അതിർത്തിയിൽ സമാധാനം അനിവാര്യം: രാഷ്ട്രപതി
അതിർത്തിയിൽ സമാധാനം അനിവാര്യം: രാഷ്ട്രപതി
Tuesday, May 24, 2016 11:50 AM IST
ബെയ്ജിംഗ്: ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി നാലുദിവസത്തെ സന്ദർശനത്തിനു രാഷ്ട്രപതി പ്രണാബ് മുഖർജി ചൈനയിലെത്തി. ഇരുരാജ്യങ്ങളുടെയും അതിർത്തിയിൽ സമാധാനവും ശാന്തിയും ഉറപ്പുവരുത്തുന്ന, സുതാര്യവും പരസ്പര സഹകരണത്തോടെയുമുള്ള പരിഹാരമാർഗങ്ങളുണ്ടാവേണ്ടതുണ്ടെന്ന് ചൈനീസ് വാർത്താ ഏജൻസിയായ സിൻഹുവയ്ക്കു നല്കിയ അഭിമുഖത്തിൽ പ്രണാബ് മുഖർജി പറഞ്ഞു.

നാലു ദിവസത്തെ സന്ദർശനത്തിന്റെ ഭാഗമായി ചൈനീസ് പ്രസിഡന്റ് ഷി ചിൻപിംഗ്, പ്രധാനമന്ത്രി ലി കെചിയാംഗ്, നാഷണൽ പീപ്പിൾസ് കോൺഗ്രസ് ചെയർമാൻ സംഗ് ഡെജിയാംഗ് എന്നിവരുമായി കൂടിക്കാഴ്ച നടത്തും. അതിർത്തി തർക്കങ്ങൾ, ജയ്ഷ്–ഇ–മുഹമ്മദ് തലവൻ മസൂദ് അസറിനെ യുഎൻ കരിമ്പട്ടികയിൽപ്പെടുത്തുവാനുള്ള പിന്തുണ തുടങ്ങിയ വിഷയങ്ങൾ ചർച്ചചെയ്യും. ആണവ വിതരണ സംഘ(എൻഎസ്ജി)ത്തിൽ ഇന്ത്യയുടെ അംഗത്വത്തിനു പിന്തുണ അഭ്യർഥിക്കും.

ബെയ്ജിംഗിൽ നടക്കുന്ന ഇന്ത്യയുടെയും ചൈനയുടെയും കേന്ദ്ര സർവകലാശാലകളിലെ വൈസ്ചാൻസലർമാരുടെ വട്ടമേശ സമ്മേളനത്തിൽ രാഷ്ട്രപതി നേതൃത്വം വഹിക്കും. വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ടു പഠനനിലവാരം ഉയർത്താനും വിദ്യാർഥികൾക്കു സൗകര്യങ്ങളൊരുക്കാനും ധാരണാപത്രം ഒപ്പുവയ്ക്കുമെന്നു കിഴക്കൻ ഏഷ്യയുടെ ചുമതലയുള്ള ജോയിന്റ് സെക്രട്ടറി പ്രദീപ് റാവത് പറഞ്ഞു.


കേന്ദ്ര സർവകലാശാലകളിലെ വൈസ് ചാൻസലർമാർ, ഡൽഹിയിലെയും ഭുവനേശ്വറിലെയും ഐഐടികളുടെ തലവന്മാർ, നാഗ്പുർ, അഗർത്തല എൻഐടികളുടെ തലവന്മാർ എന്നിവർ രാഷ്ട്രപതിയെ അനുഗമിക്കുന്നുണ്ട്. ചൈനയുടെ വ്യവസായ നഗരമായ ഗുവാഗ്സുവിൽ ഇന്ത്യ–ചൈന ബിസിനസ് ഫോറത്തിൽ രാഷ്ട്രപതി പങ്കെടുക്കും. തുടർന്ന് ഇന്ത്യക്കാരായ വ്യാപാരികളുമായി കൂടിക്കാഴ്ച നടത്തും. മൂവായിരത്തിലധികം പേർ കൂടിക്കാഴ്ചയിൽ പങ്കെടുക്കും. ബെയ്ജിംഗിലെ പീക്കിംഗ് യൂണിവേഴ്സിറ്റിയിൽ വിദ്യാർഥികളുമായി സംവദിക്കും. 27ന് സന്ദർശനം പൂർത്തിയാക്കി ഇന്ത്യയിലേക്കു പുറപ്പെടും.

2010ൽ പ്രതിഭാ പാട്ടീലിനുശേഷം ഇതാദ്യമായാണ് രാഷ്ട്രപതി ചൈന സന്ദർശിക്കുന്നത്. ചൈനീസ് പ്രസിഡന്റ് ഷി ചിൻപിംഗ് 2014 സെപ്റ്റംബറിൽ ഇന്ത്യ സന്ദർശിച്ചിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.