വായ്പാനയം: ധനമന്ത്രി ആര്‍ബിഐ ഗവര്‍ണറുമായി ചര്‍ച്ച നടത്തും
Friday, November 28, 2014 10:37 PM IST
ന്യൂഡല്‍ഹി: റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പുതിയ വായ്പാനയം പ്രഖ്യാപിക്കുന്നതിനു മുന്നോടിയായി കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി ആര്‍ബിഐ ഗവര്‍ണര്‍ രഘുറാം രാജനുമായി ചര്‍ച്ച നടത്തും. പലിശ നിരക്കിലെ ഇളവു സംബന്ധിച്ച കാര്യത്തില്‍ സര്‍ക്കാരിന്റെ അഭിപ്രായം അറിയിക്കുന്നതിന്റെ ഭാഗമായാണ് ഗവര്‍ണറുമായി ജെയ്റ്റ്ലിയുടെ കൂടിക്കാഴ്ചയെന്നാണു വിലയിരുത്തപ്പെടുന്നത്.

ഡിസംബര്‍ രണ്ടിന് ആര്‍ബിഐ നയപ്രഖ്യാപനം നടത്താനിരിക്കെ ഒന്നാം തീയതിയാണ് ജെയ്റ്റ്ലി രഘുറാം രാജനെ കാണുന്നത്. സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പാദത്തില്‍ മൊത്തം ആഭ്യന്തര ഉത്പാദനം (ജിഡിപി) നേരിയ കുറവു രേഖപ്പെടുത്തിയേക്കുമെന്ന കണക്കുകൂട്ടലുകള്‍ക്കിടയില്‍ സര്‍ക്കാര്‍ വളരെ സൂക്ഷ്മമായി തന്നെയാണ് സമ്പദ്വ്യവസ്ഥയെ നിരീക്ഷിക്കുന്നത്. നാണ്യപ്പെരുപ്പം വര്‍ഷങ്ങള്‍ക്കിടയിലെ ഏറ്റവും കുറഞ്ഞ നിരക്ക് രേഖപ്പെടുത്തിയ സാഹചര്യത്തില്‍ സമ്പദ്വ്യവസ്ഥയെ ഉത്തേജിപ്പിക്കുക എന്ന ലക്ഷ്യം കൂടി ഈ കൂടിക്കാഴ്ചയ്ക്കു പിന്നിലുള്ളതായാണു കണക്കാക്കുന്നത്.

സാമ്പത്തിക വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി മൂലധനത്തിന്റെ ചെലവു കുറയ്ക്കുന്നതിനാവശ്യമായ നടപടികള്‍ കൈക്കൊള്ളാന്‍ ജെയ്റ്റ്ലി ആര്‍ബിഐ മേധാവിക്കു സൂചന നല്‍കുമെന്ന പ്രതീക്ഷയിലാണ് വിപണി. സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഇന്‍ഡസ്ട്രിയുടെ ഭാഗത്തുനിന്നും നിരന്തരമായ ആവശ്യമുണ്ടായിട്ടും നാണ്യപ്പെരുപ്പത്തിന്റെ കാര്യത്തില്‍ വ്യക്തമായ നിലപാടുകളുമായി നിലകൊള്ളുന്ന ആര്‍ബിഐ കഴിഞ്ഞ പത്തുമാസമായി നിരക്കുകളില്‍ മാറ്റം വരുത്തിയിട്ടില്ല.


മൂലധന ചെലവ് കുറയ്ക്കുന്ന രീതിയിലുള്ള തീരുമാനം ആര്‍ബിയുടെ അടുത്ത നയപ്രഖ്യാപനത്തിലുണ്ടാകുമെന്നു പ്രതീക്ഷിക്കുന്നതായി ജെയ്റ്റ്ലി ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. വായ്പാനയത്തില്‍ നിരക്കിളവ് ഉണ്ടാകുകയാണെങ്കില്‍ ഇത് ഭവന-വാഹന വായ്പയില്‍ അനുകൂലമായ പ്രതിഫലനമുണ്ടാക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു.

എന്നാല്‍ നിരക്കുകളെയും നാണ്യപ്പെരുപ്പത്തെയും തുലനം ചെയ്യേണ്ടത് ആര്‍ബിഐയുടെ ജോലിയാണെന്നും അതു നല്ല രീതിയില്‍ തന്നെ അവര്‍ നിര്‍വഹിക്കുന്നുണ്െടന്നും സാവധാനത്തിലാണെങ്കിലും ശരിയായ ദിശയിലാണു കാര്യങ്ങള്‍ നീങ്ങുന്നതെന്ന് ഉറപ്പാണെന്നുമാണ് അന്ന് അദ്ദേഹം വ്യക്തമാക്കിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.