പാക്കിസ്ഥാനെയും ശ്രീലങ്കയെയും അപേക്ഷിച്ച് ഇന്ത്യയില്‍ പെട്രോള്‍ വില കൂടുതല്‍
പാക്കിസ്ഥാനെയും ശ്രീലങ്കയെയും അപേക്ഷിച്ച് ഇന്ത്യയില്‍ പെട്രോള്‍ വില കൂടുതല്‍
Sunday, October 4, 2015 11:18 PM IST
ന്യൂഡല്‍ഹി: പാക്കിസ്ഥാനിലെയും ശ്രീലങ്കയിലെയും ജനങ്ങളെ അപേക്ഷിച്ച് ഇന്ത്യയിലെ ജനങ്ങള്‍ പെട്രോളിന് അധിക തുക നല്കേണ്ടിവരുന്നു. അതേസമയം ഡീസലിന്റെയും മണ്ണെണ്ണയുടെയും വില ഇന്ത്യയിലെ വിലയെക്കാളും കൂടുതലുമാണ്. പെട്രോളിയം മന്ത്രാലയത്തിന്റെ ഗവേഷകവിഭാഗമാണ് ഇതുസംബന്ധിച്ച വിവരങ്ങള്‍ കഴിഞ്ഞ ദിവസം പുറത്തുവിട്ടത്.

ഇന്ത്യയിലെ പെട്രോള്‍വില ലിറ്ററിന് 63.20 രൂപയാണെങ്കില്‍ പാക്കിസ്ഥാനില്‍ 47.38 രൂപ (ഏകദേശം 16 രൂപ കുറവ്)യും ശ്രീലങ്കയില്‍ 56.77 രൂപ(6.43 രൂപ കുറവ്)യുമാണ്. അതേസമയം നേപ്പാളിലും ബംഗ്ളാദേശിലും പെട്രോള്‍വില ഇന്ത്യയിലെ വിലയെക്കാളും കൂടുതലാണ്. നേപ്പാളില്‍ 66.57 രൂപയും, ബംഗ്ളാദേശില്‍ 79.99 രൂപയുമാണ് പെട്രോള്‍ വില. നേപ്പാളിലേക്കുള്ള വാഹനഇന്ധനങ്ങള്‍ ഇന്ത്യയില്‍നിന്നാണ് കൊണ്ടുപോകുന്നത്.

എന്നാല്‍, ഡീസലിനു സമീപ രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയില്‍ വില കുറവാണ്.ഇന്ത്യയില്‍ ഡീസലിന് 44.95 രൂപയാണ്. പാക്കിസ്ഥാനില്‍ 54.57 രൂപയും ബംഗ്ളാദേശില്‍ 56.52 രൂപയും ശ്രീലങ്കയില്‍ 46.13 രൂപയും നേപ്പാളില്‍ 52.63 രൂപയുമാണ്.


ഇന്ത്യയില്‍ സബ്സിഡി നിരക്കിലുള്ള മണ്ണെണ്ണ ലിറ്ററിന് 15 രൂപ നിരക്കില്‍ വിതരണം ചെയ്യുമ്പോള്‍ പാക്കിസ്ഥാിലെ ജനങ്ങള്‍ക്ക് 38.33 രൂപ നിരക്കിലാണ് വാങ്ങേണ്ടിവരുന്നത്.

സമീപകാലത്ത് ഇന്ത്യയിലെ മണ്ണെണ്ണയുടെ ഉപയോഗം കുറച്ച് പകരം പാചകവാതകത്തിലേക്ക് കടക്കാന്‍ ജനങ്ങളെ സര്‍ക്കാര്‍ പ്രേരിപ്പിക്കുന്നുണ്ട്. പെട്രോളിന്റെയും ഡീസലിന്റെയും ഇറക്കുമതിച്ചുങ്കം കഴിഞ്ഞ നവംബര്‍-ജനുവരി കാലയളവിനുള്ളില്‍ നാലു തവണ കേന്ദ്രസര്‍ക്കാര്‍ വര്‍ധിപ്പിച്ചിരുന്നു. അന്താരാഷ്ട്ര തലത്തില്‍ എണ്ണവില കുറഞ്ഞ സമയത്തായിരുന്നു ഈ വര്‍ധന വരുത്തിയത്.

2014 നവംബര്‍ 12നു പെട്രോളിനും ഡീസലിനും ലിറ്ററിന് 1.50 രൂപയാണ് നികുതിയിനത്തില്‍ വര്‍ധിപ്പിച്ചത്. ഡിസംബര്‍ 2നു പെട്രോളിന് 2.25 രൂപയും ഡീസലിന് ഒരു രൂപയും വര്‍ധിപ്പിച്ചു. 2015 ജനുവരി രണ്ടിനും ജനുവരി 16നും നികുതി വര്‍ധിപ്പിച്ചപ്പോള്‍ പെട്രോളിനും ഡീസലിനും രണ്ടു രൂപ വീതമാണ് നികുതി ചുമത്തിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.