താലിബാൻ മേധാവി മുല്ല മൻസൂർ കൊല്ലപ്പെട്ടു
താലിബാൻ മേധാവി മുല്ല മൻസൂർ കൊല്ലപ്പെട്ടു
Sunday, May 22, 2016 11:58 AM IST
കാബുൾ: അഫ്ഗാൻ ഭീകരസംഘടനയായ താലിബാന്റെ മേധാവി മുല്ല മൻസൂർ അക്‌തർ അമേരിക്കയുടെ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടു. ബലുചിസ്‌ഥാനിൽ പാക്കിസ്‌ഥാൻ–അഫ്ഗാനിസ്‌ഥാൻ അതിർത്തിയിലെ അഹമ്മദ് വാൾ ടൗണിൽ മസൂറിന്റെ ഒളിത്താവളം കണ്ടെത്തിയാണ് അമേരിക്ക പൈലറ്റില്ലാ വിമാനത്തിൽ ആക്രമണം നടത്തിയത്. മൻസൂറിനൊപ്പം മറ്റൊരു ഭീകരനും കൊല്ലപ്പെട്ടതായി അഫ്ഗാൻ ഇന്റലിജൻസ് ഏജൻസികൾ സ്‌ഥിരീകരിച്ചു.

പുതിയ തലവനെ പ്രഖ്യാപിച്ചശേഷം കാബുളിലെത്തി രാഷ്ട്രീയ പാർട്ടിയായി തുടരാൻ താലിബാൻ സന്നദ്ധത കാട്ടണമെന്ന് അഫ്ഗാൻ പ്രതിരോധ വക്‌താവ് ദൽവാത് വസീറി പത്രസമ്മേളനത്തിൽ പറഞ്ഞു.

അതേസമയം, ഭീകരർക്കു പാക്കിസ്‌ഥാൻ ഒളിത്താവളമൊരുക്കുകയാണെന്ന അമേരിക്കയുടെ പ്രസ്താവന പാക് പ്രധാനമന്ത്രി നവാസ് ഷരീഫ് തള്ളിക്കളഞ്ഞു. വാഷിംഗ്ടണിലുള്ള ഇന്ത്യ–ഇസ്രയേൽ അനുഭാവികളാണ് ഇത്തരം വാർത്തകൾക്കു പിന്നിലെന്നും ഷരീഫ് പറഞ്ഞു. പാക്കിസ്‌ഥാൻ അമേരിക്കയുടെ പ്രവിശ്യയിലല്ലെന്ന് ഡോണാൾഡ് ട്രംപ് അറിയണം. പാക്കിസ്‌ഥാനിൽ അമേരിക്ക ആക്രമണം നടത്തില്ല. മുല്ല അയൽരാജ്യമായ ഇന്ത്യയിലാണോ കൊല്ലപ്പെട്ടതെന്ന് അമേരിക്ക കണ്ടെത്തണം: ഷരീഫ് പറഞ്ഞു.

മൻസൂറിനെ കൊലപ്പെടുത്തിയ സൈനികരെ അമേരിക്കൻ പ്രസിഡന്റ് ബറാക് ഒബാമ അഭിനന്ദിച്ചു. താലിബാനിലെ സമാധാനശ്രമങ്ങൾക്കു ഭീഷണി ഉയർത്തുന്ന താലിബാനു കിട്ടുന്ന വലിയ പ്രഹരമാണിതെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി ജോൺ കെറി മ്യാൻമറിൽ പറഞ്ഞു. അഫ്ഗാനിസ്‌ഥാനിലെ ഭരണക്രമത്തിൽ പങ്കാളിയാവുന്നതിൽനിന്ന് താലിബാനെ മാറ്റിനി ർത്തിയതു മൻസൂറാണ്.2013ൽ മുല്ലാ ഉമർ കൊല്ലപ്പെട്ടുവെന്നു സ്‌ഥിരീകരിച്ചതിനെത്തുടർന്നാണ് 2015ൽ മൻസൂർ താലിബാന്റെ നേതൃസ്‌ഥാനം ഏറ്റെടുത്തത്.


അഫ്ഗാനിസ്‌ഥാനിൽ താലിബാൻ നടത്തിയ ആക്രമണത്തിൽ സുരക്ഷാ ഉദ്യോഗസ്‌ഥരും അമേരിക്കൻ സൈനികരുമുൾപ്പെടെ ആയിരക്കണക്കിനാളുകൾ കൊല്ലപ്പെട്ടിട്ടുണ്ട്.

2011ൽ പാക്കിസ്‌ഥാനിലെ അബോട്ടാബാദിൽ കടന്നാണ് അൽക്വയ്ദ തലവൻ ഒസാമ ബിൻ ലാദനെ അമേരിക്കൻ സൈനികർ കൊലപ്പെടുത്തിയത്.

അഫ്ഗാൻ ഗറില്ല കമാൻഡർ സിറാജുദീൻ ഹഖ്വാനി താലിബാൻ തലവനാകുമെന്നാണ് അഫ്ഗാൻ ഇന്റലിജൻസ് വൃത്തങ്ങൾ നല്കുന്ന സൂചന. മൻസൂറിനെക്കാൾ അപകടകാരിയാണ് സിറാജുദീൻ ഹഖ്വാനി. കാബൂളിൽ കഴിഞ്ഞദിവസമുണ്ടായ ഹഖ്വാനിയുടെ ആക്രമണങ്ങളിൽ 64 പേരാണു കൊല്ലപ്പെട്ടത്.

1979 ൽ അഫ്ഗാനിസ്‌ഥാനിൽ കടന്നുകയറിയ സോവിയറ്റ് സൈന്യത്തെ തുരത്തിയത് സിറാജുദീന്റെ പിതാവ് ജലാലുദീന്റെ നേതൃത്വത്തിലുള്ള മുജാഹിദീൻ സൈന്യമാണ്. റൊണാൾഡ് റീഗൻ അമേരിക്കൻ പ്രസിഡന്റായ വേളയിൽ ജലാലുദീൻ വൈറ്റ്ഹൗസിലെത്തി സന്ദർശിച്ചിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.