ആലപ്പോയിൽ വ്യോമാക്രമണം നിർത്തിവച്ചു; നഗരം വിടില്ലെന്നു വിമതർ
ആലപ്പോയിൽ വ്യോമാക്രമണം നിർത്തിവച്ചു;  നഗരം വിടില്ലെന്നു വിമതർ
Tuesday, October 18, 2016 11:56 AM IST
ബെയ്റൂട്ട്: വ്യാഴാഴ്ചത്തെ എട്ടുമണിക്കൂർ വെടിനിർത്തലിനു മുന്നോടിയായി സിറിയയിലെ കിഴക്കൻ ആലപ്പോയിൽ റഷ്യൻ, സിറിയൻ യുദ്ധവിമാനങ്ങൾ വ്യോമാക്രമണം നിർത്തിവച്ചു. വിമതരുടെ അധീനതയിലുള്ള കിഴക്കൻ ആലപ്പോയിൽ കുടുങ്ങിയ സാധാരണക്കാർക്കും വിമതർക്കും സുരക്ഷിതമായി ഒഴിഞ്ഞുപോകുന്നതിന് അവസരം നൽകാനാണ് എട്ടുമണിക്കൂർ വെടിനിർത്തലെന്ന് മോസ്കോ അറിയിച്ചു.

എന്നാൽ ആലപ്പോ നഗരത്തിൽനിന്നു വിട്ടുപോകാൻ ഉദ്ദേശിക്കുന്നില്ലെന്നു വിവിധ വിമത വിഭാഗങ്ങൾ വ്യക്‌തമാക്കി. നഗരം വിടുന്നതു കീഴടങ്ങുന്നതിനു തുല്യമാണെന്ന് ആലപ്പോയിലെ ഫസ്റ്റാക്വിം വിഭാഗത്തിന്റെ പൊളിറ്റിക്കൽ ഓഫീസർ സഖറിയ മലഹിഫിജി പറഞ്ഞു. സിറിയൻ ഭരണകൂടത്തിനെതിരേയുള്ള പോരാട്ടം തുടരുമെന്നു ഇസ്ലാമിസ്റ്റ് ഗ്രൂപ്പായ അഹ്റർ അൽ ഷാമിന്റെ ആലപ്പോ കമാൻഡർ അൽ ഫറൂക്ക് അബുബേക്കർ വ്യക്‌തമാക്കി. അസാദ് ഭരണകൂടത്തിനെതിരേ ആയുധമെടുത്തപ്പോൾ ജനങ്ങൾക്കു നൽകിയ പ്രതിജ്‌ഞ ലക്ഷ്യം സാധിക്കാതെ ആയുധം താഴെവയ്ക്കില്ലെന്നായിരുന്നു. ഇതു പാലിക്കും– അബുബേക്കർ പറഞ്ഞു. കിഴക്കൻ ആലപ്പോയിൽ ഭീകരർ ഇല്ലെന്നും അദ്ദേഹം വ്യക്‌തമാക്കി.


വ്യാഴാഴ്ച രാവിലെ എട്ടുമുതൽ വൈകുന്നേരം നാലുവരെ വെടിനിർത്തുന്നത് ഏകപക്ഷീയമായിട്ടാണെന്ന് റഷ്യൻ പ്രതിരോധ വകുപ്പിലെ ലഫ്റ്റനന്റ് ജനറൽ സെർജി റുഡോസ്കി പറഞ്ഞു.

റഷ്യയുടെ വെടിനിർത്തൽ പ്രഖ്യാപനം വരുന്നതിനു മുമ്പുള്ള 24മണിക്കൂറിൽ കിഴക്കൻ ആലപ്പോയിൽ നടന്ന വ്യോമാക്രമണങ്ങളിൽ 18 കുട്ടികൾ ഉൾപ്പെടെ 50 സാധാരണക്കാർക്കു ജീവഹാനി നേരിട്ടെന്നു ബ്രിട്ടൻ ആസ്‌ഥാനമായി പ്രവർത്തിക്കുന്ന സിറിയൻ ഒബ്സർവേറ്ററി പറഞ്ഞു
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.