നവാസ് ഷരീഫിന് യുഎന്നിൽ ഇന്ത്യയുടെ ശക്‌തമായ മറുപടി; ‘പാക്കിസ്‌ഥാൻ ഭീകരരാഷ്ട്രം’
നവാസ് ഷരീഫിന് യുഎന്നിൽ ഇന്ത്യയുടെ ശക്‌തമായ മറുപടി; ‘പാക്കിസ്‌ഥാൻ ഭീകരരാഷ്ട്രം’
Thursday, September 22, 2016 12:22 PM IST
യുണൈറ്റഡ് നേഷൻസ്: കാഷ്മീർ പ്രക്ഷോഭം ഉയർത്തിക്കാട്ടിയും കൊല്ലപ്പെട്ട ഹിസ്ബുൾ മുജാഹിദ്ദീൻ നേതാവ് ബുർഹൻ വാനിയെ മഹത്വവത്കരിച്ചും യുഎൻ പൊതുസഭയിൽ ഇന്ത്യയെ പ്രതിക്കൂട്ടിലാക്കാൻ ശ്രമിച്ച പാക്കിസ്‌ഥാന് ഇന്ത്യയുടെ ശക്‌തമായ മറുപടി. പാക്കിസ്‌ഥാൻ ഭീകരരാഷ്ട്രമാണെന്നു പറഞ്ഞ ഇന്ത്യ, ഭീകരരെ സഹായിക്കാനും പരിശീലിപ്പിക്കാനും അന്താരാഷ്ട്ര സഹായമുൾപ്പെടെ കോടിക്കണക്കിനു രൂപ അവർ വഴിതിരിച്ചുവിടുകയാണെന്നും ആരോപിച്ചു. പുരാതനകാലത്തെ പ്രശസ്ത പഠനകേന്ദ്രമായ തക്ഷശില ഇന്നു ഭീകരതയുടെ വിളനിലമാണ്. മനുഷ്യാവകാശലംഘനങ്ങളിൽ ഏറ്റവും ഹീനമായ ഭീകരതയ്ക്കായി പാക്കിസ്‌ഥാൻ കോടിക്കണക്കിനു രൂപ ചെലവഴിക്കുകയാണെന്നും യുഎന്നിലെ ഇന്ത്യയുടെ ഫസ്റ്റ് സെക്രട്ടറി ഈനം ഗംഭീർ പറഞ്ഞു. ഭീകരരായി യുഎൻ പ്രഖ്യാപിച്ചവർപോലും പാക്കിസ്‌ഥാനിലെ തെരുവുകളിലൂടെ സ്വതന്ത്രരായി നടക്കുകയാണ്. ഭരണകൂടത്തിന്റെ പിന്തുണയോടെ ഇവർ രാജ്യത്തു തുടരുന്നു. ഭീകരതയെ സ്പോൺസർ ചെയ്യുന്ന പാക്കിസ്‌ഥാന്റെ ദീർഘകാല നയം ഇന്ത്യക്കു മാത്രമല്ല, മറ്റ് അയൽരാജ്യങ്ങൾക്കും ബുദ്ധിമുട്ട് സൃഷ്‌ടിക്കും. ഇതിന്റെ പ്രത്യാഘാതം ഈ മേഖലയ്ക്കപ്പുറവും പ്രതിഫലിക്കും. ഭീകരവിരുദ്ധപ്രവർത്തനവുമായി ബന്ധപ്പെട്ട് അന്താരാഷ്ട്രസമൂഹത്തിനു പാക്കിസ്‌ഥാൻ വ്യാജ വാഗ്ദാനങ്ങളാണു നൽകുന്നതെന്നും ഈനം ചൂണ്ടിക്കാട്ടി.


ഭീകരതയെ രാജ്യത്തിന്റെ നയമായി ഉപയോഗിക്കുകവഴി പാക്കിസ്‌ഥാൻ യുദ്ധക്കുറ്റം ചെയ്യുകയാണെന്നായിരുന്നു ഇന്ത്യയുടെ വാദമെന്നു വിദേശകാര്യസഹമന്ത്രി എം.ജെ. അക്ബർ പറഞ്ഞു. ഉപാധികളില്ലാതെ ഗൗരവമായ ചർച്ചവേണമെന്ന പാക്കിസ്‌ഥാൻ നിർദേശം ഇന്ത്യ തള്ളിയെന്നും യുഎൻ ആസ്‌ഥാനത്തിനു പുറത്ത് ഇന്ത്യൻ മാധ്യമപ്രവർത്തകരോടു മന്ത്രി അക്ബർ പറഞ്ഞു.

സർക്കാർ എന്നതിലുപരി യുദ്ധസംവിധാനമായാണു പാക്കിസ്‌ഥാൻ പ്രവർത്തിക്കുന്നത്. വസ്തുതകൾക്കു നിരക്കാത്തെ, ഭീഷണിയുടെ സ്വരത്തിലുള്ള അലർച്ച മാത്രമായിരുന്നു നവാസ് ഷരീഫിന്റെ പ്രസംഗം. സ്വയംപ്രഖ്യാപിത ഭീകരനെ ഒരു രാഷ്ട്രനേതാവ് മഹത്വവത്കരിക്കുന്നതു ഞെട്ടിപ്പിക്കുന്നതായിരുന്നു–എം.ജെ. അക്ബർ പറഞ്ഞു.

നവാസ് ഷരീഫിന്റെ പ്രസംഗത്തിനെതിരേ യുഎൻ ആസ്‌ഥാനത്തിനു പുറത്ത് ഇന്ത്യക്കാരും ബലൂചികളും ഉൾപ്പെടെയുള്ളവർ ശക്‌തമായ പ്രതിഷേധമാണു സംഘടിപ്പിച്ചത്. ഇന്ത്യയിലെക്കു ഭീകരതയെ കയറ്റിയയ്ക്കുന്ന രീതി പാക്കിസ്‌ഥാൻ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. ബലൂചിസ്‌ഥാനെ മോചിപ്പിക്കുക, പാക്കിസ്‌ഥാൻ പിന്മാറുക, പാക് ഭീകരതയിൽനിന്നു ലോകത്തെ രക്ഷിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങളും പ്രതിഷേധത്തിൽ ഉയർന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.