പ്രധാനമന്ത്രി ഇറാനിൽ; ഇന്ന് റുഹാനിയെ സന്ദർശിക്കും
പ്രധാനമന്ത്രി ഇറാനിൽ; ഇന്ന്   റുഹാനിയെ സന്ദർശിക്കും
Sunday, May 22, 2016 11:58 AM IST
ടെഹ്റാൻ: ഉഭയകക്ഷി ചർച്ചകൾക്കായി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്നലെ ഇറാനിലെ ടെഹ്റാനിലെത്തി. ഇരുരാജ്യങ്ങളും ഏതാനും പ്രധാനപ്പെട്ട കരാറുകളിൽ ധാരണയാകും. ഇറാനിലെ ചബാഹർ തുറമുഖത്തിന്റെ വികസനത്തിനായുള്ള കരാറിലും ഊർജസഹകരണം സംബന്ധിച്ചുള്ള കരാറിലും ഇരു രാജ്യങ്ങളും ഒപ്പുവയ്ക്കും.

മെഹ്റാബാദ് അന്താരാഷ്്ട്രവിമാനത്താവളത്തിലെത്തിയ മോദിയ ഇറാന്റെ ധനമന്ത്രി അലി തയ്യേബ്നിയ സ്വീകരിച്ചു. തുടർന്ന് ഇന്ത്യക്കാർ വസിക്കുന്ന മേഖലയിലെ ഗുരുദ്വാര മോദി സന്ദർശിച്ചു. ഇറാൻ പ്രസിഡന്റ് ഹസൻ റൂഹാനിയുമായുള്ള ഔദ്യോഗിക കൂടിക്കാഴ്ചയും ചർച്ചയും ഇന്നു രാവിലെയാണ്.

ഔദ്യോഗിക സ്വീകരണത്തിനുശേഷമായിരിക്കും ചർച്ച. ഇറാന്റെ പരമോന്നത നേതാവ് അയത്തുള്ള അലി ഖൊമേനിയേയും സന്ദർശിക്കും.


ഇറാനിൽനിന്ന് പെട്രോളിയം ഇറക്കുമതി ഇരട്ടിയാക്കാൻ ഇന്ത്യ ഉദ്ദേശിച്ചിട്ടുണ്ട്. ചബാഹർ തുറമുഖവികസന കരാറിൽ ഒപ്പിടുമ്പോൾ കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി, എണ്ണ പ്രകൃതിവാകത വകുപ്പ് മന്ത്രി ധർമേന്ദ്ര പ്രധാൻ വിദേശകാര്യമന്ത്രി സുഷമ സ്വരാജ് എന്നിവർ സന്നിഹിതരായിരിക്കും.

സാംസ്കാരികമായി ഇറാനും ഇന്ത്യയും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നതിനാൽ മേഖലയിലെ സുരക്ഷയ്ക്കും വികസനത്തിനും സമാധാനത്തിനും കൂട്ടായ പ്രവർത്തനത്തിന് തടസമില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.