പുറംജോലി കരാർ: യുഎസ് കമ്പനികൾക്കു ട്രംപിന്റെ താക്കീത്
പുറംജോലി കരാർ: യുഎസ് കമ്പനികൾക്കു ട്രംപിന്റെ താക്കീത്
Friday, December 2, 2016 2:42 PM IST
വാഷിംഗ്ടൺ ഡിസി : യുഎസിലെ ജോലികൾ വിദേശത്തേക്കു പറിച്ചു നടുന്നതിനു പുറംജോലി കരാർ നൽകുന്ന അമേരിക്കൻ കമ്പനികൾക്ക് നിയുക്‌ത പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ താക്കീത്.

ഗുരുതരമായ പ്രത്യാഘാതം നേരിടാതെ ഒരു കമ്പനിക്കും അമേരിക്കയിൽനിന്നു വിട്ടുപോകാനാവില്ലെന്ന് ഇന്ത്യാനാപൊളീസിലെ കാരിയർ കോർപറേഷൻ പ്ലാന്റിൽ സന്ദർശനം നടത്തിയ ട്രംപ് പറഞ്ഞു. എയർ കണ്ടീഷണറുകൾ നിർമിക്കുന്ന കമ്പനിയാണിത്. ഇവിടുത്തെ ആയിരത്തോളം തൊഴിലുകൾ മെക്സിക്കോയിൽ പുറംജോലി കരാറായി ചെയ്യിക്കാനുള്ള പദ്ധതി ട്രംപ് ഇടപെട്ടു തടഞ്ഞു.

കാരിയറിന്റെ മാതൃകമ്പനിയായ യുണൈറ്റഡ് ടെക്നോളജീസ് മേധാവികളുമായി ട്രംപും നിയുക്‌ത വൈസ് പ്രസിഡന്റ് മൈക്ക് പെൻസും ചർച്ച നടത്തി ഇതു സംബന്ധിച്ച ഉറപ്പു വാങ്ങി. പ്രതിഫലമായി കമ്പനിക്ക് 70ലക്ഷം ഡോളറിന്റെ നികുതി ഇളവു നൽകുമെന്നു പറയപ്പെടുന്നു.

യുഎസിൽ പ്രവർത്തിക്കാൻ കമ്പനികൾക്ക് എല്ലാ സൗകര്യവും ഒരുക്കും. കോർപറേറ്റ് നികുതി കുറയ്ക്കും.–ട്രംപ് വാഗ്ദാനം ചെയ്തു. എന്നിട്ടും പുറംജോലി കരാർ നൽകി യുഎസിലെ തൊഴിൽ അവസരങ്ങൾ കുറയ്ക്കുന്ന കമ്പനികൾ അതിന്റെ ഭവിഷ്യത്ത് നേരിടേണ്ടിവരും.


എന്നാൽ എന്തായിരിക്കും ഇത്തരം കമ്പനികൾ നേരിടേണ്ടിവരുന്ന പ്രത്യാഘാതമെന്നു തെരഞ്ഞെടുപ്പിൽ ജയിച്ചശേഷം ആദ്യമായി പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ട ട്രംപ് വ്യക്‌തമാക്കിയില്ല. ഇറക്കുമതിക്കു കൂടിയ താരിഫ് ഈടാക്കാനാണു ട്രംപ് ടീമിന്റെ പദ്ധതിയെന്നു പറയപ്പെടുന്നു. വിജയത്തിനു നന്ദി പറഞ്ഞുകൊണ്ടു നടത്തുന്ന പര്യടനത്തിന്റെ ഭാഗമായാണ് ട്രംപ് ഇന്ത്യാനാപൊളീസിലെ ഫാക്ടറിയിൽ എത്തിയത്.

ഒഹായോയിലെ സിൻസിനാറ്റിയിൽ അനുയായികളെ അഭിസംബോധന ചെയ്തു നടത്തിയ പ്രസംഗത്തിൽ അമേരിക്കയിൽ നിന്നു ഭീകരത തുടച്ചുമാറ്റുന്നതിന് എല്ലാ നടപടികളും എടുക്കുമെന്ന് ട്രംപ് വ്യക്‌തമാക്കി.

ഒഹായോ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിൽ സോമാലിയൻ വിദ്യാർഥി നടത്തിയ കത്തിയാക്രമണത്തിന്റെ കാര്യം ട്രംപ് എടുത്തുപറഞ്ഞു.വിഭാഗീയത ഒഴിവാക്കി എല്ലാവരും യോജിച്ചു പ്രവർത്തിക്കണമെന്നും ട്രംപ് ആഹ്വാനം ചെയ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.