കാഷ്മീർ ചർച്ചയ്ക്കുള്ള ക്ഷണം ഇന്ത്യ ഉപേക്ഷിച്ചതിൽ പാക്കിസ്‌ഥാനു ഖേദം
കാഷ്മീർ ചർച്ചയ്ക്കുള്ള ക്ഷണം ഇന്ത്യ ഉപേക്ഷിച്ചതിൽ പാക്കിസ്‌ഥാനു ഖേദം
Friday, August 26, 2016 12:00 PM IST
ഇസ്ലാമാബാദ്: യുഎൻ പ്രമേയത്തിന്റെയും കാഷ്മീരി ജനതയുടെ അഭിപ്രായത്തിന്റെയും പേരിൽ കാഷ്മീർ പ്രശ്നം ചർച്ചചെയ്യാനുള്ള പാക്കിസ്‌ഥാന്റെ ക്ഷണം ഇന്ത്യ തുടർച്ചയായി നിരസിക്കുന്നതിൽ പാക്കിസ്‌ഥാൻ ഖേദം രേഖപ്പെടുത്തി.

പ്രധാനമന്ത്രിയുടെ പാക് വിദേശകാര്യ ഉപദേഷ്ടാവ് സർതാജ് അസീസ് ഇന്നലെ യുഎൻ സുരക്ഷാ കൗൺസിലിലാണ് ഇതുസംബന്ധിച്ച പരാമർശം നടത്തിയത്. യുഎൻ രക്ഷാസമിതിയിൽ സ്‌ഥിരാംഗത്വമുള്ള ചൈന, ഫ്രാൻസ്, റഷ്യ, യുകെ, യുഎസ്, യൂറോപ്യൻ യൂണിയൻ എന്നീ രാഷ്ട്രങ്ങളിലെ അംബാസഡർമാരാണു യോഗത്തിൽ പങ്കെടുത്തത്. ഇന്ത്യ കാഷ്മീരിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണു നടത്തുന്നതെന്നു പാക് വിദേശകാര്യമന്ത്രാലയം പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നു.

അതിർത്തി കടന്നുള്ള തീവ്രവാദം അവസാനിപ്പിക്കാതെ പാക്കിസ്‌ഥാനുമായി ചർച്ചയില്ലെന്ന നിലപാടാണ് ഇന്ത്യയുടേത്. ഇന്ത്യ നിലപാടു കടുപ്പിച്ചതോടെയാണ് ഏതു വിഷയവും ചർച്ച ചെയ്യാമെന്നു ചൂണ്ടിക്കാട്ടി ഇന്ത്യൻ വിദേശകാര്യ സെക്രട്ടറി എസ്. ജയ്ശങ്കറിനു പാക് വിദേശകാര്യമന്ത്രി രണ്ടുതവണ കത്തയച്ചത്. കാഷ്മീരിൽ നിരപരാധികൾക്കുനേരേയുള്ള മനുഷ്യാവകാശ ലംഘനങ്ങൾ അവസാനിപ്പിക്കണമെന്നും ഡോക്ടർമാർക്കും മെഡിക്കൽ സംഘത്തിനും കാഷ്മീരിലേക്കു യാത്രാനുമതി നൽകണമെന്നുമായിരുന്നു കത്തുകളിലെ ആവശ്യം. ഇന്ത്യ ഇതു തള്ളിക്കളയുകയായിരുന്നു.


ഓഗസ്റ്റ് 19നാണ് അവസാന കത്ത് ലഭിച്ചത്. ഈ മാസം അവസാനം ഇസ്ലാമാബാദിൽ ചർച്ച നടത്താമെന്നായിരുന്നു ക്ഷണക്കത്തിൽ പാക്കിസ്‌ഥാൻ സൂചിപ്പിച്ചത്.

കാഷ്മീരിൽ ഇന്ത്യൻ സൈനികർ പെല്ലറ്റ് തോക്കുകൾ ഉപയോഗിക്കുന്നുണ്ടെന്നും നിരപരാധികളായ 80 പേർ കൊല്ലപ്പെട്ടെന്നും അംബാസഡർമാരുടെ യോഗത്തിൽ സർതാജ് അസീസ് പറഞ്ഞു. കഴിഞ്ഞമാസം ഹിസ്ബുൾ കമാൻഡർ ബുർഹൻ വാനിയെ അനന്ത്നാഗിലുണ്ടായ ഏറ്റുമുട്ടലിൽ സൈന്യം കൊലപ്പെടുത്തിയതാണ് കാഷ്മീർ താഴ്വര സംഘർഷഭരിതമാകാൻ കാരണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.