കാബൂളിലെ കശാപ്പുകാരനു മാപ്പ്: പ്രതിഷേധം ശക്‌തം
കാബൂളിലെ കശാപ്പുകാരനു മാപ്പ്: പ്രതിഷേധം ശക്‌തം
Thursday, September 22, 2016 12:20 PM IST
കാബൂൾ: കാബൂളിലെ കശാപ്പുകാരൻ എന്നറിയപ്പെടുന്ന ഇസ്ലാമിസ്റ്റ് യുദ്ധവീരൻ ഗുൽബുദ്ദീൻ ഹെക്മത്യാർക്കു മാപ്പു നൽകിയ അഫ്ഗാൻ സർക്കാരിന്റെ നടപടിയിൽ പ്രതിഷേധം ഉയരുന്നു. അഫ്ഗാൻ സർക്കാരും ഹെക്മത്യാർ ഗ്രൂപ്പുമായി ഇന്നലെ ഒപ്പുവച്ച സമാധാനക്കരാർ പ്രകാരം ഹെക്മത്യാറുടെ നേതൃത്വത്തിലുള്ള ഹെസ്ബ് ഇ ഇസ്ലാമിയുടെ നിരവധി പ്രവർത്തകരെ തടവിൽനിന്നു വിട്ടയയ്ക്കും. ഇപ്പോൾ പാക്കിസ്‌ഥാനിൽ ഒളിവിൽ കഴിയുന്നെന്നു കരുതപ്പെടുന്ന ഹെക്മത്യാർക്കു തിരിച്ചുവരാനും രാഷ്ട്രീയത്തിൽ പ്രവേശിക്കാനും അവസരം നൽകുന്ന കരാറാണിത്. ഹെക്മത്യാറെ യുഎൻ ഭീകരപ്പട്ടികയിൽനിന്നു നീക്കം ചെയ്യാൻ അഫ്ഗാൻ സർക്കാർ സമ്മർദം ചെലുത്തും.

1990കളിലെ ആഭ്യന്തരയുദ്ധകാലത്ത് കാബൂളിലെ സിവിലിയന്മാരുടെ നേർക്ക് നിറയൊഴിച്ച് നിരവധി പേരെ കൊലപ്പെടുത്തുന്നതിനു ഹെക്മത്യാർ നേതൃത്വം കൊടുത്തെന്നാണ് ആരോപണം. യുദ്ധക്കുറ്റം ചെയ്തയാൾക്കു മാപ്പു നൽകുന്നതു നീതികരിക്കാനാവില്ലെന്നു കാബൂളിൽ പ്രതിഷേധിച്ച വർ പറഞ്ഞു. ഇരകളോടുള്ള അതിക്രമമെന്നാണ് ഹെക്മത്യാർക്കു മാപ്പു നൽകിയ നടപടിയെ മനുഷ്യാവകാശ ഗവേഷക പട്രീഷ്യ ഗ്രോസ്മൻ വിശേഷിപ്പിച്ചത്. താലിബാൻ ഉൾപ്പെടെയുള്ള തീവ്രവാദി വിഭാഗങ്ങളും സമാധാനപാതയിലേക്കു തിരിയാൻ ഈ കരാർ വഴിതെളിക്കുമെന്ന് അഫ്ഗാൻ സർക്കാർ വാദിക്കുന്നു.രാജ്യത്തു ശാശ്വത സമാധാനം സ്‌ഥാപിക്കുന്നതിനുള്ള ആദ്യത്തെ പടിയാണിതെന്ന് ഉന്നത സമാധാനസമിതി മേധാവി സയിദ് അഹമ്മദ് ഗീലാനി അഭിപ്രായപ്പെട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.