ഇറ്റലി: ഹിതപരിശോധനയിൽ തോറ്റ് റെൻസി രാജിവച്ചു
ഇറ്റലി: ഹിതപരിശോധനയിൽ തോറ്റ് റെൻസി രാജിവച്ചു
Monday, December 5, 2016 2:11 PM IST
റോം: ഭരണഘടനാ പരിഷ്കാരത്തിനായുള്ള ജനഹിത പരിശോധനയിൽ പരാജയപ്പെട്ടതിനെത്തുടർന്ന് ഇറ്റാലിയൻ പ്രധാനമന്ത്രി മറ്റെയോ റെൻസി രാജിപ്രഖ്യാപിച്ചു. ഇറ്റലിയിലെ രാഷ്ട്രീയ അനിശ്ചിതത്വം പൊതുതെരഞ്ഞെടുപ്പിലേക്കു നയിക്കുമെന്നാണു കരുതപ്പെടുന്നത്.

തെരഞ്ഞെടുപ്പു നടന്നാൽ മുൻ ഹാസ്യതാരം ബെപ്പെ ഗ്രില്ലോ നയിക്കുന്ന ഫൈവ് സ്റ്റാർ മൂവ്മെന്റ് എന്ന തീവ്ര വലതുപക്ഷ പാർട്ടി ഭരണം പിടിക്കുമെന്ന് ആശങ്കയുണ്ട്.

അവർ ഇറ്റലിയെ യൂറോപ്യൻ യൂണിയനിൽ നിന്നു പിന്മാറ്റുമെന്നാണു ഭയം.റെൻസി നിർദേശിച്ച പരിഷ്കാരങ്ങൾ വേണ്ട എന്ന് 59.1 ശതമാനം പേർ വിധിയെഴുതി. 40.9 ശതമാനം മാത്രം അനുകൂലിച്ചു.

നാല്പത്തൊന്നുകാരനായ റെൻസി ഞായറാഴ്ച രാത്രി എക്സിറ്റ് പോൾ ഫലം അറിഞ്ഞതേ രാജിപ്രഖ്യാപനം നടത്തി. ഇന്നലെ രാജി സമർപ്പിച്ചു. രണ്ടര വർഷം മാത്രം ഭരിച്ച റെൻസിയുടെ പിൻഗാമിയായി ധനമന്ത്രി പിയർ കാർലോ പാഡോവൻ പ്രധാനമന്ത്രിയായേക്കും. എങ്കിലും കൂട്ടുകക്ഷി ഭരണം അടുത്ത വർഷമാദ്യം തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കേണ്ടിവരും എന്നാണു വിലയിരുത്തൽ.


ഫൈവ് സ്റ്റാർ മൂവ്മെന്റ് യൂറോപ്യൻ യൂണിയനിൽനിന്നു പിന്മാറുന്ന കാര്യത്തിൽ ഹിതപരിശോധന വേണമെന്ന് ആവശ്യപ്പെടുന്നു. ഇതടക്കമുള്ള നിലപാടുകളുടെ പേരിൽ മൂവ്മെന്റ് തലവൻ ഗ്രില്ലോയെ യൂറോപ്പിലെ ഏറ്റവും അപകടകാരി എന്നാണു ജർമൻ മാസിക ഡെർ സ്പീഗൽ വിശേഷിപ്പിച്ചത്.

ഹിതപരിശോധനയിൽ റെൻസി പരാജയപ്പെട്ടതിനെത്തുടർന്നു യൂറോയുടെ വില താണു; ഇറ്റലിയിലെ പ്രമുഖ ബാങ്കുകളുടെ ഓഹരിവില തകർന്നു. യൂറോപ്യൻ ഓഹരിസൂചികകളും കീഴോട്ടാണ്.

നിയുക്‌ത അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ശൈലി പിന്തുടരുന്നയാളാണു ഗ്രില്ലോ. ജർമൻ ചാൻസലർ ആംഗല മെർക്കലിനു മറ്റുള്ളവരുടെ വികാരങ്ങളറിയാത്ത അലക്സി തൈമിയ എന്ന രോഗമാണെന്ന് ആക്ഷേപിക്കാനും ഗ്രില്ലോ മടിച്ചില്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.