മൊസൂൾ യുദ്ധം: ഐഎസിനു കനത്ത പ്രഹരം
മൊസൂൾ യുദ്ധം: ഐഎസിനു കനത്ത പ്രഹരം
Tuesday, October 18, 2016 11:56 AM IST
മൊസൂൾ: ഐഎസിനെ തുരത്തി മൊസൂൾ നഗരം തിരിച്ചുപിടിക്കാൻ ആരംഭിച്ച യുദ്ധത്തിൽ ഇതിനകം 200 കിലോമീറ്റർ ഭൂപ്രദേശം പിടിച്ചെടുത്തെന്നു ഇറാക്കിലെ കുർദിഷ് സ്വയംഭരണ മേഖലയുടെ പ്രസിഡന്റ് മസൂദ് ബർസാനി വ്യക്‌തമാക്കി.

ഇറാക്ക് സൈന്യത്തിന്റെ നേതൃത്വത്തിൽ ആരംഭിച്ച യുദ്ധത്തിൽ കുർദിഷ് പെഷ്മാർഗ സൈനികർ, സുന്നി, ഷിയാപോരാളികൾ എന്നിവരും പങ്കെടുക്കുന്നുണ്ട്. ഇറാക്കിന്റെയും യുഎസിന്റെയും യുദ്ധവിമാനങ്ങൾ ഐഎസ് മേഖലകളിൽ വ്യോമാക്രമണം നടത്തി. നഗരപ്രാന്തത്തിലുള്ള ഗ്രാമങ്ങളാണ് ഇപ്പോൾ പിടിച്ചെടുത്തിട്ടുള്ളത്. മൊസൂൾ കീഴടക്കാൻ ആഴ്ചകളോ മാസങ്ങൾ തന്നെയോ വേണ്ടിവരും. നാലുവശത്തുനിന്നും മൊസൂളിനെ വളഞ്ഞശേഷം നഗരത്തിൽ കടക്കാനാണു പദ്ധതി. സുന്നി നഗരമായ മൊസൂളിൽ ഷിയാഗ്രൂപ്പുകാരായ അർധസൈനികവിഭാഗത്തെ പ്രവേശിപ്പിക്കുന്നതിനെതിരേ ആംനസ്റ്റി ഇന്റർനാഷണൽ മുന്നറിയിപ്പു നൽകി.

ഇതിനിടെ മൊസൂളിലെ ഐഎസ് ഭീകരർ നഗരവാസികളെ മനുഷ്യപ്പരിചകളായി ഉപയോഗിക്കുകയാണെന്നു റിപ്പോർട്ടുണ്ട്. 4000ത്തിനും 8000ത്തിനും ഇടയ്ക്ക് ഐഎസ് പോരാളികൾ മൊസൂളിൽ തമ്പടിച്ചിട്ടുണ്ടെന്നാണു കണക്ക്. ഇവരെ നേരിടാൻ മുപ്പതിനായിരം സൈനികരെയാണ് അയച്ചിട്ടുള്ളത്. ഏതാനും യുഎസ് സൈനികരും പിന്തുണ നൽകാനെത്തിയിട്ടുണ്ട്. കൂടാതെ മറ്റു ചില വിദേശരാജ്യങ്ങളുടെ ഭടന്മാരും. യുദ്ധം മുറുകുന്നതോടെ മൊസൂളിൽനിന്നു വൻതോതിൽ അഭയാർഥി പ്രവാഹമുണ്ടാവുമെന്നാണു കരുതുന്നത്. യുഎൻ അഭയാർഥി ഏജൻസി ഇതിനകം 45000 പേർക്കായി അഞ്ചു ക്യാമ്പുകൾ സ്‌ഥാപിച്ചു.


വരുംദിവസങ്ങളിൽ കൂടുതൽ ക്യാമ്പുകൾ സ്‌ഥാപിക്കും. പത്തുലക്ഷം പേർ മൊസൂളിൽനിന്നു പലായനം ചെയ്തേക്കാമെന്നാണു കണക്കുകൂട്ടൽ.മൊസൂളിൽനിന്നുള്ള ഐഎസ് ഭീകർക്ക് സിറിയയിലേക്കു കടക്കാൻ അവസരം ഒരുക്കാനാണു യുഎസ് പദ്ധതിയിടുന്നതെന്ന് സിറിയൻ ഭരണകൂടം ആരോപിച്ചു. ഇതിനെ ചെറുക്കുമെന്നും സിറിയ വ്യക്‌തമാക്കി.മൊസൂൾ പ്രശ്നം ചർച്ച ചെയ്യാൻ ഈ മാസം 20നു മന്ത്രിതല ഉച്ചകോടി നടത്തുമെന്നു ഫ്രാൻസ് അറിയിച്ചു. മൊസൂൾ യുദ്ധം തീരാൻ സമയമെടുക്കും. ഐഎസ് ഭീകരർ സിറിയയിലെ റാഖായിലേക്കു കടക്കാമെന്നതിനാൽ റാഖായും പിടിക്കേണ്ടിയിരിക്കുന്നുവെന്ന് ഫ്രഞ്ച് വിദേശമന്ത്രി ഷാൻ മാർക് അയ്റാൾട്ട് പാരീസിൽ റിപ്പോർട്ടർമാരോടു പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.