കുടുംബകേന്ദ്രീകൃതമായ പരിശീലനം ആവശ്യം: മാർ കല്ലറങ്ങാട്ട്
കുടുംബകേന്ദ്രീകൃതമായ പരിശീലനം ആവശ്യം: മാർ കല്ലറങ്ങാട്ട്
Saturday, December 3, 2016 1:45 PM IST
കൊളംബോ: കുടുംബ– ഇടവക– സഭ കേകേന്ദ്രീകൃതമായ വിശ്വാസ പരിശീലനവും അജപാലന പദ്ധതികളും ഇന്നിന്റെ ആവശ്യമാണെന്നു പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട്. ഏഷ്യയിലെ മെത്രാന്മാരുടെ 11–ാം പ്ലീനറി സമ്മേളനത്തിൽ നടന്ന ചർച്ചയിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ക്രൈസ്തവ കുടുംബങ്ങൾ കരുണയുടെ വാഹകരാകണം. വിശുദ്ധ കുർബാന കേന്ദ്രിതമായ കുടുംബങ്ങൾ രൂപപ്പെടുത്തി കരുണയുടെ സുവിശേഷം ജീവിതത്തിൽ പകർത്താൻ മാതാപിതാക്കൾ പരിശ്രമിക്കുകയും മക്കളെ പരിശീലിപ്പിക്കുകയും വേണം. ഏഷ്യയിലെ കുടുംബങ്ങളെ ശക്‌തീകരിക്കാൻ വിശുദ്ധ ഗ്രന്ഥത്തിലും സഭാപിതാക്കന്മാരുടെ പ്രബോധനത്തിലും അധിഷ്ഠിതമായ വിശ്വാസപരിശീലന പദ്ധതികൾ രൂപപ്പെടുത്തണമെന്നും മാർ കല്ലറങ്ങാട്ട് കൂട്ടിച്ചേർത്തു.

ഇക്കാലഘട്ടത്തിൽ വിവാഹം കഴിക്കുന്നതു ബോധ്യത്തോടെയല്ല, മറിച്ച് വെറും സൗകര്യാർഥം മാത്രമായി മാറുന്നു. വിവാഹത്തിന്റെ പ്രത്യേകിച്ചു മനസമ്മത ച്ചടങ്ങിന്റെ ചെലവ് കുറയ്ക്കാൻ പരിശ്രമിക്കണം. വിവാഹത്തിന് ഒരുക്കമായ കോഴ്സുകളുടെ സിലബസ് കാലോചിതമായി പുതുക്കേണ്ടതും ആവശ്യമാണ്.

കുടുംബാംഗങ്ങൾ ഒരുമിച്ചു പ്രാർഥിക്കാനും ഭക്ഷണം കഴിക്കാനും യാത്ര ചെയ്യാനും സമയം കണ്ടെത്തണം. കുടുംബാംഗങ്ങൾ തമ്മിലുള്ള സംഭാഷണം സ്നേഹവും കരുണയും കണ്ടെത്താൻ സഹായിക്കും. കുടുംബബന്ധങ്ങൾ ദൃഢതരവും ആഴവും തുറവിയുമുള്ളതാക്കാൻ അജപാലകർ കുടുംബങ്ങളെ പ്രോത്സാഹിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. തീവ്രവാദികളുടെ തടവിൽ കഴിയുന്ന മലയാളി ഫാ. ടോം ഉഴുന്നാലിന്റെ മോചനത്തിനായി ഫെഡറേഷൻ ഓഫ് ഏഷ്യൻ ബിഷപ്സ് കോൺഫ്രൻസസിന്റെ നേതൃത്വത്തിൽ ശ്രമം നടത്തണമെന്നും മാർ കല്ലറങ്ങാട്ട് ആവശ്യപ്പെട്ടു.


നവംബർ 28ന് ആരംഭിച്ച സമ്മേളനത്തിൽ 11 കർദിനാൾമാരും 100 മെത്രാന്മാരും പങ്കെടുക്കുന്നുണ്ട്. ഫെഡറേഷൻ ഏഷ്യൻ ബിഷപ്സ് കോൺഫ്രൻസസിന്റെ പ്രസിഡന്റ് കർദിനാൾ ഓസ്വാൾഡ് ഗ്രേഷ്യസിന്റെ മുഖ്യകാർമികത്വത്തിൽ ഇന്ന് അർപ്പിക്കുന്ന വിശുദ്ധകുർബാനയോടുകൂടി പ്ലീനറി സമ്മേളനം അവസാനിക്കും.

സീറോ മലബാർ സഭ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി, തൃശൂർ ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്ത്, പാലാ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട്, കാഞ്ഞിരപ്പള്ളി ബിഷപ് മാർ മാത്യു അറയ്ക്കൽ, കോഴിക്കോട് ബിഷപ് ഡോ. വർഗീസ് ചക്കാലയ്ക്കൽ, ആദിലാബാദ് ബിഷപ് മാർ പ്രിൻസ് പാണേങ്ങാടൻ, കട്കി അപ്പസ്തോലിക് എക്സാർക് തോമസ് മാർ അന്തോണിയോസ് എന്നിവർ വിശുദ്ധ കുർബാനയിൽ സഹകാർമ്മികരാകും.

കൊളംബോയിൽനിന്ന് ഫാ. ഫ്രാൻസിസ് പിട്ടാപ്പിള്ളിൽ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.