സ്വര്‍ണം ഇറക്കുമതി: കൂടുതല്‍ നിയന്ത്രണം വേണമെന്നു ആര്‍ബിഐയോടു ധനമന്ത്രാലയം
സ്വര്‍ണം ഇറക്കുമതി: കൂടുതല്‍ നിയന്ത്രണം വേണമെന്നു ആര്‍ബിഐയോടു ധനമന്ത്രാലയം
Tuesday, October 21, 2014 10:29 PM IST
ന്യൂഡല്‍ഹി: സ്വര്‍ണം ഇറക്കുമതി ഉയരുന്ന സാഹചര്യത്തില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ ആവശ്യപ്പെട്ട് കേന്ദ്ര ധനമന്ത്രാലയം റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയ്ക്കു കത്തു നല്‍കിയതായി റിപ്പോര്‍ട്ട്. ഏതാനും മാസങ്ങളായി രാജ്യത്തേക്കുള്ള സ്വര്‍ണത്തിന്റെ ഇറക്കുമതി കുത്തനെ ഉയരുന്ന സാഹചര്യത്തിലാണ് ഈ നിര്‍ദേശമെന്ന് ധനമന്ത്രാലയ ഉദ്യോഗസ്ഥര്‍ അറിയിച്ചു.

സ്വര്‍ണം ഇറക്കുമതിയില്‍ ഉണ്ടായിരിക്കുന്ന ഈ വര്‍ധന രാജ്യത്തിന്റെ വ്യാപാര കമ്മി വീണ്ടും വര്‍ധിപ്പിക്കുകയാണെന്നാണ് മന്ത്രാലയത്തിന്റെ വിലയിരുത്തല്‍. സ്വര്‍ണം ഇറക്കുതിയുടെ നിയമങ്ങളില്‍ ചില ഇളവുകള്‍ അനുവദിച്ചുകൊണ്ട് ആര്‍ബിഐ മേയില്‍ ഏഴു സ്വകാര്യ ഏജന്‍സികള്‍ക്കുകൂടി ഇറക്കുമതിക്കുള്ള അനുമതി നല്‍കിയിരുന്നു. 10 ശതമാനമെന്ന റിക്കാര്‍ഡ് നികുതിയിലും സ്വര്‍ണത്തിന്റെ രാജ്യാന്തര വാങ്ങലുകളില്‍ വന്‍ വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്.

സ്വര്‍ണത്തിന്റെ ഇറക്കുമതിയില്‍ മുന്‍ മാസങ്ങളെ അപേക്ഷിച്ച് 450 ശതതമാനം വര്‍ധന രേഖപ്പെടുത്തി. ഇതു സെപ്റ്റംബറില്‍ രാജ്യത്തിന്റെ വ്യാപാര കമ്മിയെ കഴിഞ്ഞ ഒന്നരവര്‍ഷക്കാലത്തെ ഏറ്റവും ഉയര്‍ന്ന നിരക്കായ 1,425 കോടി ഡോളറിലേക്കെത്തിച്ചു. ഈ കണക്കുകള്‍ നല്‍കുന്ന ആശങ്കയില്‍ നിന്നാണ് ആര്‍ബിഐയുടെ നടപടി ആവശ്യപ്പെടാന്‍ ഇടയാക്കിയതെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നു.


ഇന്ധനം കഴിഞ്ഞാല്‍ രാജ്യത്തിന്റെ രണ്ടാമത്തെ ഏറ്റവും വലിയ ഇറക്കുമതി സ്വര്‍ണമാണ്. ഉത്സവ സീസണുകളുടെ പശ്ചാത്തലത്തില്‍ സ്വര്‍ണത്തിന്റെ ഇറക്കുമതി ഇനിയും വര്‍ധിക്കുമെന്ന ആശങ്കയിലാണ് മന്ത്രാലയം.

എന്നാല്‍ ഇക്കാര്യത്തില്‍ ആര്‍ബിഐയുടെ പ്രതികരണം ഉടന്‍ ഉണ്ടായേക്കില്ലെന്നാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്. നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ കേന്ദ്രത്തില്‍ അധികാരത്തിലെത്തിയതോടെ ഇന്ത്യയിലെ സ്വര്‍ണ വ്യാപാരികളും ജ്വല്ലറി ഉടമകളും ഇറക്കുമതി നികുതിയില്‍ ഇളവുണ്ടായേക്കുമെന്ന പ്രതീക്ഷയിലായിരുന്നു. സ്വര്‍ണത്തെ സംബന്ധിച്ച ഏതു തീരുമാനം കൈക്കൊള്ളുന്നതും വ്യാപാരികളുടെയും പൊതുജനത്തിന്റെയും താത്പര്യം സംരക്ഷിച്ചുകൊണ്ടായിരിക്കുമെന്ന് മോദി തെരഞ്ഞെടുപ്പു പ്രചാരണവേളയില്‍ പ്രസ്താവിച്ചിരുന്നു. എന്നാല്‍ നിലവില്‍ സ്വര്‍ണത്തിന്റെ ഇറക്കുമതി നികുതി കുറയ്ക്കുന്ന കാര്യം പരിഗണനയിലില്ലെന്നാണ് കേന്ദ്ര വാണിജ്യമന്ത്രി നിര്‍മല സീതാരാമന്‍ കഴിഞ്ഞ മാസം പറഞ്ഞത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.