരട്ടനികുതി ഒഴിവാക്കല്‍ കരാറുകള്‍
ഇരട്ടനികുതി ഒഴിവാക്കല്‍ കരാറുകള്‍
Monday, October 5, 2015 11:07 PM IST
നികുതിലോകം / ബേബി ജോസഫ് (ചാര്‍ട്ടേഡ് അക്കൌണ്ടന്റ്)

ഒരു രാജ്യത്തെ നികുതി നിയമങ്ങള്‍ മറ്റു രാജ്യങ്ങളുമായുള്ള വ്യാപാരബന്ധങ്ങള്‍ക്കു തടസമായി വരാതിരിക്കാനും വിദേശ നിക്ഷേപകര്‍ക്ക് നികുതി കാര്യങ്ങളില്‍ ഏകീകരണം ഉണ്ടാകാനും, സ്വദേശ നിക്ഷേപംപോലെതന്നെ സുരക്ഷിതവും ലാഭകരവുമാണ് വിദേശനിക്ഷേപം എന്ന് ബോധ്യപ്പെടുത്താനും, വിദേശ നിക്ഷേപകരെ സംബന്ധിച്ച് സ്വന്തം രാജ്യത്തെ നികുതി ഒരു നിര്‍ണായക ഘടകം ആകാതിരിക്കുന്നതിനുംവേണ്ടിയാണ് മറ്റു രാജ്യങ്ങളുമായി ഡബിള്‍ ടാക്സേഷന്‍ അവോയിഡന്‍സ് എഗ്രിമെന്റ് (ഡിടിഎഎ) എന്ന പേരില്‍ അറിയപ്പെടുന്ന നികുതി ഉടമ്പടികളില്‍ രാജ്യങ്ങള്‍ ഏര്‍പ്പെടുന്നത്. ഇന്ത്യയുമായുള്ള നികുതി ഉടമ്പടിയില്‍ ഒപ്പുവച്ചതിനു ശേഷം വ്യാപാരസംബന്ധമായോ, ജോലി സംബന്ധമായോ ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഉടമ്പടിയില്‍ പറഞ്ഞിരിക്കുന്ന പരിരക്ഷയോ, അതിലും മെച്ചമായ പരിരക്ഷയോ ആണ് ഇന്ത്യന്‍ നിയമത്തില്‍ പറഞ്ഞിരിക്കുന്നതെങ്കില്‍ ഇന്ത്യന്‍ നിയമത്തിന്റെ സംരക്ഷണമാണ് നല്‍കേണ്ടത്. ഈ ഉടമ്പടികള്‍ ആദായനികുതി നിയമത്തിനും ഉപരിയായി ആണ് കണക്കാക്കപ്പെടുന്നത്. ഇത് ഇന്ത്യയിലെ സുപ്രീംകോടതിയും അംഗീകരിച്ചതാണ്. സുഗമമായ രാജ്യാന്തര ബിസിനസിനും വിദേശമൂലധനം വന്‍തോതില്‍ ആകര്‍ഷിക്കുന്നതിനും വ്യാവസായിക തടസങ്ങള്‍ മാറ്റുന്നതിനും വേണ്ടിയാണ് നികുതി ഉടമ്പടികള്‍ ഉണ്ടാക്കിയിരിക്കുന്നത്. ഏതൊരു വ്യവസ്ഥയിലും എന്നപോലെ ഇതിലും ചില തത്പരകക്ഷികള്‍ ലാഭമെടുത്തേക്കാം. എങ്കിലും അത് കണ്ടില്ലെന്ന് നടിക്കുവാന്‍ മാത്രമാണ് 'ആസാദി ബച്ചാവോ ആന്തോളന്‍' കേസില്‍ കോടതി സൂചിപ്പിച്ചിരിക്കുന്നത്.

നൂറോളം രാജ്യങ്ങളുമായി ഇന്ത്യ നികുതി ഉടമ്പടികളില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. 192’ല്‍ 'ലീഗ് ഓഫ് നേഷന്‍സ്' ആണ് ആദ്യമായി ഒരു മോഡല്‍ കരാര്‍ സൃഷ്ടിക്കുന്നത്. 1943 ല്‍ മെക്സിക്കോ കരാറും, 1946ല്‍ ലണ്ടന്‍ കരാറും പല പരിഷ്കാരങ്ങളും ആദ്യകാല കരാറിന്‍മേല്‍ നടത്തപ്പെടുകയുണ്ടായി. ഇതാണു പിന്നീട് യുഎന്‍ മോഡല്‍ കരാര്‍ എന്ന പേരില്‍ അറിയപ്പെടുന്നത്. ഇന്ത്യ ഉള്‍പ്പെടെയുള്ള വികസ്വര രാജ്യങ്ങള്‍ യുഎന്‍ മോഡല്‍ കരാര്‍ ആണ് അംഗീകരിച്ചിരിക്കുന്നത്. 1977ല്‍ യൂറോപ്യന്‍ രാജ്യങ്ങളും, അമേരിക്ക, കാനഡ മുതലായ വികസിത രാജ്യങ്ങളും ചേര്‍ന്ന് ഉണ്ടാക്കിയ കരാര്‍ ആണ് ഒഇസിഡി മോഡല്‍ കരാര്‍ എന്ന പേരില്‍ അറിയപ്പെടുന്നത്. ഇവയൊക്കെ കരാറുകളുടെ മോഡല്‍ മാത്രമാണ്. ഓരോ രാജ്യത്തിനും അനുയോജ്യമായ രീതിയില്‍ മോഡല്‍ കരാറുകളില്‍ മാറ്റങ്ങള്‍ വരുത്തിയാണ് രാജ്യങ്ങള്‍ തമ്മില്‍ നികുതി ഉടമ്പടികളില്‍ ഏര്‍പ്പെടുന്നത്.

ആദായനികുതി ആ രാജ്യത്തിന്റെ വ്യവസായിക താത്പര്യത്തെ ഹാനികരമായി ബാധിക്കാതിരിക്കാന്‍ വേണ്ടിയാണ് രാജ്യാന്തര ഉടമ്പടികള്‍ ഉണ്ടാക്കുന്നത്. നിക്ഷേപക താത്പര്യത്തില്‍ ആദായനികുതി ഒരു പരിധിവരെ ഒരു മുഖ്യഘടകം ആയി വരാതിരിക്കുന്നതിന് ഇരട്ടനികുതി ഒഴിവാക്കല്‍ കരാറുകള്‍ സഹായിക്കുന്നു.

രണ്ട് പരമാധികാര രാഷ്ട്രങ്ങള്‍ തമ്മില്‍ ഏര്‍പ്പെടുന്ന ഈ കരാറിന് പവിത്രതയുണ്ട്. ഉടമ്പടിയും അതിനോടനുബന്ധിച്ചുള്ള പ്രോട്ടോക്കോളും അനുസരിച്ചാണ് നികുതി ബാധ്യത നിശ്ചയിക്കുന്നത്. ഇന്ത്യയിലെ ആദായനികുതി നിയമം അനുസരിച്ച് ലോകത്തെവിടെയും ഉണ്ടാവുന്ന വരുമാനത്തിന് നികുതി കൊടുക്കുവാന്‍ നികുതിദായകന്‍ ബാധ്യസ്ഥനാണ്. ആ നിയമം അനുസരിച്ച് ഇന്ത്യയില്‍ താമസിക്കുന്ന വ്യക്തിക്ക് അമേരിക്കയില്‍ നിന്ന് വരുമാനം ലഭിച്ചാലും അത് ഇന്ത്യയില്‍നിന്നുള്ള വരുമാനത്തിന്റെ കൂടെ കൂട്ടി നികുതി നല്‍കേണ്ടതാണ്. എന്നാല്‍ അമേരിക്കയില്‍ ഉണ്ടാവുന്ന വരുമാനത്തിന് അമേരിക്കയില്‍ ഉറവിടത്തില്‍ തന്നെ നികുതി ചുമത്തപ്പെടുകയും, നികുതിക്ക് ശേഷമുള്ള വരുമാനം മാത്രം നികുതിദായകന് ലഭിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ ഇന്ത്യയില്‍ നിന്ന് കൂടിയുള്ള നികുതി ആകുമ്പോള്‍ ആണ് ഇരട്ടനികുതി എന്ന സ്ഥിതിവിശേഷം വരുന്നത്. അമേരിക്കയിലെ നിയമം അനുസരിച്ച് അവിടെയുണ്ടാവുന്ന വരുമാനത്തിന് അവിടെത്തന്നെ നികുതി അടയ്ക്കണം. ഈ സാഹചര്യത്തിലാണ് ഇന്ത്യയും അമേരിക്കയും തമ്മില്‍ നികുതി ഉടമ്പടിയുടെ ആവശ്യം ഉത്ഭവിക്കുന്നത്. ഇത് വ്യക്തികള്‍ക്ക് മാത്രമല്ല, എല്ലാ വ്യവസായ സ്ഥാപനങ്ങള്‍ക്കും ബാധകമാണ്.

ഉടമ്പടികളുടെ സാമാന്യരൂപം

അധ്യായം 1

സാധാരണ ഗതിയില്‍ എല്ലാ ഉടമ്പടികളും മുപ്പതിനടുത്ത് ആര്‍ട്ടിക്കിളുകള്‍ ഉണ്ടായിരിക്കും. മിക്ക ഉടമ്പടികളും സമാനരീതിയിലാണ് എഴുതപ്പെട്ടിരിക്കുന്നത്. ആര്‍ട്ടിക്കിള്‍ ഒന്നില്‍ സൂചിപ്പിക്കുന്നത് ആര്‍ക്കൊക്കെയാണ് ഈ കരാറുകള്‍ ബാധകമായിട്ടുള്ളത് എന്നാണ്. ആര്‍ട്ടിക്കിള്‍ രണ്ടില്‍ ഏതൊക്കെ തരം നികുതികളാണ് ഇതിന്റെ പരിധിയില്‍ വരുന്നത് എന്ന് സൂചിപ്പിക്കുന്നു. അതായത് വരുമാന (ആദായ) നികുതി, സ്വത്ത് നികുതി, വസ്തുവകകളുടെ വില്‍പ്പനകളില്‍ ഉണ്ടാകുന്ന വരുമാനങ്ങളുടെ നികുതികള്‍, ശമ്പളം, കൂലി മുതലായവയുടെ നികുതികള്‍, മൂലധന നികുതികള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. സമാനമായ മറ്റു നികുതികള്‍ ഈ കരാര്‍ ഒപ്പുവച്ചതിനു ശേഷം ഉണ്ടായാല്‍ അതിനും കരാര്‍ ബാധകമാവുന്നതാണ്. ഓരോ വര്‍ഷാവസാനത്തിലും ഇരു രാജ്യങ്ങളിലെയും അധികാരികള്‍ ചര്‍ച്ച ചെയ്ത് ആവശ്യമെങ്കില്‍ ഇതിന് മാറ്റങ്ങള്‍ വരുത്താവുന്നതാണ്.


അധ്യായം 2

ആര്‍ട്ടിക്കിള്‍ മൂന്നിലാണ് വിവിധങ്ങളായ നിര്‍വചനങ്ങള്‍ എഴുതപ്പെട്ടിരിക്കുന്നത്. ആര്‍ട്ടിക്കിള്‍ നാലില്‍ ഒരു വ്യക്തിയുടെയോ സ്ഥാപനത്തിന്റെയോ റെസിഡന്‍സി സ്റാറ്റസ് എങ്ങനെ നിശ്ചയിക്കാം എന്ന് വ്യക്തമാക്കിയിരിക്കുന്നു. ആര്‍ട്ടിക്കിള്‍ അഞ്ചില്‍ ബിസിനസ് സ്ഥലം അഥവാ പെര്‍മനന്റ് എസ്റാബ്ളിഷ്മെന്റ് എങ്ങനെ കണക്കാക്കാം എന്ന് വിശദീകരിച്ചിരിക്കുന്നു. ഇതനുസരിച്ചുള്ള ബിസിനസ് സ്ഥലം ഉണ്െടങ്കില്‍ മാത്രമേ ഒരു വ്യക്തിയുടെയോ പ്രസ്ഥാനത്തിന്റെയോ മേല്‍ ആ രാജ്യത്തിന് നികുതി ചുമത്താന്‍ സാധിക്കുകയുള്ളൂ.

അദ്ധ്യായം 3

ആര്‍ട്ടിക്കിള്‍ ആറിലാണ് സ്ഥാവരസ്വത്തുക്കളില്‍നിന്നുള്ള വരുമാനങ്ങളെ പറ്റിയും അവയുടെ തീരുമാനങ്ങളെ പറ്റിയും വിശദീകരിച്ചിരിക്കുന്നത്. ആര്‍ട്ടിക്കിള്‍ ഏഴില്‍ ബിസിനസില്‍ നിന്നുള്ള ലാഭനഷ്ടങ്ങള്‍ ഏതു വിധത്തിലാണ് കണക്കാക്കേണ്ടത് എന്ന് വിശദീകരിച്ചിരിക്കുന്നു. ആര്‍ട്ടിക്കിള്‍ എട്ടില്‍ ഷിപ്പിംഗ്, വ്യോമഗതാഗതം എന്നീ വ്യവസായങ്ങളെപ്പറ്റി വിശദീകരിച്ചിരിക്കുന്നു. ആര്‍ട്ടിക്കിള്‍ ഒന്‍പതില്‍ സഹോദരസ്ഥാപനങ്ങള്‍ ആയി എങ്ങനെയാണ് കണക്കാക്കപ്പെടുന്നത് എന്ന് വിശദീകരിച്ചിരിക്കുന്നു. ആര്‍ട്ടിക്കിള്‍ പത്തില്‍ കമ്പനികളില്‍നിന്നു ലഭിക്കുന്ന ഡിവിഡന്‍ഡിനെപറ്റി വിശദമായി പ്രതിപാദിച്ചിരിക്കുന്നു. കമ്പനികള്‍ ഒരു രാജ്യത്തും നിക്ഷേപകന്‍ മറ്റൊരു രാജ്യത്തും ആവുന്ന അവസരങ്ങളില്‍ ലഭിക്കുന്ന ഡിവിഡന്‍ഡുകളുടെ നികുതി നിരക്കുകള്‍, ഡിവിഡന്‍ഡുകളുടെ നിര്‍വചനങ്ങള്‍ എന്നിവ ഈ ആര്‍ട്ടിക്കിളില്‍ ആണ് സൂചിപ്പിച്ചിരിക്കുന്നത്. ആര്‍ട്ടിക്കിള്‍ പതിനൊന്നില്‍ പലിശ, ആര്‍ട്ടിക്കിള്‍ പന്ത്രണ്ടില്‍ റോയല്‍റ്റികള്‍, ആര്‍ട്ടിക്കിള്‍ പതിമൂന്നില്‍ മൂലധന വര്‍ധനവ്, ആര്‍ട്ടിക്കിള്‍ പതിനാലില്‍ സ്വന്തമായി ചെയ്യുന്ന സര്‍വീസുകള്‍ (ഒഇസിഡി മോഡലില്‍ ഇത് ഇല്ല), ആര്‍ട്ടിക്കിള്‍ 15ല്‍ ജോലിയില്‍നിന്നുള്ള പ്രതിഫലം, ആര്‍ട്ടിക്കിള്‍ 16ല്‍ ഡയറക്ടര്‍മാര്‍ക്ക് ലഭിക്കുന്ന ഫീസുകള്‍, ആര്‍ട്ടിക്കിള്‍ 17ല്‍ കലാകാരന്‍മാര്‍ക്കും സ്പോര്‍ട്സുകാര്‍ക്കും ലഭിക്കുന്ന പണം, ആര്‍ട്ടിക്കിള്‍ 18ല്‍ പെന്‍ഷന്‍, ആര്‍ട്ടിക്കിള്‍ 19ല്‍ ഗവണ്‍മെന്റ് സര്‍വീസില്‍നിന്ന് ലഭിക്കുന്ന പ്രതിഫലങ്ങള്‍, ആര്‍ട്ടിക്കിള്‍ 20ല്‍ വിദ്യാര്‍ഥികള്‍ക്ക് ലഭിക്കുന്ന പണം, ആര്‍ട്ടിക്കിള്‍ 21ല്‍ മറ്റു വിധത്തിലുള്ള വരുമാനങ്ങള്‍ എന്നിയാണ് വിശദീകരിച്ചിരിക്കുന്നത്.

അധ്യായം 4

ആര്‍ട്ടിക്കിള്‍ 22ല്‍ വിവിധങ്ങളായ മുതല്‍മുടക്കുകളെപ്പറ്റി വിശദീകരിച്ചിരിക്കുന്നു.

അധ്യായം 5

ആര്‍ട്ടിക്കിള്‍ 23ല്‍ ഇരട്ടി നികുതികള്‍ ഏതെല്ലാം വിധത്തില്‍ ഒഴിവാക്കാം എന്ന് വിശദീകരിച്ചിരിക്കുന്നു.

അധ്യായം 6

ആര്‍ട്ടിക്കിള്‍ 24ല്‍ മറ്റു രാജ്യക്കാരോട് പക്ഷഭേദം കാണിക്കരുത് എന്നു വിശദീകരിക്കുന്നു. ആര്‍ട്ടിക്കിള്‍ 25ല്‍ നികുതി വെട്ടിപ്പും മറ്റും തടയുന്നതിനുള്ള പരസ്പര സഹായങ്ങള്‍ എങ്ങനെ പ്രാവര്‍ത്തികമാക്കുന്നു എന്നു വിശദീകരിക്കുന്നു. ആര്‍ട്ടിക്കിള്‍ 26ല്‍ പരസ്പരം നികുതി വിവരങ്ങള്‍ കൈമാറുന്നതിനെപ്പറ്റി വിശദീകരിക്കുന്നു. ഈ ആര്‍ട്ടിക്കിളിനെ മുന്‍നിര്‍ത്തിയാണ് കള്ളപ്പണക്കാരുടെ നിക്ഷേപ വിവരങ്ങള്‍ ലഭിക്കുമെന്ന് ഗവണ്‍മെന്റ് കണക്കുകൂട്ടുന്നത്. ആര്‍ട്ടിക്കിള്‍ 27ല്‍ നികുതി പിരിച്ചെടുക്കുവാനുള്ള സഹായങ്ങളാണ് വ്യക്തമാക്കിയിരിക്കുന്നത്. ആര്‍ട്ടിക്കിള്‍ 28 ല്‍ അംബാസഡര്‍മാര്‍ക്കും കോണ്‍സുലേറ്റേഴ്സിനുമുള്ള ആനുകൂല്യങ്ങളെപ്പറ്റി വിശദീകരണം നല്കിയിട്ടുണ്ട്. ആര്‍ട്ടിക്കിള്‍ 29 ല്‍ ബാധകമാവുന്ന രാജ്യത്തിന്റെ വിവരങ്ങള്‍ വിശദീകരിച്ചിരിക്കുന്നു.

അധ്യായം 7

ആര്‍ട്ടിക്കിള്‍ 30ല്‍ പ്രാബല്യത്തില്‍ ആകുന്ന ദിവസം സൂചിപ്പിക്കുന്നു. ആര്‍ട്ടിക്കിള്‍ 31 ല്‍ കരാര്‍ നിര്‍ത്തലാക്കുന്നതിനെ പറ്റി വിശദീകരിച്ചിരിക്കുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.