പുഞ്ചിരിച്ചു മരണം വരിക്കുന്ന സിസ്റ്ററിന്റെ ചിത്രം വൈറലായി
പുഞ്ചിരിച്ചു മരണം വരിക്കുന്ന സിസ്റ്ററിന്റെ ചിത്രം വൈറലായി
Monday, June 27, 2016 12:35 PM IST
ബുവേനോസ് ആരീസ്: മരണം മറ്റൊരു ജീവിതത്തിന്റെ തുടക്കമാണെങ്കിൽ അതിനെ സ്വീകരിക്കേണ്ടതു സന്തോഷത്തോടെയാവണം. എന്നാൽ, എല്ലാവർക്കും അങ്ങനെ ചിരിച്ചുകൊണ്ട് ഈ ലോകത്തോടു വിടപറയാനാവില്ല. പക്ഷേ, അർജന്റീനക്കാരിയായ സിസ്റ്റർ സിസിലിയ എല്ലാവരെയും അദ്ഭുതപ്പെടുത്തുന്നു. ശരിക്കും ചിരിച്ചുകൊണ്ടുതന്നെ അവർ മരണത്തെ പുൽകി. മനോഹരമായി ചിരിക്കുന്ന മുഖത്തോടെ മരിച്ചുകിടക്കുന്ന സിസ്റ്ററിന്റെ ചിത്രം സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാണ്.

ശ്വാസകോശാർബുദം മൂലം ഏറെ ക്ലേശിച്ചിരുന്ന സിസ്റ്റർ സിസിലിയ, പക്ഷേ എപ്പോഴും സന്തോഷവതിയായിരുന്നു. അർജന്റീനയിലെ കാർമൽ ഓഫ് സാന്താ ഫേ സന്യാസസമൂഹത്തിലെ അംഗമാണു സിസ്റ്റർ സിസിലിയ. സിസ്റ്ററിന്റെ മരണം സംബന്ധിച്ചു കാർമൽ സന്യാസസമൂഹം പുറത്തുവിട്ട ചരമ അറിയിപ്പ് അതിലും ഹൃദ്യമായി. ‘‘അതികഠിനമായ വേദനകൾക്കൊടുവിൽ സമാധാനത്തോടെ നമ്മുടെ പ്രിയപ്പെട്ട കുഞ്ഞ് സിസ്റ്റർ അതീവ സന്തോഷവതിയായി നാഥന്റെ കൈകളിൽ ഗാഢനിദ്രയിൽ അമർന്നു. അവൾ നേരിട്ടു സ്വർഗം പൂകിയെന്നു ഞങ്ങൾക്കുറപ്പുണ്ടെങ്കിലും അവൾക്കുവേണ്ടിയുള്ള പ്രാർഥന മുടക്കരുത്’’ എന്നു പറഞ്ഞാണു കുറിപ്പ് അവസാനിപ്പിക്കുന്നത്. കുറിപ്പിനൊപ്പം പുറത്തുവിട്ട ചിത്രം പതിനായിരം വാക്കുകളെക്കാൾ വാചാലമാണ്. സോഷ്യൽ മീഡിയയിൽ ദിനംപ്രതി ഹിറ്റുകൾ വർധിക്കുന്നതിന് കാരണവും മറ്റൊന്നല്ല. ആശുപത്രിയിലായിരുന്നപ്പോൾ പുറത്തു പൂന്തോട്ടത്തിൽ ബന്ധുക്കളും സുഹൃത്തുക്കളും സമ്മേളിച്ചു സന്തോഷം പങ്കുവയ്ക്കുന്നതു പുഞ്ചിരിയോടെ സിസ്റ്റർ നോക്കിക്കണ്ടു. വേദനകളെ പുഞ്ചിരിയോടെ സ്വീകരിക്കുന്ന സിസ്റ്റർ സിസിലിയയുടെ ആരോഗ്യസ്‌ഥിതി മോശമായ വാർത്ത വളരെ വേഗത്തിലാണു പുറത്തുവന്നത്. അതു സോഷ്യൽ മീഡിയകൾ ഏറ്റെടുക്കുകയും ചെയ്തു.


ഫ്രാൻസിസ് മാർപാപ്പ പോലും സിസ്റ്ററിനെ സംബന്ധിച്ചു കൂടുതൽ അറിയാൻ താത്പര്യം പ്രകടിപ്പിച്ചു. കടുത്ത വേദന അനുഭവിക്കുമ്പോഴും സന്തോഷം കൈവിടാൻ അവർ ഒട്ടും തയാറായിരുന്നില്ല. വേദനയെ പ്രാർഥനയായി തിരുസന്നിധിയിൽ അർപ്പിച്ചുകൊണ്ട് ആന്തരിക ദൈവാനുഭവം ആസ്വദിക്കുകയായിരുന്നിരിക്കാം സിസ്റ്റർ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.