സ്വകാര്യനിക്ഷേപം സമാഹരിക്കുന്നതിനു തടസങ്ങള്‍ നീങ്ങണം: അരവിന്ദ് സുബ്രഹ്മണ്യന്‍
സ്വകാര്യനിക്ഷേപം സമാഹരിക്കുന്നതിനു തടസങ്ങള്‍ നീങ്ങണം: അരവിന്ദ് സുബ്രഹ്മണ്യന്‍
Saturday, October 25, 2014 11:04 PM IST
ന്യൂഡല്‍ഹി: നിയന്ത്രണങ്ങളുടെയും നിയമങ്ങളുടെയും ആധിക്യത്താല്‍ രാജ്യത്ത് സ്വകാര്യ നിക്ഷേപം തടസപ്പെട്ടിരിക്കുകയാണെന്നും സ്വകാര്യ നിക്ഷേപങ്ങളെ ആകര്‍ഷിക്കുന്നതിനായി ഇത്തരം തടസങ്ങള്‍ നീങ്ങണമെന്നും മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് അരവിന്ദ് സുബ്രഹ്മണ്യന്‍ അഭിപ്രായപ്പെട്ടു.

കല്‍ക്കരി, വൈദ്യുതി തുടങ്ങിയ ഊര്‍ജ സ്രോതസുകളുടെ അപര്യാപ്തതയും അടക്കമുള്ള ഇത്തരം മാര്‍ഗതടസങ്ങള്‍ നിക്ഷേപത്തെ പിന്നോട്ടടിക്കുകയാണെന്നും ഇത് ഇല്ലാതാക്കുന്നതിലൂടെ മാത്രമേ സത്വരമായ വികസനത്തിലേക്കു കുതിക്കാന്‍ രാജ്യത്തിനാകൂവെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയ്ക്ക് അവശ്യം വേണ്ട വലിയകാര്യങ്ങളില്‍ ഒന്നാണ് മികച്ച ഭരണനിര്‍വഹണം.

കൂടാതെ ഉടമ്പടികളുടെ സുരക്ഷിതത്വം, ഉടമസ്ഥാവകാശങ്ങളുടെ സംരക്ഷണം, അടിസ്ഥാന സൌകര്യങ്ങളുടെ വികസനം ഇത്തരത്തിലുള്ള കാര്യങ്ങള്‍ നിറവേറ്റപ്പെടേണ്ടതുണ്െടന്നും അദ്ദേഹം പറഞ്ഞു. അന്തര്‍ദേശീയ നാണ്യനിധിക്കു നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അരവിന്ദ് സുബ്രഹ്മണ്യന്‍.

സ്വകാര്യമേഖലയ്ക്കുവേണ്ടി ഒരുപാടു കാര്യങ്ങള്‍ ചെയ്തു തീര്‍ക്കാനുണ്ട്. ഒരുപാട് നിയന്ത്രണങ്ങളില്‍ നിന്നും നിയമങ്ങളില്‍ നിന്നും നിക്ഷേപകര്‍ക്ക് വിടുതല്‍ നേടിക്കൊടുക്കുകയെന്നതാണ് ഇതില്‍ പ്രധാനം. ഇതുമൂലം സൃഷ്ടിക്കപ്പെടേണ്ട ഒരുപാട് തൊഴിലവസരങ്ങള്‍ ഇല്ലാതായിക്കിടക്കുന്നുണ്ട്.


സ്വകാര്യ മേഖലയുടെ വളരുവാനുള്ള സാധ്യതയെ ഇതു മുരടിപ്പിച്ച് നിര്‍ത്തുന്നുണ്ട് ഇവയാണ് രാജ്യം നേരിടുന്ന പ്രാധാന വെല്ലുവിളികളെന്നും അദ്ദേഹം പറഞ്ഞു.

ഉദ്യോഗസ്ഥന്മാര്‍ ഇത്തരം കാര്യങ്ങളില്‍ തന്ത്രപ്രധാന തീരുമാനമെടുക്കുന്നതിന് ഭയക്കുന്നു. കോടതികളില്‍ കയറിയിറങ്ങേണ്ടിവരുമെന്നതാണ് ഇതിന് പ്രധാനകാരണം.

ആവശ്യമായ വൈദ്യുതി ലഭ്യമല്ലാത്തതിന്റെ പേരില്‍ ഒരുപാട് പദ്ധതികള്‍ മുടങ്ങിക്കിടപ്പുണ്ട്. ആവശ്യമായ കല്‍ക്കരി ലഭ്യമാകുന്നില്ല, കടബാധ്യതയേറിയ വന്‍കിട കമ്പനികള്‍ രാജ്യത്തുണ്െടന്നും ഒരു ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു.

വരുന്ന പത്തിരുപത് കൊല്ലത്തേക് 7.5-8 ശതമാനമെന്ന സുസ്ഥിര വളര്‍ച്ചയില്‍ തുടരുവാന്‍ രാജ്യത്തിന് കഴിയുമെന്നും വെല്ലുവിളികളെയെല്ലാം തന്നെ രാജ്യം നേരിടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.