ശമ്പള കുടിശികയ്ക്ക് ആദായനികുതിയില്‍ റിബേറ്റ്
Monday, March 30, 2015 11:18 PM IST
നികുതിലോകം / ബേബി ജോസഫ് (ചാര്‍ട്ടേഡ് അക്കൌണ്ടന്റ്)

താഴെപ്പറയുന്ന വരുമാനങ്ങള്‍ ആദായനികുതി നിയമത്തില്‍ ശമ്പളം ആയാണ് കണക്കാക്കുന്നത്.

1) തന്നാണ്ടില്‍ പുതിയതോ പഴയതോ ആയ തൊഴിലുടമയില്‍നിന്നു ശമ്പളമായി ലഭിച്ചതോ ലഭിക്കേണ്ടതോ ആയ തുക.

2) തന്നാണ്ടില്‍ പുതിയതോ പഴയതോ ആയ തൊഴിലുടമയുടെ പക്കല്‍നിന്നു ശമ്പളം ലഭിക്കേണ്ടിയിരുന്നതിന് മുമ്പ് ലഭിച്ച പണം.

3) തന്നാണ്ടില്‍ പുതിയതോ പഴയതോ ആയ തൊഴിലുടമയുടെ പക്കല്‍നിന്നു ശമ്പള കുടിശിക ഇനത്തില്‍ ലഭിച്ച തുക, പക്ഷേ മേല്‍ ലഭിച്ച ശമ്പള കുടിശിക ഏതെങ്കിലും വര്‍ഷത്തില്‍ നികുതിക്കു വിധേയമായതാണെങ്കില്‍ തന്നാണ്ടിലെ ആദായത്തില്‍ ഈ പണം ശമ്പളമായി ഉള്‍പ്പെടുത്തി നികുതി കൊടുക്കേണ്ടതില്ല.

അതുപോലെ തന്നെ ശമ്പളം മുന്‍കൂര്‍ ലഭിക്കുകയും അതു തന്നാണ്ടില്‍ നികുതിക്ക് വിധേയമാക്കുകയും ചെയ്താല്‍ അടുത്ത വര്‍ഷത്തില്‍ അതിനു നികുതിയില്‍നിന്ന് ഒഴിവുണ്ട്.

സര്‍ക്കാര്‍ സര്‍വീസുകള്‍ ബാങ്കുകള്‍, കോളേജുകള്‍, സ്കൂളുകള്‍ എന്നിവിടങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്കു മുന്‍കാല പ്രാബല്യത്തോടെ ശമ്പള വര്‍ധന ഉണ്ടാകുന്നതു പതിവാണ്. ചില കേസുകളില്‍ കോടതിയുടെ ഉത്തരവ് പ്രകാരം ശമ്പളം മുന്‍കാല പ്രാബല്യത്തോടെ വര്‍ധിപ്പിച്ചു നല്‍കേണ്ടി വരുന്ന സാഹചര്യം ഉണ്ടാവാറുണ്ട്.

ചില അവസരങ്ങളില്‍ 15 മുതല്‍ 20 വരെ വര്‍ഷമോ അതില്‍ കൂടുതലോ ഉള്ള വര്‍ഷങ്ങളിലെ ശമ്പള കുടിശിക തന്നാണ്ടില്‍ ഒരുമിച്ച് ലഭിക്കാറുണ്ട്. ഈ സാഹചര്യത്തില്‍ നിയമപ്രകാരം അനുവദിച്ചിരിക്കുന്ന റിബേറ്റ് എടുത്തില്ലെങ്കില്‍ ശമ്പളം ലഭിക്കുന്ന വ്യക്തിക്ക് വന്‍ നികുതി ബാധ്യത ഉണ്ടാവുന്നതായി കാണാം. ആദായനികുതി നിയമം അനുസരിച്ച് കുടിശിക ഏതു വര്‍ഷമാണോ ലഭിക്കുന്നത്, ആ വര്‍ഷത്തെ വരുമാനം ആയാണ് കണക്കാക്കുന്നത്.

അങ്ങനെ വരുന്ന പക്ഷം തന്നാണ്ടില്‍ ഉയര്‍ന്ന നിരക്കിലുള്ള നികുതി നല്കേണ്ടി വരും. എന്നാല്‍ യഥാര്‍ത്ഥത്തില്‍ അദ്ദേഹത്തിന് ലഭിക്കേണ്ടിയിരുന്ന വര്‍ഷങ്ങളില്‍ തന്നെ ശമ്പളം ലഭിച്ചിരുന്നു എങ്കില്‍ താഴ്ന്ന നിരക്കിലുള്ള നികുതി ആയിരിക്കാം ബാധകമാകുന്നത്.

അതുകൊണ്ട് ലഭിച്ച കുടിശിക തുക, യഥാര്‍ഥത്തില്‍ ലഭിക്കേണ്ടിയിരുന്ന വര്‍ഷങ്ങളിലെ വരുമാനത്തിന്റെ കൂടെ കൂട്ടി, അനുവദിക്കപ്പെട്ടിരിക്കുന്ന കിഴിവുകള്‍ എടുത്ത് ബാക്കി നികുതി തുക നിശ്ചയിക്കുന്നു.

15 വര്‍ഷത്തെ കുടിശിക ആണ് ലഭിച്ചിരിക്കുന്നത് എങ്കില്‍ 15 വര്‍ഷത്തെ യഥാര്‍ഥ വരുമാനത്തിന്റെ കണക്ക് എടുത്ത് അതാത് വര്‍ഷത്തെ കിഴിവുകളും എടുത്ത് മേല്‍ വര്‍ഷത്തിലെ നികുതി നിരക്കില്‍ തന്നെ നികുതി നിശ്ചയിക്കുന്നു.

അതിനുശേഷം കുടിശിക വന്നതുകൊണ്ടുണ്ടായ നികുതി വര്‍ധന മാത്രം എടുത്ത്, എത്ര വര്‍ഷത്തെ കുടിശിക ആണോ ഉണ്ടായത് അത്രയും വര്‍ഷത്തെ കുടിശികമൂലം ഉണ്ടായ നികുതി വര്‍ധന എല്ലാം കൂട്ടി എടുത്ത് നിശ്ചയിക്കുന്നു. അതിനുശേഷം കുടിശികമൂലം തന്നാണ്ടിലുണ്ടായ നികുതി വര്‍ധന കണ്ടിട്ട് ആ തുകയില്‍നിന്നു മുകളില്‍ കൂട്ടി എടുത്ത തുക കുറച്ചാല്‍ ലഭിക്കുന്ന തുക തന്നാണ്ടിലേക്കു നിശ്ചയിക്കപ്പെട്ട നികുതിയില്‍നിന്നു റിബേറ്റായി ലഭിക്കുന്നതാണ്.


മുകളില്‍ പറഞ്ഞ റിബേറ്റ് എടുക്കുമ്പോള്‍ പ്രായോഗികമായി ഉണ്ടാവുന്ന ചില ബുദ്ധിമുട്ടുകള്‍ ഇങ്ങനെ:

1) പഴയ വര്‍ഷങ്ങളിലെ കണക്കുകള്‍ വ്യക്തമായി സൂചിപ്പിക്കണം. ആദായ നികുതി ഇല്ല എന്ന കാരണംകൊണ്ടു റിക്കാര്‍ഡുകള്‍ സൂക്ഷിക്കാതിരിക്കരുത്.

2) ഓരോ വര്‍ഷവും നികുതി നിരക്കുകളിലുണ്ടാവുന്ന മാറ്റങ്ങളും വിവിധങ്ങളായ കിഴിവുകളില്‍ വന്നിരുന്ന മാറ്റങ്ങളും കണക്കിലെടുക്കണം. ഉദാഹരണം പറഞ്ഞാല്‍ 2004 - 05 സാമ്പത്തിക വര്‍ഷം വരെ ശമ്പളക്കാര്‍ക്ക് സ്റാന്‍ഡേര്‍ഡ് ഡിഡക്ഷന്‍ എന്ന പേരില്‍ ഒരു കിഴിവ് ലഭിച്ചിരുന്നു. 2005 -06 വര്‍ഷം അതു നിര്‍ത്തലാക്കി.

2004 - 05 ല്‍ അത് പരമാവധി 30000 രൂപ ആയിരുന്നു. ആ വര്‍ഷം തന്നെ പ്രസ്തുതകിഴിവ് അഞ്ചു ലക്ഷത്തില്‍ കൂടുതല്‍ ശമ്പളം ലഭിച്ചിരുന്നവര്‍ക്ക് 20000 രൂപ മാത്രമായിരുന്നു.

സ്റാന്‍ഡാര്‍ഡ് ഡിഡക്ഷന് ഇതിനുമുമ്പുള്ള മിക്ക വര്‍ഷങ്ങളിലും വിവിധങ്ങളായ മാറ്റങ്ങള്‍ ഉണ്ടായിട്ടുണ്ട്. അതുപോലെ തന്നെ 80 സിയിലുള്ള കിഴിവുകള്‍ക്ക് പകരം 2004 - 05 വര്‍ഷം വരെ വകുപ്പ് 88 അനുസരിച്ചു നിക്ഷേപിച്ച തുകയുടെ 20% അല്ലെങ്കില്‍ 15% തുക നികുതി തുകയില്‍ നിന്നും റിബേറ്റ് ആയി കുറക്കുക എന്നൊരു വ്യവസ്ഥയാണുണ്ടായിരുന്നത്. ടി റിബേറ്റ് നിലവില്‍ വരുന്നതിനു മുമ്പ് 80 സിയിലുള്ള കിഴിവുകള്‍ നില നിന്നിരുന്നു. ഇതു നിര്‍ത്തലാക്കിയത് 1990 - 91 സാമ്പത്തിക വര്‍ഷമാണ്.

ഗവണ്‍മെന്റില്‍ നിന്നും മറ്റും ലഭിക്കുന്ന എക്സ്ഗ്രേഷ്യ തുകകള്‍ക്ക് നികുതിയില്ല

ഗവണ്‍മെന്റില്‍ നിന്നോ, ലോക്കല്‍ അഥോറിറ്റിയുടെ പക്കല്‍ നിന്നോ പൊതുമേഖലാ സ്ഥാപനങ്ങളില്‍ നിന്നോ ഏതെങ്കിലും ജോലിക്കാരനോ അയാളുടെ ആശ്രിതനോ, ജോലിക്കാരന്റെ അപകടം മൂലമോ മരണം മൂലമോ ലഭിക്കുന്ന തുകകള്‍ നികുതിയില്‍ നിന്നും വിമുക്തമാണ്.

പെന്‍ഷന്‍ തുകയ്ക്കും സ്രോതസില്‍ നികുതി

ശമ്പളത്തിന്റെ നിര്‍വ്വചനത്തില്‍ പെന്‍ഷന്‍ തുകയും ഉള്‍പ്പെട്ടിട്ടുണ്ട്. അതിനാല്‍ പെന്‍ഷന്‍ തുകക്കും സ്രോതസില്‍ നിന്നും നികുതി പിടിക്കേണ്ടതുണ്ട്.

എന്നാല്‍ പെന്‍ഷന്‍ കമ്മ്യൂട്ട് ചെയ്യുകയാണെങ്കില്‍ ആദായ നികുതി നിയമം വകുപ്പ് 10 (10 എ) പ്രകാരം നികുതിയില്‍ നിന്നും ഒഴിവുള്ളതിനാല്‍ സ്രോതസില്‍ നികുതി ആവശ്യമില്ല.

പാര്‍ട്ട്ണര്‍ക്ക് ഫേമില്‍നിന്നു ലഭിക്കുന്ന ശമ്പളം

പാര്‍ട്ട്ണര്‍ക്ക് പാര്‍ട്ട്ണര്‍ഷിപ്പ് ഫേമില്‍നിന്നു ലഭിക്കുന്ന ശമ്പളത്തിനു സ്രോതസില്‍ നികുതി ആവശ്യമില്ല. ആദായനികുതി നിയമം അനുസരിച്ച് ഇതിനെ ശമ്പളം ആയി കണക്കാക്കില്ല. മറിച്ച് ബിസ്സിനസ്സില്‍നിന്നോ പ്രഫഷണില്‍നിന്നോ ഉള്ള വരുമാനം ആയിട്ടാണ് കണക്കാക്കുന്നത്. ഇതിന് മുന്‍കൂര്‍ നികുതി നിയമങ്ങളാണു ബാധകം.

ഇന്ത്യന്‍ സിറ്റിസണ്‍ ഇന്ത്യന്‍ കമ്പനിക്കു വേണ്ടി വിദേശത്തു ജോലി ചെയ്താല്‍ ലഭിക്കുന്ന ശമ്പളം ഇന്ത്യയില്‍ നികുതിക്കു വിധേയമാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.