ഇന്നസെന്റ് എംപിയുടെ നേതൃത്വത്തില്‍ ജാതിക്കര്‍ഷകര്‍ക്കായി ഉത്പാദക സൊസൈറ്റി
ഇന്നസെന്റ് എംപിയുടെ നേതൃത്വത്തില്‍ ജാതിക്കര്‍ഷകര്‍ക്കായി ഉത്പാദക സൊസൈറ്റി
Sunday, October 4, 2015 11:18 PM IST
കൊച്ചി: ജാതികൃഷി മേഖലയിലെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനായി നബാര്‍ഡ് സഹായത്തോടെ ഫാര്‍മര്‍ പ്രൊഡ്യൂസര്‍ സൊസൈറ്റി രൂപീകരിക്കാന്‍ തീരുമാനം. ഇന്നസെന്റ് എംപിയുടെ നിര്‍ദേശപ്രകാരം കര്‍ഷക സംഘടനാ പ്രതിനിധികള്‍, കൃഷിവിദഗ്ധര്‍, ഉദ്യോഗസ്ഥര്‍ എന്നിവരുടെ യോഗത്തിലാണു തീരുമാനം.

ജാതി കര്‍ഷകര്‍ക്കായി ആവിഷ്കരിച്ച മറ്റു പദ്ധതികളും ഇതോടൊപ്പം സംയോജിപ്പിക്കും. ജാതി കര്‍ഷകര്‍ക്കു വേണ്ടിയുള്ള സൊസൈറ്റി രൂപീകരണത്തിനു പ്രാഥമിക നടപടി പൂര്‍ത്തിയായിട്ടുണ്ട്. വിപണിയിലെ അസ്ഥിരതമൂലം ഉത്പന്നത്തിനു വില കിട്ടാതെ വിഷമിക്കുന്ന കര്‍ഷകര്‍ക്ക് ആശ്വാസം പകരാനും ചെറുകിട ഇടത്തരം കര്‍ഷര്‍ക്ക് കൂട്ടായ ഉത്പാദനത്തിലൂടെ നേട്ടം കൊയ്യാനും സൊസൈറ്റി വഴിയൊരുക്കും. വ്യക്തിഗത കര്‍ഷകര്‍ നേരിടുന്ന പ്രശ്നങ്ങള്‍ തരണംചെയ്യാന്‍ ബഹുമുഖ പരിപാടി സൊസൈറ്റി ആസൂത്രണംചെയ്യും.

ഉത്പാദനം മുതല്‍ വിപണനം വരെയുള്ള കാര്യങ്ങളില്‍ കര്‍ഷകര്‍ക്കു ഗുണപരമായ മാറ്റമുണ്ടാക്കാന്‍ സൊസൈറ്റി ഇടപെടലിലൂടെ കഴിയും. പുതിയ കൃഷിരീതികളുടെ വിവരശേഖരണം, സാങ്കേതികവിദ്യാകൈമാറ്റം, അനുഭവങ്ങള്‍ പങ്കുവയ്ക്കല്‍ തുടങ്ങിയവയിലൂടെ കൃഷി ആധുനികവത്കരിക്കുന്നതിനും പരിപാടി ആവിഷ്കരിക്കും. ചാലക്കുടി ലോക്സഭാ മണ്ഡലത്തിലെ മുഴുവന്‍ ജാതികര്‍ഷകര്‍ക്കും പ്രയോജനം ലഭിക്കും വിധം സൊസൈറ്റി പ്രവര്‍ത്തനം ആവിഷ്കരിക്കുമെന്നും അദ്ദേഹം അറിയിച്ചു.


ഇതോടൊപ്പം സ്മോള്‍ ഫാര്‍മേഴ്സ് അഗ്രി ബിസിനസ് കണ്‍സോര്‍ഷ്യം വഴിയുള്ള സേവനങ്ങളും ഉപയോഗപ്പെടുത്തും. ജാതികൃഷിക്കു പ്രത്യേക പ്രാധാന്യം നല്‍കി സമര്‍പ്പിക്കുന്ന പ്രോജക്ടുകള്‍ക്ക് ആര്‍ഐഡിഎഫ് മാതൃകയില്‍ നബാര്‍ഡ് സാമ്പത്തിക സഹായം ലഭ്യമാക്കാന്‍ സര്‍ക്കാര്‍ തീരുമാനം എടുക്കണമെന്ന് ഇന്നസെന്റ് ആവശ്യപ്പെട്ടു. ഈ ആവശ്യം ഉന്നയിച്ച് അദ്ദേഹം കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്കു കത്തയച്ചിട്ടുണ്ട്.

കര്‍ഷകസംഘം ജില്ലാ സെക്രട്ടറി ടി.കെ. മോഹനന്‍ അധ്യക്ഷതവഹിച്ചു. നബാര്‍ഡ് മാനേജര്‍ ജിക് സി. റാഫേല്‍, ജാതികര്‍ഷകസമിതി ഭാരവാഹികളായ വര്‍ഗീസ് കോയിക്കര, പി.ആര്‍. വിശ്വംഭരന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.