ആദായനികുതി: പുതിയ റിട്ടേണ്‍ ബുദ്ധിമുട്ടിക്കുന്നതെന്നു പരാതി
Sunday, April 19, 2015 11:55 PM IST
ന്യൂഡല്‍ഹി: ആദായനികുതിവകുപ്പ് അവതരിപ്പിച്ച പുതിയ ടാക്സ് റിട്ടേണ്‍ ഫോറങ്ങളെപ്പറ്റി പരാതി. 2014-15 ലെ വരുമാനത്തിനു സമര്‍പ്പിക്കേണ്ട ഫോറങ്ങളില്‍ പുതിയ വ്യവസ്ഥകള്‍ പെടുത്തിയതു നികുതിദായകരെ ബുദ്ധിമുട്ടിക്കുന്നു എന്നാണ് ആക്ഷേപം.

മാര്‍ച്ച് 31-ന് അവസാനിച്ച വര്‍ഷത്തെ നികുതി റിട്ടേണുകള്‍ ജൂലൈക്കകം സമര്‍പ്പിക്കണം. ഇത്തവണ ശമ്പളവരുമാനക്കാരുടെ ഐടിആര്‍-1 അടക്കമുള്ള റിട്ടേണുകളില്‍ നികുതിദായകന്റെ എല്ലാ ബാങ്ക് അക്കൌണ്ടുകളുടെയും വിവരവും ബാലന്‍സ് നിലയും രേഖപ്പെടുത്തണം. വിദേശയാത്രകള്‍ ഉണ്െടങ്കില്‍ അവയുടെ വിവരവും ചെലവും പാസ്പോര്‍ട്ട് നമ്പറുംകൂടി രേഖപ്പെടുത്തണം. ആധാര്‍ നമ്പരും വേണം.

മുമ്പ് ഇല്ലാതിരുന്ന വ്യവസ്ഥകളോടെ റിട്ടേണ്‍ ഫോറം തയാറാക്കിയത് മുന്‍കാല പ്രാബല്യത്തോടെയുള്ള നികുതി ചുമത്തലിന് സമാനമാണെന്നാണ് പരാതി. മുന്‍പ് റിട്ടേണുകളില്‍ ആവശ്യപ്പെടാതിരുന്ന വിവരങ്ങളാണ് ഇപ്പോള്‍ കള്ളപ്പണം തടയലിന്റെ പേരില്‍ ആവശ്യപ്പെടുന്നത്. ഇതു ചോദിക്കുന്ന രീതി ഇല്ലാതിരുന്നതിനാല്‍ പലരും അതുസംബന്ധിച്ച രേഖകള്‍ സൂക്ഷിച്ചിട്ടുമില്ല.

ഇതുവരെ ശമ്പളം വരവുവയ്ക്കുന്ന ബാങ്ക് അക്കൌണ്ടിന്റെ കാര്യം മാത്രം റിട്ടേണില്‍ പെടുത്തിയാല്‍ മതിയാകുമായിരുന്നു. ഇനി അതു പോരാ. മിനിമം ബാലന്‍സ് ഉള്ളതായാലും അല്ലെങ്കിലും സ്വന്തം പേരിലുള്ള എല്ലാ ബാങ്ക് അക്കൌണ്ടുകളും അവയിലെ മാര്‍ച്ച് 31-നുള്ള ബാലന്‍സ് തുകയും റിട്ടേണില്‍ രേഖപ്പെടുത്തണം. കഴിഞ്ഞ ധനകാര്യവര്‍ഷം ക്ളോസ് ചെയ്ത അക്കൌണ്ടിലെ വിവരവും നല്‍കണം.


വിദേശയാത്ര നടത്തിയവര്‍ പാസ്പോര്‍ട്ട് നമ്പര്‍, യാത്രകളുടെ എണ്ണം, സന്ദര്‍ശിച്ച രാജ്യങ്ങളുടെ പേര്, യാത്രയിലെ ചെലവ് എന്നിവ അറിയിക്കണം. ഓഹരിനിക്ഷേപമുള്ളവര്‍ അതിലെ മൂലധനാദായം (ദീര്‍ഘകാലവും ഹ്രസ്വകാലവും വേര്‍തിരിച്ച്) അതിനു നല്‍കിയ നികുതി എന്നിവയും റിട്ടേണില്‍ വിശദീകരിക്കണം.

കാര്‍ഷികാദായമുള്ളവര്‍ കൃഷിച്ചെലവും കഴിഞ്ഞ എട്ടുവര്‍ഷത്തെ എഴുതിത്തള്ളാത്ത നഷ്ടങ്ങളും രേഖപ്പെടുത്തിയിരിക്കണം.

പുതിയ റിട്ടേണുകളില്‍ ഒരു സൌകര്യം നികുതിദായകര്‍ക്കു നല്‍കിയിട്ടുണ്ട്. ആധാര്‍ നമ്പര്‍ ചേര്‍ത്താല്‍ ഇ-ഫയല്‍ ചെയ്യുന്ന റിട്ടേണുകള്‍ വെരിഫിക്കേഷനായി ബംഗളൂരുവിലെ സെന്‍ട്രല്‍ പ്രോസസിംഗ് സെന്ററിലേക്കു തപാലില്‍ അയയ്ക്കേണ്ടതില്ല.

ആധാര്‍ നമ്പര്‍ ചേര്‍ക്കാന്‍ റിട്ടേണില്‍ കോളം ഉണ്ട്. ഇ ഫയല്‍ ചെയ്യുമ്പോള്‍ ആധാര്‍ നമ്പരും രജിസ്റര്‍ ചെയ്യണം. അപ്പോള്‍ ആധാര്‍ നമ്പര്‍ സൂക്ഷിക്കുന്ന യുഐഡിഎഐ ഒരു പാസ്വേഡ് നമ്പര്‍ ഉണടയ്ക്ക് അയച്ചുകൊടുക്കും. റിട്ടേണ്‍ ഇ ഫയല്‍ ചെയ്യുന്ന വെബ്സൈറ്റില്‍ അതുപയോഗിച്ച് ഒഥന്റിക്കേഷന്‍ നടത്താം. റിട്ടേണിന്റെ പ്രിന്റ് എടുത്ത് തപാലില്‍ അയയ്ക്കേണ്ട.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.