ടോറസ് ഡൌണ്‍ടൌണ്‍ ടെക്നോപാര്‍ക്കിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ തുടങ്ങും
Sunday, September 21, 2014 11:13 PM IST
കൊച്ചി: ജര്‍മന്‍-അമേരിക്കന്‍ കമ്പനി ടോറസ് ഇന്‍വെസ്റ്മെന്റ് ഹോള്‍ഡിംഗ്സിന്റെ 1,200 കോടിയുടെ പദ്ധതിയായ ടോറസ് ഡൌണ്‍ടൌണ്‍ ടെക്നോപാര്‍ക്കിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ തുടങ്ങുമെന്നു മാനേജിംഗ് ഡയറക്ടറും മലയാളിയുമായ അജയ് പ്രസാദ് അറിയിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ അന്തിമാനുമതി ഇതിനു ലഭിച്ചതായും അദ്ദേഹം പത്രസമ്മേളനത്തില്‍ അറിയിച്ചു.

ടെക്നോപാര്‍ക്ക് മൂന്നാംഘട്ട വികസനത്തിന്റെ പ്രധാന ആകര്‍ഷണമാണ് ടോറസ് ഇന്‍വെസ്റ്മെന്റ് ഹോള്‍ഡിംഗ്സിന്റെ ഇന്ത്യയിലെ ആദ്യ സംരംഭമായ ടോറസ് ഡൌണ്‍ടൌണ്‍ ടെക്നോപാര്‍ക്ക്.

ഒരു മാസത്തിനകം ടോറസിന്റെ ഇന്ത്യയിലെ ആദ്യ ഓഫീസ് തിരുവനന്തപുരത്ത് പ്രവര്‍ത്തനം ആരംഭിക്കും. സംസ്ഥാന സര്‍ക്കാരുമായുള്ള ടോറസിന്റെ ധാരണാപത്രം മൂന്നു മാസത്തിനകം ഒപ്പുവയ്ക്കാനാകുമെന്നാണു പ്രതീക്ഷ. പദ്ധതിയുടെ ഔദ്യോഗിക ലോഞ്ചിംഗ് അടുത്ത വര്‍ഷം നടത്താനാണു ലക്ഷ്യം വയ്ക്കുന്നത്.

മാസ്റര്‍ പ്ളാന്‍ ഡിസംബറോടെ തയാറാക്കും. മാര്‍ക്കറ്റ് സ്റഡി ആരംഭിച്ചുകഴിഞ്ഞു. നിര്‍മാണം അടുത്തവര്‍ഷം പകുതിയോടെ തുടങ്ങും. രണ്ട് ഓഫീസ് ടവറുകള്‍ 24-36 മാസങ്ങള്‍ക്കകം പൂര്‍ത്തിയാക്കും. 700 മുതല്‍ 800 കോടി രൂപ വരെയാണ് ആദ്യഘട്ടത്തില്‍ ചെലവിടുക.

ഐടി-ഐടി ഇതര സംവിധാനങ്ങള്‍ക്കായി 32 ലക്ഷം ചതുരശ്ര അടി നിര്‍മാണ പ്രവര്‍ത്തനങ്ങളാണ് പദ്ധതിയിലുള്ളത്. പ്രധാനമായുള്ള വിവര സാങ്കേതികവിദ്യ കൂടാതെയുള്ള അനുബന്ധ പദ്ധതികള്‍ക്കു വേണ്ടികൂടിയാണ് പ്രത്യേക സാമ്പത്തിക മേഖലയിലും അല്ലാതെയുമായി വികസന-നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുക. ചില്ലറ വ്യാപാര മേഖല, ബിസിനസ് ഹോട്ടലുകള്‍, ഇന്നവേഷന്‍ സോണ്‍, ഓഫീസ് സംവിധാനങ്ങള്‍, സ്റാര്‍ട്ടപ് പദ്ധതികള്‍ക്കായുള്ള സംവിധാനങ്ങള്‍, ചെറുകിട വാണിജ്യാവശ്യങ്ങള്‍ക്കായുള്ള ഇടങ്ങള്‍ എന്നിവയെല്ലാം അനുബന്ധ വികസനത്തിന്റെ ഭാഗമാണ്.


ഐടി ആവശ്യങ്ങള്‍ക്കായി 20 ലക്ഷം ചതുരശ്ര അടിയും അനുബന്ധ ആവശ്യങ്ങള്‍ക്കായി 12 ലക്ഷം ചതുരശ്ര അടിയുമാണു വിഭാവനം ചെയ്യുന്നത്. 25,000 പേര്‍ക്ക് നേരിട്ടും അതിന്റെ മൂന്നിരട്ടി ആളുകള്‍ക്ക് അല്ലാതെയും തൊഴില്‍ ലഭിക്കും.

തിരുവനന്തപുരം കഴിഞ്ഞാല്‍ ബാംഗളൂര്‍ക്കും രാജ്യത്തെ പ്രമുഖ ടിയര്‍ ടു നഗരങ്ങളിലേക്കും പ്രവര്‍ത്തനം വ്യാപിപ്പിക്കും. കേരളത്തില്‍ ഐടി വികസനത്തിന് ഇനിയും സാധ്യതകള്‍ ഉണ്െടന്നാണ് മനസിലാകുന്നത്. അടുത്ത അഞ്ചു വര്‍ഷത്തിനുള്ളില്‍ 500 മില്യണ്‍ ഡോളറും 15 വര്‍ഷത്തിനുള്ളില്‍ ഒരു ബില്യണ്‍ ഡോളറും വിവിധ പദ്ധതികള്‍ക്കായി ചെലവിടും.

ടോറസ് ഇന്ത്യ 1976ല്‍ സ്ഥാപിതമായ ടോറസ് ഇന്‍വെസ്റ്മെന്റ് ഹോള്‍ഡിംഗ്സിന്റെ പൂര്‍ണ നിയന്ത്രണത്തിലുള്ള ഉപസ്ഥാപനമാണ്. നോര്‍ത്ത്-സൌത്ത് അമേരിക്കകളിലും യൂറോപ്പിലും ഏഷ്യയിലുമായി എട്ടു രാജ്യങ്ങളിലായി 12,000 കോടിയുടെ നിക്ഷേപപദ്ധതികളാണു നിലവില്‍ ടോറസ് ഹോള്‍ഡിംഗ്സിനുള്ളത്.

ഐടി, ഹോട്ടല്‍, അനുബന്ധ വികസന മേഖലകളില്‍ ലോകത്തെമ്പാടുമുള്ള വന്‍ കമ്പനികള്‍ ടോറസിന്റെ തിരുവനന്തപുരത്തെ ഡൌണ്‍ടൌണ്‍ ടെക്നോപാര്‍ക്കില്‍ സംരംഭങ്ങള്‍ തുടങ്ങാനുള്ള താല്‍പര്യം അറിയിച്ചുകഴിഞ്ഞുവെന്നും അജയ് പ്രസാദ് പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.