ട്രംപ് യോഗ്യനല്ലെന്ന് ഒബാമ,സർവേഫലം തെറ്റ്: ട്രംപ്
ട്രംപ് യോഗ്യനല്ലെന്ന് ഒബാമ,സർവേഫലം തെറ്റ്: ട്രംപ്
Monday, October 24, 2016 11:48 AM IST
ലാസ് വേഗസ്: ഡൊണാൾഡ് ട്രംപ് അമേരിക്കൻ പ്രസിഡന്റാകാൻ യോഗ്യനല്ലെന്ന് ഒരോ ദിവസം കഴിയുംതോറും തെളിയിച്ചുകൊണ്ടിരിക്കുകയാണെന്ന് അമേരിക്കൻ പ്രസിഡന്റ് ബറാക് ഒബാമ. ഇതേസമയം താൻ പിന്നോട്ടു പോകുന്നതായി സൂചിപ്പിക്കുന്ന അഭിപ്രായ വോട്ടെടുപ്പുകൾ വിശ്വാസയോഗ്യമല്ലെന്നു ട്രംപ് വ്യക്‌തമാക്കി.

നോമിനേഷൻ നൽകിയ അന്ന് മുതൽ ട്രംപ് തിരിച്ചടി നേരിടുകയാണെന്നു ലാസ്വേഗസിൽ ഹില്ലരി ക്ലിന്റന്റെ തെരഞ്ഞെടുപ്പു റാലിയെ അഭിസംബോധന ചെയ്ത് ഒബാമ ചൂണ്ടിക്കാട്ടി. മുകളിൽ നിന്ന് താഴെയ്ക്കാണ് ട്രംപ് പോകുന്നത്.വോട്ടെടുപ്പിനു ശേഷിക്കുന്ന 16 ദിവസം കൊണ്ട് അദ്ദേഹത്തിന് ഒന്നും ചെയ്യാനില്ലെന്ന് ഒബാമ പറഞ്ഞു. എല്ലാത്തരത്തിലും പ്രസിഡന്റാകാൻ യോഗ്യത ഹില്ലരി ക്ലിന്റനാണെന്നും ഒബാമ കൂട്ടിച്ചേർത്തു.

ഹില്ലരിയുടെ ജയം ഉറപ്പായ സ്‌ഥിതിക്ക് യുഎസ് കോൺഗ്രസിലേക്കുള്ള തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റുകളുടെ ജയത്തിനാണ് ഇനി ഊന്നൽ നൽകേണ്ടതെന്നും ഒബാമ പറഞ്ഞു.


ഇതേസമയം അഭിപ്രായ വോട്ടെടുപ്പുകളുടെ വിശ്വാസ്യതയെ ട്രംപ് ചോദ്യം ചെയ്തു. പ്രൈമറികളിലും താൻ പിന്നിലാണെന്നു പല മാധ്യമങ്ങളും സർവേ നടത്തി റിപ്പോർട്ടു നൽകിയിരുന്നു. എന്നാൽ തനിക്കായിരുന്നു ജയം.

ഇപ്പോൾ മാധ്യമങ്ങൾ ഹില്ലരിയെ ജയിപ്പിക്കാൻ കിണഞ്ഞു പരിശ്രമിക്കുകയാണ്. കെട്ടിച്ചമച്ച സർവേ ഫലങ്ങളാണ് അവർ കൊടുക്കുന്നത്. നാം ജയിച്ചുകൊണ്ടിരിക്കുകയാണ്. എന്നാൽ അതു റിപ്പോർട്ടു ചെയ്യാൻ മാധ്യമങ്ങൾ വിസമ്മതിക്കുകയാണെന്നു ട്രംപ് ആരോപിച്ചു.എബിസി ന്യൂസ് വാഷിംഗ്ടൺ പോൾ പ്രകാരം ഹില്ലരിക്ക് 12പോയിന്റ് ലീഡുണ്ട്. ഹില്ലരിയെ 50ശതമാനം പേർ പിന്തുണയ്ക്കുമ്പോൾ ട്രംപിന് 38ശതമാനം പേരുടെ പിന്തുണയാണുള്ളത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.