പൊതുമേഖലാ ബാങ്കുകളില്‍ ചെയര്‍മാനും എംഡിയും: നടപടികള്‍ ആരംഭിച്ചുകഴിഞ്ഞതായി ജയന്ത് സിന്‍ഹ
Sunday, April 26, 2015 11:59 PM IST
ന്യൂഡല്‍ഹി: പൊതുമേഖലാ ബാങ്കുകളില്‍ ചെയര്‍മാനെയും എംഡിയെയും പ്രത്യേകം നിയമിക്കാനുള്ള നടപടികള്‍ ആരംഭിച്ചുകഴിഞ്ഞതായി കേന്ദ്ര ധനകാര്യ സഹമന്ത്രി ജയന്ത് സിന്‍ഹ ലോകസഭയെ അറിയിച്ചു.

അന്തര്‍ദേശീയ തലത്തിലുള്ള മികച്ച മാതൃക പിന്തുടരുന്നതിന്റെ ഭാഗമായി പൊതുമേഖലാ ബാങ്കുകളില്‍ ചെയര്‍മാന്‍ ആന്‍ഡ് എംഡി എന്ന ഒറ്റ നിയമനത്തില്‍ നിന്നും രണ്ടു നിയമനങ്ങളാക്കി മാറ്റുന്നതിന് സര്‍ക്കാര്‍ നേരത്തെ തന്നെ അംഗീകാരം നല്‍കിയിരുന്നു.

ഇതിന്റെ ഭാഗമായി അഞ്ചോളം പൊതുമേഖലാ ബാങ്കുകളില്‍ എംഡി-സിഇഒ നിയമനങ്ങള്‍ നടത്തിക്കഴിഞ്ഞതായും അദ്ദേഹം പറഞ്ഞു.

എംഡി-സിഇഒ എന്ന തസ്തിക എക്സിക്യൂട്ടീവ് പദവിയായിരിക്കും. നോണ്‍-എക്സിക്യൂട്ടീവായ ചെയര്‍മാന്റെ നിയമനം സംബന്ധിച്ച നപടിക്രമങ്ങള്‍ നടന്നുവരികയാണെന്നും അദ്ദേഹം വ്യക്തമാക്കി. ചെയര്‍മാന്‍ ബാങ്കിനു നയപരമായ മാര്‍ഗനിര്‍ദേശങ്ങള്‍ മുന്നോട്ടുവയ്ക്കുമ്പോള്‍ തന്നെ എംഡി-സിഇഒക്കായിരിക്കും ബാങ്കിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങളുടെ ഉത്തരവാദിത്വമെന്നും അദ്ദേഹം വ്യക്തമാക്കി.


ഇത്തരത്തില്‍ തസ്തികകള്‍ വേര്‍തിരിക്കുന്നത് കൃത്യമായ പരശോധനകളും സുസ്ഥിരതയും ഉറപ്പുവരുത്തുമെന്നും അദ്ദേഹം പറഞ്ഞു. ദൈനംദിന പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുന്ന എക്സിക്യൂട്ടീവ് ബോര്‍ഡിനോട് പ്രവര്‍ത്തനം സംബന്ധിച്ച വിശദീകരണം നല്‍കുമ്പോള്‍ ഈ ബോര്‍ഡിന്റെ തലവന്‍ നോണ്‍-എക്സിക്യൂട്ടീവായ ചെയര്‍മാനായിരിക്കുമെന്നും അദ്ദേഹം വിശദീകരിച്ചു.

ഇത്തരം തീരുമാനങ്ങളുടെ ഫലങ്ങള്‍ വരുന്ന വര്‍ഷങ്ങളിള്‍ സാമ്പത്തിക നേട്ടമായും വളര്‍ച്ച യായും പ്രതിഫലിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.