സ്വര്‍ണം: ഉത്സവകാല വില്പനയില്‍ 20 ശതമാനം വര്‍ധന
Saturday, October 25, 2014 11:05 PM IST
മുംബൈ: ദീപാവലി അടക്കമുള്ള ഉത്സവ സീസണില്‍ രാജ്യത്തെ സ്വര്‍ണ വില്പനയില്‍ ഏകദേശം 20 ശതമാനത്തിന്റെ വര്‍ധനയുണ്ടായതായി റിപ്പോര്‍ട്ട്. സ്വര്‍ണം വാങ്ങുന്നതിന് ശുഭകരമായി കരുതപ്പെടുന്ന ദീപാവലിയിയും മറ്റ് ആഘോഷങ്ങളിലുമായി മികച്ച വില്പനയാണ് രാജ്യത്തുടനീളം നടന്നതെന്ന് ഓള്‍ ഇന്ത്യ ജെംസ് ആന്‍ഡ് ജ്വല്ലറി ട്രേഡ് ഫെഡറേഷന്‍ ഡയറക്ടര്‍ ബച്ച്രാജ് ബമല്‍വ അഭിപ്രായപ്പെട്ടു.

മുന്‍വര്‍ഷത്തെ ഈ കാലയളവിനെ അപേക്ഷിച്ച് ഈ വര്‍ഷം 20 ശതമാനം അധിക വര്‍ധനയുണ്ടായതായും അദ്ദേഹം പറഞ്ഞു. രാജ്യത്തുടനീളമുള്ള മൂന്നു ലക്ഷത്തോളം ജ്വല്ലറികളെ പ്രതിനിധീകരിക്കുന്ന സംഘടനയാണ് ജെംസ് ആന്‍ഡ് ജ്വല്ലറി ട്രേഡ് ഫെഡറേഷന്‍. ലോകത്തെ രണ്ടാമത്തെ വലിയ സ്വര്‍ണം ഇറക്കുമതി രാജ്യമായ ഇന്ത്യയില്‍ നിന്നുണ്ടാകുന്ന ആവശ്യം ആഗോളവിപണിയില്‍ സ്വര്‍ണവിലയെ ഇടിവില്‍ നിന്നു പിന്താങ്ങുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

അധികരിച്ച വ്യാപാര കമ്മിയെ പിടിച്ചു നിര്‍ത്തുന്നതിന്റെ ഭാഗമായി സര്‍ക്കാര്‍ കഴിഞ്ഞ വര്‍ഷം സ്വര്‍ണത്തിന് 10 ശതമാനത്തിന്റെ ഇറക്കുമതി നികുതി ചുമത്തിയിരുന്നു. സ്വര്‍ണം ഇറക്കുമതിയില്‍ ചുമത്തിയ സര്‍വകാല റിക്കാര്‍ഡാണിത്.


അതോടൊപ്പം തന്നെ ഇറക്കുമതിക്കാര്‍ തങ്ങളുടെ മൊത്തം ഇറക്കുമതിയുടെ അഞ്ചു ശതമാനം വീണ്ടും കയറ്റുമതി ചെയ്യണമെന്നും വ്യവസ്ഥ ചെയ്തു. ആഭ്യന്തര വിപണിയില്‍ സ്വര്‍ണവില കുതിച്ചുയര്‍ന്നിനെ തുടര്‍ന്ന് നേരിയ ഇളവുകള്‍ അനുവദിച്ചതിന്റെ പശ്ചാത്തലത്തിലാണ് വില വീണ്ടും താഴേക്കിറങ്ങിയത്. ഉത്സവ സീസണ്‍ കണക്കിലെടുത്ത് സെപ്റ്റംബറില്‍ മാത്രം രാജ്യം 375 കോടി ഡോളറിന്റെ സ്വര്‍ണം ഇറക്കുമതിയാണ് നടത്തിയത്. മുന്‍വര്‍ഷത്തെ ഇതേ കാലയളവിവുമായി താരതമ്യം ചെയ്യുമ്പോള്‍ ഇത് 450 ശതമാനത്തിന്റെ വര്‍ധനയാണ് രേഖപ്പെടുത്തിയത്.

ഇളവുകളെ തുടര്‍ന്ന് ഇറക്കുമതി വീണ്ടും ഉയരുകയും വ്യാപാരകമ്മി ഉന്നതിയിലെത്തുകയും ചെയ്ത സാഹചര്യത്തില്‍ സര്‍ക്കാര്‍ കടുത്ത നിയന്ത്രണം വീണ്ടും ഏര്‍പ്പെടുത്തിയേക്കുമെന്ന ആശങ്കയിലാണ് വിപണിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.