ബംഗ്ലാദേശിൽ ചുഴലിക്കാറ്റ്; 21 പേർ കൊല്ലപ്പെട്ടു
ബംഗ്ലാദേശിൽ ചുഴലിക്കാറ്റ്; 21 പേർ കൊല്ലപ്പെട്ടു
Saturday, May 21, 2016 12:17 PM IST
ധാക്ക: ബംഗ്ലാദേശന്റെ തെക്കൻ മേഖലയിൽ റോണു ചുഴലിക്കാറ്റ് കനത്ത നാശം വിതച്ചു. പ്രളയത്തിലും മണ്ണിടിച്ചിലിലും 21 പേർ മരിച്ചു. അഞ്ചുലക്ഷം പേരെ സുരക്ഷിത സങ്കേതങ്ങളിലേക്കു മാറ്റിപ്പാർപ്പിച്ചെന്ന് അധികൃതർ വ്യക്‌തമാക്കി.

ഇന്നലെ ഉച്ചയോടെ മണിക്കൂറിൽ 88 കിലോമീറ്റർ വേഗമുള്ള കാറ്റ് ആഞ്ഞടിച്ചു. മഴയും പ്രളയവും ഉണ്ടായി. മരങ്ങൾ കടപുഴകിവീണു. ബനസ്കലി മേഖലയിൽ ഏഴുപേർ മുങ്ങിമരിച്ചു. നിരവധി തീരഗ്രാമങ്ങളിൽ വെള്ളം കയറിയെന്നു ചിറ്റഗോംഗ് പോലീസ് ഇൻസ്പെക്ടർ ഷാ ആലം പറഞ്ഞു.

കടലാക്രമണത്തിൽ ഹതിയ ദ്വീപിൽ അമ്മയും കുഞ്ഞും കൊല്ലപ്പെട്ടു. ചിറ്റഗോംഗ് വിമാനത്താവളത്തിൽനിന്നുള്ള വിമാന സർവീസുകൾ നിർത്തിവച്ചിരിക്കുകയാണ്. കപ്പലുകളുടെയും ബോട്ടുകളുടെയും സഞ്ചാരത്തിനും നിയന്ത്രണം ഏർപ്പെടുത്തി.


നാലായിരം അഭയകേന്ദ്രങ്ങൾ തയാറാക്കിയിട്ടുണ്ടെന്നും കൂടുതൽപേരെ മാറ്റിപ്പാർപ്പിക്കാൻ എല്ലാ സജ്‌ജീകരണങ്ങളും പൂർത്തിയാക്കിയെന്നും ബംഗ്ലാ അധികൃതർ പറഞ്ഞു. പെരുമഴയും പ്രളയവും മണ്ണിടിച്ചിലും ശ്രീലങ്കയിൽ കനത്തനാശം വിതച്ച് ഒരാഴ്ചയ്ക്കകമാണ് ബംഗ്ലാദേശിലും ചുഴലിക്കാറ്റുണ്ടാവുന്നത്. ശ്രീലങ്കയിൽ ഇതിനകം 73 പേർ കൊല്ലപ്പെട്ടതായി സ്‌ഥിരീകരിച്ചു. മണ്ണിനടിയിൽപ്പെട്ട മറ്റു നിരവധി പേരെക്കുറിച്ച് ഇനിയും വിവരമില്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.