കരാകോഷ് വളഞ്ഞു; ഇറാക്കിസേന മൊസൂളിലേക്കു മുന്നേറുന്നു
കരാകോഷ് വളഞ്ഞു; ഇറാക്കിസേന മൊസൂളിലേക്കു മുന്നേറുന്നു
Wednesday, October 19, 2016 11:51 AM IST
മൊസൂൾ: ഐഎസ് ഭീകരരുടെ ശക്‌തികേന്ദ്രമായ മൊസൂൾ തിരിച്ചുപിടിക്കാനുള്ള ഇറാക്കിസേനയുടെ നീക്കം ഒരുപടികൂടി മുന്നേറുന്നു. മൊസൂളിനു തൊട്ടടുത്ത് ക്രൈസ്തവവിശ്വാസികൾ ഏറെയുള്ള കരാകോഷ് സേന വളഞ്ഞിരിക്കുകയാണ്.

മൊസൂൾ തിരിച്ചുപിടിക്കാനുള്ള നീക്കത്തിലെ നിർണായകഘട്ടമാണിതെന്നു വിലയിരുത്തപ്പെടുന്നു. ഇറാക്കിസേന കരാകോഷിലെത്തിയെന്ന വാർത്ത രാജ്യത്തെ ക്രൈസ്തവഭൂരിപക്ഷപ്രദേശങ്ങളിൽ ആഘോഷത്തിനുവഴിതെളിച്ചു. അർബിൽ നഗരത്തിൽ ആനന്ദനൃത്തം ചവിട്ടിയാണ് ആളുകൾ ആഹ്ലാദം പങ്കുവച്ചത്. കരാകോഷിന്റെ നിയന്ത്രണം ഐഎസിന്റെ കൈവശമായതോടെ ഇവിടെയുണ്ടായിരുന്ന ആയിരക്കണക്കിനു ക്രൈസ്തവവിശ്വാസികൾ കുർദിസ്‌ഥാനിലെ സ്വതന്ത്രമേഖലയായ അർബിലിലേക്കു നീങ്ങുകയായിരുന്നു.

മൊസൂളിനു തെക്കുകിഴക്ക് 15 കിലോമീറ്റർ അകലെയാണു കരാകോഷ്. ചൊവ്വാഴ്ചയാണ് ഇറാക്ക് ഭീകരവിരുദ്ധ സേനയുടെ നേതൃത്വത്തിൽ സൈന്യം നഗരത്തിലെത്തിയത്.ഹാംദാനിയ പ്രദേശം സൈന്യം വളഞ്ഞതായി ലഫ്. ജനറൽ റിയാദ് തൗഫിക് ഖ്വയാറ അറിയിച്ചു. കരാകോഷ് ഉൾപ്പെടെയുള്ള പ്രദേശങ്ങൾ ഈ ജില്ലയിലാണ്. ചിലയിടത്ത് ഐഎസ് ഭീകരരുടെ പ്രതിരോധം തുടരുന്നുണ്ട്. ഏറ്റുമുട്ടലുകളും തുടരുന്നു. എന്നാൽ അതൊന്നും ഭീകരരെ തുണയ്ക്കില്ലെന്ന് അദ്ദേഹം പറഞ്ഞു.

തിങ്കളാഴ്ചയാണു മൊസൂൾപിടിക്കാൻ ഇറാക്കിസേന ശ്രമം തുടങ്ങിയത്. എന്നാൽ മൊസൂൾ തിരിച്ചുപിടിക്കുക അത്ര എളുപ്പമല്ലെന്നാണ് യുഎസ് പ്രസിഡന്റ് ബറാക് ഒബാമ ഉൾപ്പെടെയുള്ളവരുടെ നിരീക്ഷണം. നഗരത്തിന്റെ നിയന്ത്രണം സ്വന്തമാക്കാൻ ചിലപ്പോൾ ആഴ്ചകളോ മാസങ്ങളോ വേണ്ടിവന്നേക്കാമെന്നു വിദഗ്ധരും പറയുന്നു. ആയിരക്കണക്കിന് നഗരവാസികളെ ഐഎസ് ഭീകരർ മനുഷ്യകവചമാക്കിയിരിക്കുകയാണ്. ഇതാണ് വലിയ വെല്ലുവിളിയെന്നും അവർ വിശദീകരിച്ചു.2014 ൽ കരാകോഷിലെ ജനസംഖ്യ അരലക്ഷത്തിനുമേലെയായിരുന്നു.


ഏഴ് ക്രൈസ്തവ ആരാധനാലയങ്ങളും ഇവിടെയുണ്ട്. ഇറാക്കിസൈന്യം നേതൃത്വം നൽകുന്ന യുദ്ധത്തിൽ കുർദിഷ് പെഷ്മാർഗ സൈനികർ, സുന്നി, ഷിയാപോരാളികൾ എന്നിവർ പങ്കെടുക്കുന്നു. യുഎസ്നേതൃത്വത്തിലുള്ള സഖ്യസേനയുടെ സഹായവും ഇവർക്കുണ്ട്. യുദ്ധം മുറുകുന്നതോടെ മൊസൂളിൽനിന്നു വൻതോതിൽ അഭയാർഥി പ്രവാഹമുണ്ടാവുമെന്നാണു കരുതുന്നത്.

രാസായുധം പ്രയോഗിച്ചേക്കുമെന്ന് ആശങ്ക

ഇറാക്കിസേനയെ പ്രതിരോധിക്കാൻ ഐഎസ് ഭീകരർ രാസായുധം പ്രയോഗിക്കാൻ സാധ്യതയുണ്ടെന്ന് യുഎസ് വിദഗ്ധർ. എന്നാൽ രാസായുധം തയാറാക്കാനുള്ള സാങ്കേതികജ്‌ഞാനം അവർക്കുണ്ടോയെന്നതിൽ വിദഗ്ധർക്കു സംശയവുമുണ്ട്. തിങ്കളാഴ്ചയാണ് ഇറാക്കി സേന മൊസൂളിനെ ലക്ഷ്യമാക്കി നീങ്ങിയത്. ഇതിനുശേഷം ഐഎസ് ഭീകരർ ഉപയോഗിക്കുന്ന വെടിക്കോപ്പുകൾ വിശദമായി പരിശോധിക്കുന്നുണ്ടെന്ന് യുഎസ് സൈന്യം വ്യക്‌തമാക്കി. രാസവസ്തുക്കളുടെ സാന്നിധ്യമുണ്ടെയന്നു കണ്ടെത്താനാണിത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.