ക്രിസ്മസ് വരെ റെൻസി പ്രധാനമന്ത്രിയായി തുടരും
ക്രിസ്മസ് വരെ റെൻസി പ്രധാനമന്ത്രിയായി തുടരും
Tuesday, December 6, 2016 2:15 PM IST
റോം: രാജിവച്ച മറ്റെയോ റെൻസി കുറേദിവസം കൂടി ഇറ്റാലിയൻ പ്രധാനമന്ത്രിയായി തുടരും. 2017 ലേക്കുള്ള ബജറ്റ് പാസാക്കുന്നതുവരെ അധികാരത്തിൽ തുടരാൻ പ്രസിഡന്റ് സെർജിയോ മറ്റാറെല്ല റെൻസിയോട് ആവശ്യപ്പെടുകയായിരുന്നു. ക്രിസ്മസ് വരെ റെൻസി തുടരുമെന്നാണു സൂചന.

ഭരണഘടനാ പരിഷ്കാരത്തിനുള്ള റെൻസിയുടെ നിർദേശങ്ങൾ ജനഹിത പരിശോധനയിൽ തള്ളപ്പെട്ടതാണു രാജിക്കു കാരണം. ഹിത പരിശോധനാഫലം യൂറോപ്പിലാകെ അനിശ്ചിതത്വവും ആശങ്കയും സൃഷ്ടിച്ചിട്ടുണ്ട്. ഹിതപരിശോധനയിൽ പരിഷ്കാരങ്ങൾക്കെതിരേ നിലകൊണ്ടതും പ്രചാരണം നടത്തിയതും ഫൈവ് സ്റ്റാർ മൂവ്മെന്റ്, നോർത്തേൺ ലീഗ് എന്നീ കക്ഷികളാണ്. ബെപ്പെ ഗ്രില്ലോ എന്ന ഹാസ്യനടൻ നയിക്കുന്ന ഫൈവ് സ്റ്റാർ സാമ്പ്രദായിക രാഷ്ട്രീയ ശൈലികൾ നിരാകരിക്കുന്നു. ഡോണൾഡ് ട്രംപിന്റേതിനു സമാനമാണു ഗ്രില്ലോയുടെ ആശയങ്ങൾ. ഈ പാർട്ടിയിൽ പെട്ടയാളാണ് ഇപ്പോൾ റോം മേയർ.


വിഭജനവാദികളായിരുന്ന നോർത്തേൺ ലീഗ് ഇപ്പോൾ കുടിയേറ്റ വിരുദ്ധതയിൽ ഊന്നിയാണു നീങ്ങുന്നത്. മാറ്റെയോ സൽവീനിയാണു ലീഗിന്റെ നേതാവ്.

അഭിപ്രായ വോട്ടെടുപ്പുകൾ കാണിക്കുന്നത് അടുത്തവർഷമോ 2018 ആദ്യമോ നടക്കാവുന്ന തെരഞ്ഞെടുപ്പിൽ നോർത്തേൺ ലീഗുമായി സഖ്യമുണ്ടാക്കിയാൽ ഫൈവ് സ്റ്റാർ മൂവ്മെന്റിനു ഭൂരിപക്ഷം കിട്ടാം എന്നാണ്.

സിസിലി ദ്വീപിൽനിന്ന് ഇറ്റാലിയൻ വൻകരയിലേക്ക് മൂന്നര കിലോമീറ്റർ ദൂരം സമുദ്രം നീന്തി വാർത്തയിൽ താരമായ ഗ്രില്ലോയെ വീരപരിവേഷത്തിലാണ് ആൾക്കാർ കാണുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.