ലോകംശമ്പള വരുമാനത്തിനുള്ള കിഴിവുകള്‍
Monday, February 2, 2015 10:32 PM IST
നികുതി / ബേബി ജോസഫ് (ചാര്‍ട്ടേഡ് അക്കൌണ്ടന്റ്)

കരാര്‍ അടിസ്ഥാനത്തിലുള്ള ജോലി

ശമ്പളം എന്ന പദം ഉപയോഗിക്കുമ്പോള്‍ തന്നെ അവിടെ തൊഴില്‍ ദാതാവ് അഥവാ എംപ്ളോയര്‍ എന്ന സ്ഥാനം ഉണ്ടായിരിക്കണം. ഒന്നുകൂടി വ്യക്തമായി പറഞ്ഞാല്‍ കരാര്‍ അടിസ്ഥാനത്തില്‍ തൊഴില്‍ നല്കിയാല്‍ അവിടെ ശമ്പളമല്ല ഉണ്ടാവുന്നത്, മറിച്ച് പ്രതിഫലം ആണ്. ആ വരുമാനം വ്യക്തിയുടെ ശമ്പളത്തില്‍ അല്ല ഉള്‍പ്പെടുത്തേണ്ടത്, മറിച്ച് അത് തൊഴിലില്‍ നിന്നുള്ള വരുമാനം ആയി വേണം കണക്കാക്കുവാന്‍.

എന്നാല്‍ പല തൊഴില്‍ സ്ഥാപനങ്ങളും ജോലിക്കാരും ഇതു മനസിലാക്കുന്നില്ല. കരാര്‍ അടിസ്ഥാനത്തില്‍ ജോലിക്കു നിയമനം നല്കിയിട്ട് പ്രതിഫലം ശമ്പളം ആയിത്തന്നെ പല സ്ഥാപനങ്ങളും നല്കുന്നതായി കാണാന്‍ കഴിയുന്നുണ്ട്. കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്ന വ്യക്തികളുടെ വരുമാനം ബിസിനസ് / പ്രൊഫഷന്‍ എന്നെ ഹെഡില്‍ ആണ് ഉള്‍പ്പെടുത്തേണ്ടത്.

ആ അവസരത്തില്‍ മേല്‍ വ്യക്തിക്ക് തൊഴില്‍ സംബന്ധമായി ഉണ്ടാവുന്ന ചെലവുകള്‍ക്ക് പ്രതിഫലത്തില്‍ കിഴിവ് ലഭിക്കും. ചെലവുകള്‍ക്ക് ശേഷമുള്ള വരുമാനത്തിന് മാത്രമേ നികുതി നല്കേണ്ടതുള്ളൂ. കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്നവര്‍ക്കു നല്കുന്ന പ്രതിഫലത്തിന് നിര്‍ദേശിച്ചിട്ടുള്ള നിരക്കില്‍ സ്രോതസില്‍നിന്നും നികുതി പിടിക്കേണ്ടതുണ്ട്.

ശമ്പളത്തില്‍ എന്തെല്ലാം ഉള്‍പ്പെടും

അടിസ്ഥാന ശമ്പളം അഥവാ ബേസിക് സാലറി, അലവന്‍സുകള്‍ (ഡിയര്‍നെസ് അലവന്‍സ്, ഹൌസ് റെന്റ് അലവന്‍സ്, യാത്രയ്ക്കുള്ള അലവന്‍സുകള്‍, ഭക്ഷണത്തിനുള്ള അലവന്‍സുകള്‍ മുതലായവ), പെര്‍ക്വിസിറ്റുകള്‍ അഥവാ സൌകര്യങ്ങള്‍ ഇവയെല്ലാം ശമ്പളത്തില്‍ ഉള്‍പ്പെടും. പെര്‍ക്വിസിറ്റുകളില്‍ ചിലത് ഫ്രീയായും ചിലത് കുറഞ്ഞ നിരക്കുകള്‍ ചുമത്തിക്കൊണ്ടും നല്കുന്നവയാണ്.

വരുമാനത്തില്‍ നിന്നു ലഭിക്കുന്ന കിഴിവുകള്‍

1) 80 സി: (ഇന്‍ഷ്വറന്‍സ് മുതലായവ)

80 സി വകുപ്പ് അനുസരിച്ച് താഴെപ്പറയുന്ന നിക്ഷേപങ്ങള്‍ ആദായനികുതി നിയമപ്രകാരം കിഴിവുകള്‍ക്കര്‍ഹമാണ്. ഇന്‍ഷ്വറന്‍സ് പ്രീമിയം, പ്രൊവിഡന്റ് ഫണ്ട്, നാഷണല്‍ സേവിംഗ്സ് സര്‍ട്ടിഫിക്കറ്റുകള്‍, യുഎല്‍ഐപി, മ്യൂച്വല്‍ ഫണ്ടുകള്‍ എന്നിവ കിഴിവിനര്‍ഹതപ്പെടുന്നവയാണ്.
പരമാവധി കിഴിവ് ഒന്നര ലക്ഷം രൂപയാണ്.

2) 80 ഡി:

(മെഡിക്കല്‍ ഇന്‍ഷ്വറന്‍സ്)

15,000 രൂപയാണ് വ്യക്തികള്‍ക്കും ഭാര്യ/ഭര്‍ത്താവ്, മക്കള്‍ ഉള്‍പ്പെടുന്ന കുടുംബത്തിലേക്ക് ലഭിക്കുന്ന പരമാവധി കിഴിവ്. മാതാപിതാക്കളുടെ പേരില്‍ മെഡിക്കല്‍ ഇന്‍ഷ്വറന്‍സ് ഉണ്െടങ്കില്‍ അധികമായി 15,000 രൂപയും കൂടി കിഴിവായി അനുവദിക്കുന്നതാണ്. മുതിര്‍ന്ന പൌരന്മാര്‍ ആണെങ്കില്‍ കിഴിവ് 20,000 രൂപ വരെ ആണ്.

3) 80 ഡി ഡി: (ആശ്രിതര്‍ക്കു വേണ്ടി ഉണ്ടാവുന്ന ചെലവുകള്‍)

ആശ്രിതര്‍ പൂര്‍ണ്ണമായും ഡിസേബിള്‍ഡ് ആണെങ്കില്‍ ഒരു ലക്ഷം രൂപ വരെയും അല്ലെങ്കില്‍ 50,000 രൂപ വരെയും ആണ് അനുവദിക്കപ്പെടുന്ന ചെലവുകള്‍. ആശ്രിതര്‍ക്ക് വേണ്ടി ഉണ്ടാവുന്ന മെഡിക്കല്‍ ചെലവുകളോ അല്ലെങ്കില്‍ അവര്‍ക്കുവേണ്ടി പ്രത്യേക ഇന്‍ഷ്വറന്‍സ് പോളിസികളിലോ പണം നിക്ഷേപിച്ചാല്‍ മാത്രമേ ഇത് അനുവദിച്ചു കിട്ടുകയുള്ളൂ.

4) 80 ഡി ഡി ബി: (സ്വന്തമായോ ആശ്രിതര്‍ക്കോ ഉള്ള ചികിത്സാച്ചെലവ്)


സ്വന്തമായോ അവശത അനുവദിക്കുന്ന ആശ്രിതര്‍ക്കോ വേണ്ടി ചെലവാകുന്ന തുകക്ക് ലഭിക്കുന്ന ആനുകൂല്യമാണിത്. പരമാവധി തുക 40,000 രൂപയാണ്.

മുതിര്‍ന്ന പൌരന്മാര്‍ക്ക് ആണെങ്കില്‍ തുക 60,000 രൂപ വരെ ഉണ്ട്. യഥാര്‍ഥത്തില്‍ ചെലവായ തുകകള്‍ക്ക് മാത്രമാണ് കിഴിവ് ലഭിക്കുന്നത്.

ചികിത്സയ്ക്ക് ഇന്‍ഷ്വറന്‍സ് പരിരക്ഷ ഉണ്െടങ്കില്‍ അതിന് ശേഷമുള്ള തുകയ്ക്ക് മാത്രമേ ആനുകൂല്യം ഉണ്ടാവുകയുള്ളൂ. അംഗീകൃത ഡോക്ടറുടെ പക്കല്‍ നിന്നും സര്‍ട്ടിഫിക്കേറ്റ് ആവശ്യമായി വരും.

5) 80 ഇ: (വിദ്യാഭ്യാസ വായ്പകളുടെ പലിശ)
ഉന്നത വിദ്യാഭ്യാസത്തിനായി എടുക്കുന്ന ബാങ്കു വായ്പകളുടെ പലിശക്ക് പരിധിയില്ലാതെ എട്ടു വര്‍ഷം വരെ കിഴിവ് ലഭിക്കും.

6) 80 ഇ ഇ: (ഭവന വായ്പയ്ക്കുള്ള പലിശ)

1-4-13 മുതല്‍ 31-3-14 വരെയുള്ള പീരിയഡില്‍ എടുക്കപ്പെട്ട 25 ലക്ഷം രൂപയില്‍ കൂടാത്ത ഭവന വായ്പയ്ക്ക് ചില നിബന്ധനകള്‍ക്ക് വിധേയമായി ഒരു ലക്ഷം രൂപ വരെ ഉള്ള ആനുകൂല്യം ലഭിക്കുന്നതാണ്.

വാങ്ങുന്ന വീടിന് 40 ലക്ഷം രൂപയില്‍ കൂടുവാന്‍ പാടില്ല. മേല്‍ വ്യക്തിക്ക് സ്വന്തമായി ലോണെടുക്കുന്ന സമയത്ത് സ്വന്തം വീടുണ്ടായിരിക്കരുത്.

7) 80 ജി: (ചില ഫണ്ടുകളിലേക്കുള്ള സംഭാവനകള്‍)

പ്രധാനമന്ത്രിയും മുഖ്യമന്ത്രിമാരും മറ്റും പ്രഖ്യാപിക്കുന്നതും ദുരിതാശ്വാസങ്ങള്‍ക്കു വേണ്ടിയുള്ള ഫണ്ടുകളും രാജ്യത്തിന് വേണ്ടിയുള്ളതുമായ വിവിധങ്ങളായ സഹായനിധികളിലേക്ക് സംഭാവന ചെയ്യുന്ന തുകകള്‍ നിബന്ധനകള്‍ക്ക് വിധേയമായി 100 ശതമാനം ആനുകൂല്യവും ചില ഫണ്ടുകള്‍ക്ക് 50 ശതമാനം ആനുകൂല്യവും അനുവദിക്കുന്നുണ്ട്. സംഭാവനകള്‍ക്കുള്ള കിഴിവുകള്‍ ആകെ വരുമാനത്തിന്റെ 10 ശതമാനത്തില്‍ അധികം അനുവദിക്കുന്നതല്ല.

8) 80 ജി ജി: (വീട്ടു വാടകയ്ക്കുള്ള ആനുകൂല്യങ്ങള്‍)

ആകെ വരുമാനത്തിന്റെ 10 ശതമാന ത്തില്‍ കൂടുതല്‍ ആണ് വാര്‍ഷിക വാടക വരുന്നതെങ്കില്‍, നിബന്ധനകള്‍ക്ക് വിധേയമായി പ്രതിമാസം 2,000 രൂപയാണ് ഈ ഇനത്തില്‍ കിഴിവായി അനുവദിക്കുന്നത്. വാര്‍ഷിക വാടക പരമാവധി വരുമാനത്തിന്റെ 25 ശതമാനത്തില്‍ താഴെ ആയിരിക്കണം.

9) 80 ജി ജി സി: (രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് നല്കുന്ന സംഭാവനകള്‍)

അംഗീകാരം ലഭിച്ചിട്ടുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ചെക്കായി നല്കുന്ന സംഭാവനകള്‍ക്ക് വരുമാനത്തില്‍ നിന്നും കിഴിവ് ലഭിക്കുന്നതാണ്.
മേല്‍ വിവരിച്ച കിഴിവുകള്‍ എല്ലാം വ്യക്തികളുടെ വരുമാനത്തില്‍ നിന്നും ചിലവാക്കപ്പെടുന്ന തുകകളാണ്. എന്നാല്‍ വ്യക്തികള്‍ക്ക് വരുമാനത്തിന് ലഭിക്കുന്ന ആനുകൂല്യമാണ് താഴെ സൂചിപ്പിക്കുന്നത്.

80 ടി ടി ഐ: (സേവിംഗ്സ് ബാങ്കില്‍നിന്നുള്ള പലിശ)

ബാങ്കുകളിലെ സേവിംഗ്സ് അക്കൌണ്ടുകളില്‍നിന്നും പോസ്റ് ഓഫീസ് ഡിപ്പോസിറ്റുകളില്‍നിന്നും ലഭിക്കുന്ന പലിശയ്ക്ക് 10,000 രൂപ വരെ ഇളവ് ലഭിക്കുന്നുണ്ട്. ടേം (ഠലൃാ) ഡിപ്പോസിറ്റുകളില്‍നിന്നുള്ള പലിശയ്ക്ക് കിഴിവില്ല.

87 എ പ്രകാരമുള്ള റിബേറ്റ്

നികുതിക്ക് മുമ്പുള്ള വരുമാനം അഞ്ചു ലക്ഷത്തില്‍ താഴെയുള്ളവര്‍ക്ക് നികുതിയില്‍ നിന്നും 2,000 രൂപയുടെ റിബേറ്റ് ലഭ്യമാണ്. ഫലത്തില്‍ ഇവര്‍ക്ക് നികുതിയില്ലാത്ത അടിസ്ഥാനകിഴിവ് 2,70,000/- എന്ന് കണക്കാക്കാം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.