കൊളംബിയയിൽ സർക്കാരും വിമതരും കരാർ ഒപ്പിട്ടു
കൊളംബിയയിൽ സർക്കാരും വിമതരും കരാർ ഒപ്പിട്ടു
Thursday, August 25, 2016 11:55 AM IST
ഹവാന: ലാറ്റിൻ അമേരിക്കൻ രാജ്യമായ കൊളംബിയയിലെ അരനൂറ്റാണ്ടു ദീർഘിച്ച ഗറിലായുദ്ധത്തിനു വിരാമമാകുന്നു. റവല്യൂഷണറി ആംഡ്ഫോഴ്സസ് ഓഫ് കൊളംബിയ(ഫാർക്) എന്ന ഗറിലാ സംഘടനയും കൊളംബിയൻ സർക്കാരും സമാധാനകരാറിൽ ഒപ്പിട്ടു. ഹവാനയിലെ സമാധാന ചർച്ചയ്ക്ക് ക്യൂബയും നോർവേയും മാധ്യസ്‌ഥ്യം വഹിച്ചു.

ഒക്ടോബർ രണ്ടിനു നടത്തുന്ന ഹിതപരിശോധനയ്ക്കുശേഷമേ കരാർ നിയമമാവൂ. ഹിതപരിശോധനയിൽ കരാറിന് അംഗീകാരം ഉറപ്പാണെന്നാണു സൂചന.

സർക്കാരും ഗറിലകളും തമ്മിൽ നടത്തിയ യുദ്ധത്തിൽ 2,20,000 പേർക്കു ജീവഹാനി നേരിട്ടെന്നാണു കണക്ക്. ഭവനരഹിതരായവരുടെ എണ്ണം അരക്കോടി വരും.

സമാധാന കരാർ ഒപ്പിട്ടതിനു കൊളംബിയൻ പ്രസിഡന്റ് ഹുവാൻ മാനുവൽ സാന്റോസിനെ യുഎൻ സെക്രട്ടറി ജനറൽ ബാൻ കി മൂണും യുഎസ് പ്രസിഡന്റ് ഒബാമയും അഭിനന്ദിച്ചു. മയക്കുമരുന്നു വിരുദ്ധനയത്തിൽ അഴിച്ചുപണി നടത്തുന്നതിനും ഭൂപരിഷ്കരണം നടത്തുന്നതിനും അവഗണിക്കപ്പെട്ട ഗ്രാമീണ മേഖലകൾക്കുവേണ്ടി കൂടുതൽ പണം ചെലവഴിക്കുന്നതിനും കരാർ പ്രകാരം സർക്കാരിനു ബാധ്യതയുണ്ട്.


യുഎസ് പിന്തുണയോടെ കൊളംബിയൻ സൈന്യം നടത്തിയ പോരാട്ടത്തിൽ നിരവധി ഗറിലകൾക്കു ജീവഹാനി നേരിട്ടതാണ് അവരെ സന്ധി സംഭാഷണത്തിനു പ്രേരിപ്പിച്ചത്. എന്നാൽ, കരാറിലെ ചില വ്യവസ്‌ഥകളെ കൊളംബിയൻ പ്രസിഡന്റ് സാന്റോസിന്റെ എതിരാളികൾ വിമർശിച്ചു. മുൻഗറിലകൾ രൂപീകരിക്കുന്ന രാഷ്ട്രീയ പാർട്ടിക്കാർക്ക് തെരഞ്ഞെടുപ്പിൽ മത്സരിച്ച് പാർലമെന്റിൽ എത്താമെന്ന വ്യവസ്‌ഥയാണ് ഒന്ന്. കുറ്റസമ്മതം നടത്തുന്ന പോരാളികളുടെ ശിക്ഷയിൽ ഇളവ് അനുവദിക്കണമെന്ന വ്യവസ്‌ഥയും അംഗീകരിക്കാനാവില്ലെന്ന് എതിരാളികൾ ചൂണ്ടിക്കാട്ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.