ആര്‍ബിഐ പലിശ നിരക്കുകള്‍ കുറച്ചേക്കുമെന്ന് മൂഡീസ്
Friday, July 31, 2015 11:16 PM IST
ന്യൂഡല്‍ഹി: റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ(ആര്‍ബിഐ) പണനയം പ്രഖ്യാപിക്കാന്‍ ഏതാനും നാളുകള്‍ മാത്രം ശേഷിക്കെ പലിശനിരക്കുകളില്‍ ഇളവു പ്രതീക്ഷിക്കുന്നതായി ആഗോള സാമ്പത്തിക സ്ഥാപനമായ മൂഡീസ്. സാമ്പത്തിക വളര്‍ച്ചയെ ഉത്തേജിപ്പിക്കുന്നതിന്റെ ഭാഗമായി ആര്‍ബിഐ പലിശനിരക്കുകള്‍ കുറച്ചേക്കുമെന്നും പലിശനിരക്കില്‍ കാല്‍ ശതമാനം വരെ നിരക്കിളവുണ്േടയേക്കുമെന്നും പ്രതീക്ഷിക്കുന്നതായി മൂഡീസ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി.

ഈ വര്‍ഷം തന്നെ വീണ്ടും നിരക്കിളവുകള്‍ ഉണ്ടായേക്കും. രണ്ടു ഘട്ടങ്ങളിലായി ആകെ അരശതമാനത്തിന്റെ നിരക്കിളവാണ് പ്രതീക്ഷിക്കുന്നത്. ഈ തീരുമാനങ്ങള്‍ 2015ല്‍ സാമ്പത്തിക വളര്‍ച്ചയെ 7.6 ശതമാനമായും 2016ല്‍ ഏട്ടു ശതമാനമായും ഉയര്‍ത്തിയേക്കാമെന്നും മൂഡീസ് വിലയിരുത്തുന്നു. ഈ വര്‍ഷം ഇതിനോടകം തന്നെ മുക്കാല്‍ ശതമാനത്തിന്റെ പലിശ ഇളവ് പ്രഖ്യാപിച്ച ആര്‍ബിഐ മൂന്നാമത് ദ്വൈമാസ പണനയമാണ് ഓഗസ്റ് നാലിനു പ്രഖ്യാപിക്കുന്നത്.


മഴയുടെ ലഭ്യത പ്രതീക്ഷിച്ചിരുന്നത്ര മോശമല്ലാതിരുന്നതും ആഗോള ക്രൂഡ് വിലയില്‍ ഉണ്ടായ കുറവും നിരീക്ഷിച്ച മൂഡീസ് പൊതുവേ ഉത്പന്നവിലയില്‍ ഉണ്ടായിരിക്കുന്ന കുറവ് നിരക്കിളവിനുള്ള സാഹചര്യമായും വിലയിരുത്തുന്നുണ്ട്.

ഭൂമി ഏറ്റെടുക്കല്‍, തൊഴില്‍ നിയമങ്ങള്‍, സാധന സേവന നിയമം എന്നിവയില്‍ ഉണ്ടാകേണ്ട നവീകരണങ്ങള്‍ വൈകുന്നത് മധ്യ-ദീര്‍ഘകാല വളര്‍ച്ചാ ലക്ഷ്യങ്ങളെ പ്രതികൂലമായി ബാധിക്കുമെന്നും മൂഡീസ് മുന്നറിയിപ്പു തരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.