പുടിന്റെ വിശ്വസ്തൻ സ്പീക്കറാവും
പുടിന്റെ വിശ്വസ്തൻ സ്പീക്കറാവും
Friday, September 23, 2016 11:52 AM IST
മോസ്കോ: പുടിന്റെ വിശ്വസ്തനും ക്രെംലിൻ ഡെപ്യൂട്ടി ചീഫ് ഓഫ് സ്റ്റാഫുമായ വ്യാച്ചെസ്ളാവ് വൊളോഡിനെ പുതിയ ഡ്യൂമയുടെ സ്പീക്കറായി റഷ്യൻ പ്രസിഡന്റ് പുടിൻ നോമിനേറ്റു ചെയ്തു. അടുത്തമാസം ചേരുന്ന ഡ്യൂമ(പാർലമെന്റിന്റെ അധോസഭ) വൊളോഡിനെ ഔദ്യോഗികമായി തെരഞ്ഞെടുക്കും.നിലവിലുള്ള സ്പീക്കർ സെർജി നരിഷ്കിനെ റഷ്യയുടെ വിദേശ ഇന്റലിജൻസ് സർവീസ് മേധാവിയായി പുടിൻ കഴിഞ്ഞ ദിവസം നിയമിച്ചിരുന്നു.

സർക്കാരിന്റെ ആഭ്യന്തര നയരൂപീകരണത്തിലും പുടിന്റെ എതിരാളികളെ ഒതുക്കുന്നതിനുള്ള കർക്കശ നിയമങ്ങൾ തയാറാക്കുന്നതിലും നിർണായക പങ്കു വഹിച്ചിട്ടുള്ളയാളാണു നിയുക്‌ത സ്പീക്കർ വൊളോഡിൻ. പുടിൻ ഇല്ലാതെ റഷ്യയില്ല എന്ന മുദ്രാവാക്യത്തിന്റെ ഉപജ്‌ഞാതാവാണ് അദ്ദേഹം.


രണ്ടാഴ്ച മുമ്പു നടന്ന റഷ്യൻ ഡ്യൂമ തെരഞ്ഞെടുപ്പിൽ പുടിന്റെ യുണൈറ്റഡ് റഷ്യ പാർട്ടിക്ക് വൻഭൂരിപക്ഷം കിട്ടിയിരുന്നു. 450 അംഗ ഡ്യൂമയിൽ അവർക്ക് 343 സീറ്റുണ്ട്. കഴിഞ്ഞതവണത്തേക്കാൾ നൂറു സീറ്റു കൂടുതൽ. മൂന്നിൽ രണ്ടു ഭൂരിപക്ഷമുള്ളതിനാൽ ഭരണഘടനാ ഭേദഗതിക്ക് ഇനി അവർക്കു മറ്റു പാർട്ടികളെ ആശ്രയിക്കേണ്ടതില്ല. 92സീറ്റുണ്ടായിരുന്ന കമ്യൂണിസ്റ്റുകൾക്ക് ഇത്തവണ 42 സീറ്റേ കിട്ടിയുള്ളു. ലിബറൽ ഡെമോക്രാറ്റുകൾക്ക് 39 സീറ്റും ജസ്റ്റ് റഷ്യയ്ക്ക് 23സീറ്റും കിട്ടി. ഈ പാർട്ടികളും ക്രെംലിൻ അനുകൂലികളായാണ് അറിയപ്പെടുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.