വോഡഫോണ്‍ എം-പെസ സംവിധാനം കേരളത്തില്‍
Wednesday, April 23, 2014 10:15 PM IST
കൊച്ചി: മൊബൈല്‍ ഫോണ്‍ വഴി പണമിടപാടുകള്‍ സാധ്യമാക്കുന്ന എം-പെസ സംവിധാനത്തിനു വോഡഫോണും ഐസിഐസിഐ ബാങ്കും ചേര്‍ന്ന് കേരളത്തില്‍ തുടക്കം കുറിച്ചു. വോഡഫോണ്‍ ഇന്ത്യ ഓപ്പറേഷന്‍സ് ഡയറക്ടര്‍ (സൌത്ത്) സുരേഷ് കുമാറും കേരള ബിസിനസ് ഹെഡ് എസ്. മുരളിയും എം-പെസ ബിസിനസ് ഹെഡ് സുരേഷ് സേത്തിയും ചേര്‍ന്നാണ് ഉദ്ഘാടനം നിര്‍വഹിച്ചത്. ആന്ധ്രയും ജമ്മു-കാഷ്മീരും ഒഴികെയുള്ള എല്ലാ സംസ്ഥാനങ്ങളിലും ഈ സംവിധാനം നിലവില്‍ വന്നിരിക്കയാണ്.

ഉപഭോക്താക്കള്‍ക്ക് എളുപ്പത്തിലും വേഗത്തിലും സുരക്ഷിതമായും പണം കൈമാറാനുള്ള സാഹചര്യമാണ് എം-പെസ വഴി വോഡഫോണ്‍ സാധ്യമാക്കുന്നതെന്നു സുരേഷ് കുമാര്‍ പറഞ്ഞു. ബാങ്ക് വഴിയല്ലാതെയുള്ള സാമ്പത്തിക ഇടപാടുകളാണ് മൊബൈല്‍ഫോണ്‍ വഴി വോഡഫോണ്‍ സാധ്യമാക്കുന്നത്.


എം-പെസ ഔട്ട്ലറ്റുകള്‍ വഴി ഉപഭോക്താക്കള്‍ക്കു പണം നിക്ഷേപിക്കുകയും പിന്‍വലിക്കുകയും ചെയ്യാം. രാജ്യത്ത് ഏതു മൊബൈലിലേക്കും ഏതു ബാങ്കിലേക്കും പണം കൈമാറ്റം ചെയ്യാനും സാധിക്കും. മൊബൈല്‍ റിചാര്‍ജ്, ബില്‍ അടക്കല്‍, ഡിടിഎച്ച് സബ്സ്ക്രിപ്ഷന്‍ തുടങ്ങിയവ എം-പെസ വഴി സാധ്യമാണ്.

സംസ്ഥാനത്തെ 14 ജില്ലകളിലെ 63 താലൂക്കുകളിലായി പരിശീലനം സിദ്ധിച്ച 1,800 അംഗീകൃത ഏജന്റുമാര്‍ വഴി എം-പെസ സേവനം ലഭ്യമാവും. 29 വോഡഫോണ്‍ എക്സ്ക്ളൂസിവ് സ്റോര്‍ ഉള്‍പ്പെടെയാണിത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.