സാമ്പത്തിക വളര്‍ച്ച 5.5 ശതമാനമെന്ന് ധനമന്ത്രാലയം
Saturday, December 20, 2014 12:01 AM IST
ന്യൂഡല്‍ഹി: നടപ്പുസാമ്പത്തിക വര്‍ഷം രാജ്യത്തിന്റെ വളര്‍ച്ച 5.5 ശതമാനമായിരിക്കുമെന്ന് കേന്ദ്ര ധനമന്ത്രാലയം. കഴിഞ്ഞ രണ്ടു സാമ്പത്തിക വര്‍ഷമായി അഞ്ചു ശതമാനത്തില്‍ താഴെ തുടര്‍ന്നിരുന്ന വളര്‍ച്ചാനിരക്ക് അഞ്ചു ശതമാനം മുതല്‍ ആറു ശതമാനം വരെ ഉയര്‍ന്നേക്കാമെന്ന റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ കണക്കുകൂട്ടലുകളെ ശരിവയ്ക്കും വിധത്തിലുള്ള റിപ്പോര്‍ട്ടാണ് മന്ത്രാലയം മധ്യ-വാര്‍ഷിക സാമ്പത്തിക വിശകലനമായി പാര്‍ലമെന്റില്‍ അവതരിപ്പിച്ചത്.

കഴിഞ്ഞ മൂന്നു വര്‍ഷക്കാലത്തെ ഏറ്റവും കുറഞ്ഞ നിരക്ക് രേഖപ്പെടുത്തി രാജ്യത്തെ വ്യാവസായിക ഉത്പാദനം ഒക്ടോബറില്‍ 4.2 ശതമാനമായി കുറഞ്ഞിരുന്നു.

നടപ്പു സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യപകുതിയില്‍ രാജ്യം 5.5 ശതമാനത്തിന്റെ സാമ്പത്തിക വളര്‍ച്ച കൈവരിച്ചു കഴിഞ്ഞതായും രണ്ടാം പകുതിയില്‍ ഇതു നിലനിര്‍ത്തുകയല്ലാതെ ഇതേ നിരക്കില്‍ നിന്നു മുന്നേറുവാനുള്ള സാധ്യതയില്ലെന്നുമാണ് മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് അരവിന്ദ് സുബ്രഹ്മണ്യന്‍ തയാറാക്കിയ സാമ്പത്തിക വിശകലനം വ്യക്തമാക്കുന്നത്.


നിക്ഷേപങ്ങള്‍ ഇനിയും ഉയരേണ്ടതിന്റെ ആവശ്യകത വ്യക്തമാക്കുന്ന വിശകലന റിപ്പോര്‍ട്ട് നാണ്യപ്പെരുപ്പത്തിലുണ്ടായ ഇടിവിനെയും ചുണ്ടിക്കാട്ടുന്നു. ചെറുകിട വില നാണ്യപ്പെരുപ്പം നേരിയ ഉയര്‍ച്ചയോടെ തന്നെ 5.1-5.8 ശതമാനമെന്ന നിരക്കില്‍ വരുന്ന പാദങ്ങളിലും തുടരുമെന്നാണ് വിലയിരുത്തല്‍. ഉപഭോക്തൃ വിലസൂചികയെ അടിസ്ഥാനമാക്കിയുള്ള നാണ്യപ്പെരുപ്പം 2015 ജനുവരിയോടെ എട്ടു ശതമാനത്തിലേക്കും 2016 ല്‍ ആറു ശതമാനത്തിലേക്കും കുറച്ച് നാലു ശതമാനത്തിലും ആനുപാതികമായും തളയ്ക്കുന്നതിനെയാണ് ആര്‍ബിഐ ലക്ഷ്യമിടുന്നത്. മൊത്തം ആഭ്യന്തര ഉത്പാദനനത്തിന്റെ(ജിഡിപി) രണ്ടു ശതമാനമായിരിക്കും കറന്റ് അക്കൌണ്ട് കമ്മിയെന്നാണ് റിപ്പോര്‍ട്ട് കണക്കാക്കുന്നത്.

ആഗോള വിപണിയില്‍ ഇന്ധനവില കുറയുന്നത് ഉയര്‍ന്ന സ്വര്‍ണ ഇറക്കുമതിയെ തുലനപ്പെടുത്തുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. നവംബറില്‍ മാത്രം സ്വര്‍ണത്തിന്റെ ഇറക്കുമതി 500 ശതമാനം ഉയര്‍ന്നിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.