ഔഷധിയുടെ വില്പനയില്‍ 100 ശതമാനത്തോളം വര്‍ധന
ഔഷധിയുടെ വില്പനയില്‍ 100 ശതമാനത്തോളം വര്‍ധന
Wednesday, July 29, 2015 10:53 PM IST
തിരുവനന്തപുരം: ആയുര്‍വേദ ഔഷധ നിര്‍മാണരംഗത്തെ പൊതുമേഖലാ സ്ഥാപനമായ ഔഷധിയുടെ വില്പനയില്‍ കഴിഞ്ഞ നാലു വര്‍ഷത്തിനിടയില്‍ 100 ശതമാനം വര്‍ധനയുണ്ടായതായി ഔഷധി ചെയര്‍മാന്‍ ജോണി നെല്ലൂര്‍ പത്രസമ്മളനത്തില്‍ അറിയിച്ചു. ഔഷധിയുടെ ഉത്പാദന വര്‍ധന ലക്ഷ്യമിട്ട് മുട്ടത്തറയില്‍ ആധുനിക സംവിധാനങ്ങളോടെ സ്ഥാപിക്കുന്ന പുതിയ ഫാക്ടറിയുടെ ശിലാസ്ഥാപനം അടുത്ത മാസം അഞ്ചിനു നടക്കും.

അന്നു വൈകുന്നേരം അഞ്ചിന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പുതിയ ഫാക്ടറിയുടെ ശിലാസ്ഥാപനം നടത്തും. മന്ത്രി വി.എസ്. ശിവകുമാര്‍ അധ്യക്ഷനാകുന്ന ചടങ്ങില്‍ ജോണി നെല്ലൂര്‍, ആയുഷ് സെക്രട്ടറി ഡോ. എം. ബീന, ഡയറക്ടര്‍മാരായ എം. ആര്‍. രാമദാസ്, അഡ്വ. കെ.എ. ഫിലിപ്പ് തുടങ്ങിയവര്‍ പങ്കെടുക്കും. സര്‍ക്കാര്‍ പാട്ടത്തിനനുവദിച്ച ഒരേക്കര്‍ സ്ഥലത്താണ് ഫാക്ടറി സ്ഥാപിക്കുന്നത്.

ഔഷധിയുടെ ആര്‍ ആന്‍ഡ് ഡി വിഭാഗം പ്രത്യേകമായി വികസിപ്പിച്ച മാര്‍ക്കറ്റില്‍ ഏറെ സ്വീകാര്യതയുള്ള പ്രമേഹ ഔഷധി പൌഡര്‍, ടാബ്ലറ്റ് ലിപ്പോകെയര്‍, കാര്‍ഡോകെയര്‍, സോര്‍സെറ്റ് ഓയില്‍ തുടങ്ങിയ മരുന്നുകളാണ് പുതിയ സംരംഭത്തില്‍ ഉത്പാദിപ്പിക്കാന്‍ ഉദ്ദേശിക്കുന്നത്. 650 ലക്ഷം ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിയുടെ ആദ്യഘട്ടം 2016 മാര്‍ച്ചിനു മുമ്പായി തീര്‍ക്കാനാണ് ഉദ്ദേശിക്കുന്നത്. ആദ്യഘട്ടത്തില്‍ അമ്പതോളം പേര്‍ക്ക് ജോലി ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.


ഈ സര്‍ക്കാര്‍ അധികാരമേറ്റെടുത്തശേഷം വിവിധ വികസന പദ്ധതികളാണ് ഔഷധിയില്‍ നടപ്പാക്കിയത്. 20 കോടി രൂപ മുതല്‍ മുടക്കില്‍ ആസവാരിഷ്ടങ്ങളുടെ ഉല്‍പാദനത്തിനായി പുതിയ സെന്റര്‍ ഓഫ് എക്സലന്‍സ് സ്ഥാപിച്ചു. 2.10 കോടി രൂപ ചെലവില്‍ പുതിയ മലിനജല സംസ്കരണശാല ആരംഭിച്ചു. ജീവനക്കാരുടെ സൌകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിന് 1.72 കോടി രൂപ ചെലവില്‍ ഡോര്‍മെറ്ററി ആന്‍ഡ് ഓഡിറ്റോറിയം നിര്‍മിച്ചതായും അദ്ദേഹം പറഞ്ഞു. പത്രസമ്മേളനത്തില്‍ ഔഷധി എംഡി കെ. ശശിധരന്‍, ഡയറക്ടര്‍ ബോര്‍ഡ് അംഗം ഫ്രാങ്ക്ളിന്‍ എന്നിവര്‍ പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.