സംവാദം: ഹില്ലരി തിളങ്ങി, ട്രംപ് പ്രതിരോധത്തിൽ
സംവാദം: ഹില്ലരി തിളങ്ങി, ട്രംപ് പ്രതിരോധത്തിൽ
Tuesday, September 27, 2016 1:25 PM IST
ന്യൂയോർക്ക്: ഹില്ലരി ക്ലിന്റൺ വിജയിച്ചു, ട്രംപ് തോറ്റില്ല. ഇരുസ്‌ഥാനാർഥികളും തമ്മിലുള്ള പ്രഥമ ടിവി സംവാദം പരസ്പരമുള്ള ചെളിവാരിയെറിയലിലും ആരോപണ പ്രത്യാരോപണങ്ങളിലും കുടുങ്ങിയപ്പോൾ മുൻകൂട്ടി തയാറെടുപ്പു നടത്തിയ ഹില്ലരിക്കു തിളക്കമാർന്ന പ്രകടനം കാഴ്ചവയ്ക്കാനായി. ഡൊണാൾഡ് ട്രംപ് പലപ്പോഴും പ്രതിരോധത്തിലായി.

ന്യൂയോർക്കിലെ ഹാംപ്സ്റ്റഡിലെ ഹോഫ്സ്ട്രാ യൂണിവേഴ്സിറ്റിയാണ് സംവാദത്തിനു വേദിയായത്. തിങ്കളാഴ്ച രാത്രി നടന്ന സംവാദം 90 മിനിറ്റ് ദീർഘിച്ചു.സിഎൻഎൻ–ഒആർസി പോളിൽ പങ്കെടുത്ത 62% പേർ ഹില്ലരി വിജയിച്ചെന്ന് അഭിപ്രായപ്പെട്ടപ്പോൾ, 27%പേർ ട്രംപാണു വിജയിയെന്നു പറഞ്ഞു. ഹില്ലരിക്കു ജയസാധ്യത വർധിച്ചെന്ന നിഗമനത്തിൽ ഏഷ്യയിലെ ഓഹരിവിപണികളിൽ വിലകൾ ഉയർന്നു.

ട്രംപ് വംശീയവിദ്വേഷിയും സ്ത്രീകളോടു വിവേചനം കാട്ടുന്നയാളുമാണെന്ന് ഹില്ലരി ആരോപിച്ചു. നികുതി റിട്ടേൺപരസ്യപ്പെടുത്താത്ത ട്രംപിനെ ഹില്ലരി വിമർശിച്ചു. സ്വകാര്യ ഇമെയിൽ സർവർ വിവാദത്തിൽ കുടുങ്ങിയ ഹില്ലരി, മായ്ച്ചുകളഞ്ഞ 33,000 ഇമെയിലുകൾ പരസ്യപ്പെടുത്താമെങ്കിൽ നികുതി റിട്ടേൺ പരസ്യപ്പെടുത്താമെന്നു ട്രംപ് മറുപടി നൽകി. ഔദ്യോഗികാവശ്യത്തിനു സ്വകാര്യ ഇമെയിൽ ഉപയോഗിച്ചത് അബദ്ധം പിണഞ്ഞതുമൂലമാണെന്ന് ഹില്ലരി വ്യക്‌തമാക്കി.

എന്നാൽ, ഇതു മനപ്പൂർവം ചെയ്ത തെറ്റാണെന്നു ട്രംപ് ആരോപിച്ചു. ഇറാക്ക് യുദ്ധത്തെ ഒരിക്കലും പിന്തുണച്ചിട്ടില്ലെന്നു ട്രംപ് പറഞ്ഞു. ഇറാക്കിൽനിന്ന് യുഎസ് സേനയെ പിന്തുണച്ച ഒബാമയുടെ നടപടിയെയും ട്രംപ് വിമർശിച്ചു. സൈന്യത്തെ നിലനിർത്തിയിരുന്നെങ്കിൽ ഐഎസിന്റെ ഉദയം തടയാൻ കഴിയുമായിരുന്നു. ഇറാക്ക് സർക്കാർ അനുമതി നൽകാത്തതിനാലാണു സൈന്യത്തെ നിലനിർത്താനാവാത്തതെന്നു ഹില്ലരി മറുപടി പറഞ്ഞു.ഒബാമയുടെ ജന്മസ്‌ഥലം അമേരിക്കയല്ല എന്നു വ്യാജപ്രസ്താവന നടത്തുന്ന ട്രംപിനെ ഹില്ലരി തുറന്നുകാട്ടി.


ഈയിടെ ന്യൂമോണിയ ബാധിച്ച ഹില്ലരിയുടെ ആരോഗ്യനിലയെ പരോക്ഷമായി പരാമർശിച്ച്, ഹില്ലരിക്കു പ്രസിഡന്റായി പ്രവർത്തിക്കുവാനുള്ള ശേഷിയില്ലെന്നു ട്രംപ് ആരോപിച്ചു. 112 രാജ്യങ്ങൾ സന്ദർശിക്കുകയും വെടിനിർത്തൽ, സമാധാന ചർച്ചകൾക്കു നേതൃത്വം നൽകുകയും ചെയ്ത തന്നെപ്പറ്റി ഇതു പറയാൻ ട്രംപിനെങ്ങനെ കഴിയുമെന്നു ഹില്ലരി ആശ്ചര്യപ്പെട്ടു. ഹില്ലരിക്ക് അനുഭവസമ്പത്തുണ്ടായിരിക്കാം. പക്ഷേ അതു ചീത്ത അനുഭവസമ്പത്താണ്.ഇനിയും ഇതു സഹിക്കാൻ അമേരിക്കക്കാർക്ക് ആവില്ല–ട്രംപ് തിരിച്ചടിച്ചു.

70കാരനായ മുൻ റിയാലിറ്റിഷോ താരം ട്രംപും 68കാരിയായ മുൻ സ്റ്റേറ്റ് സെക്രട്ടറി ഹില്ലരി ക്ലിന്റണും തമ്മിലുള്ള സംവാദത്തിൽ മോഡറേറ്ററായ എൻബിസി ന്യൂസ് ആങ്കർമാൻ ലെസ്റ്റർഹോൾട്ട് വളരെക്കുറച്ചു മാത്രമേ ഇടപെട്ടുള്ളു.

സംവാദത്തിലുടനീളം ശാന്തമായി ഹില്ലരി വർത്തിച്ചപ്പോൾ രാഷ്ട്രീയത്തിൽ നവാഗതനായ ട്രംപ് പലപ്പോഴും വികാരവിക്ഷുബ്ധനായി. അടുത്ത സംവാദം ഒക്ടോബർ ഒമ്പതിനാണ്. അതിനു മുമ്പ് ട്രംപിന്റെ വൈസ് പ്രസിഡന്റ് സ്‌ഥാനാർഥി മൈക്ക് പെൻസും ഹില്ലരിയുടെ വൈസ് പ്രസിഡന്റ് സ്‌ഥാനാർഥി ടിം കെയിനും തമ്മിൽ ഒക്ടോബർ നാലിനു സംവാദം നടത്തും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.