ഇറ്റലിയിൽ ഭൂകമ്പം: 120 മരണം
ഇറ്റലിയിൽ ഭൂകമ്പം: 120 മരണം
Wednesday, August 24, 2016 11:44 AM IST
റോം: സെൻട്രൽ ഇറ്റലിയിൽ ഇന്നലെയുണ്ടായ ഭൂകമ്പത്തിൽ കുറഞ്ഞത് 120 പേർ കൊല്ലപ്പെടുകയും നിരവധി പേർക്കു പരിക്കേൽക്കുകയും ചെയ്തു. 150 പേരെ കാണാതായിട്ടുണ്ട്. തകർന്ന കെട്ടിടങ്ങൾക്കടിയിൽ കുടുങ്ങിയവരെ രക്ഷിക്കാൻ രക്ഷാപ്രവർത്തകർ തീവ്രശ്രമം നടത്തുകയാണ്.

അംബ്രിയ, മാർച്ചേ, ലാസിയോ മേഖലകളിൽ പുലർച്ചെയുണ്ടായ ഭൂകമ്പം റിക്ടർ സ്കെയിലിൽ 6.2 തീവ്രത രേഖപ്പെടുത്തി. പെറൂജിയ പ്രവിശ്യയിലെ നോർസിയ പട്ടണത്തിനു സമീപം ഭൂനിരപ്പിൽനിന്നു പത്തുകിലോമീറ്റർ ആഴത്തിലാണു പ്രഭവ കേന്ദ്രം. അമാട്രിസ്, അക്കുമോലി പട്ടണങ്ങൾ ഏതാണ്ടു പൂർണമായി തകർന്നടിഞ്ഞു. പോസ്റ്റാ, ്അർക്വാറ്റാ ഡെൽ ട്രോന്റോ എന്നീ നഗരങ്ങളിലും കനത്തനാശമുണ്ടായി.

പ്രഭവകേന്ദ്രത്തിൽനിന്നു 160 കിലോമീറ്റർ അകലെ റോമിൽ വരെ കുലുക്കം അനുഭവപ്പെട്ടു. രക്ഷാപ്രവർത്തനത്തിനു സൈന്യത്തെ നിയോഗിച്ചിട്ടുണ്ട്. പുലർച്ചെ പ്രാദേശിക സമയം 3.36നുണ്ടായ ഭൂകമ്പത്തെത്തുടർന്നു നിരവധി തുടർ ചലനങ്ങളും അനുഭവപ്പെട്ടു. ഇതെത്തുടർന്നു ജനങ്ങൾ കെട്ടിടങ്ങളിൽനിന്നു തെരുവിലേക്ക് ഓടി.


2009നുശേഷം ഇറ്റലിയിലുണ്ടാവുന്ന ഏറ്റവും വലിയ ഭൂകമ്പമാണിത്. ലാഅക്വിലാ മേഖലയിൽ അന്നുണ്ടായ ഭൂകമ്പത്തിൽ 300 പേർക്കു ജീവഹാനി നേരിട്ടിരുന്നു.

ഫ്രാൻസിസ് മാർപാപ്പ ഇന്നലെ വത്തിക്കാനിൽ പതിവുള്ള പൊതുദർശന പ്രഭാഷണം റദ്ദാക്കി. സെന്റ് പീറ്റേഴ്സ് അങ്കണത്തിൽ തടിച്ചുകൂടിയ തീർഥാടകരോടൊപ്പം മാർപാപ്പ ദുരിതബാധിതർക്കു വേണ്ടി ജപമാല ചൊല്ലി പ്രാർഥിച്ചു. ജപമാലയിലെ ദുഃഖത്തിന്റെ രഹസ്യങ്ങളാണു ചൊല്ലിയത്. ദുരന്തമേഖലയിൽ രക്ഷാപ്രവർത്തനം നടത്തുന്നവരോട് അദ്ദേഹം നന്ദി പറഞ്ഞു. ദുരിതസഹായമായി പത്തുലക്ഷം യൂറോ നൽകാൻ ഇറ്റാലിയൻ ബിഷപ്സ് കോൺഫ്രൻസ് തീരുമാനിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.