നെതന്യാഹുവുമായി ഇടഞ്ഞ് ഇസ്രേലി പ്രതിരോധമന്ത്രി യാലോൺ രാജിവച്ചു
നെതന്യാഹുവുമായി ഇടഞ്ഞ് ഇസ്രേലി പ്രതിരോധമന്ത്രി  യാലോൺ രാജിവച്ചു
Friday, May 20, 2016 11:14 AM IST
ജറുസലേം: പ്രധാനമന്ത്രി നെതന്യാഹുവുമായുള്ള ഭിന്നതയെത്തുടർന്ന് ഇസ്രേലി പ്രതിരോധമന്ത്രി മോഷെ യാലോൺ രാജിവച്ചു. തീവ്ര വലതുപക്ഷ പാർട്ടിയായ യിസ്രയേൽ ബറ്റന്യൂവിനെക്കൂടി ചേർത്ത് ഭരണമുന്നണി വികസിപ്പിക്കാനും, നേതാവ് അവിഗ്ദോർ ലീബർമാന് പ്രതിരോധമന്ത്രിപദം നൽകാനുമുള്ള നെതന്യാഹൂവിന്റെ തീരുമാനമാണു രാജിക്കിടയാക്കിയത്. നെതന്യാഹുവിൽ വിശ്വാസം നഷ്‌ടപ്പെട്ടെന്ന് യാലോൺ പറഞ്ഞു.

ലിക്കുഡ് പാർട്ടി നേതാവായ നെതന്യാഹു നേതൃത്വം നൽകുന്ന ആറംഗ മുന്നണിക്കു 120 അംഗ പാർലമെന്റിൽ 61 അംഗങ്ങളേയുള്ളൂ. ലീബർമാന്റെ പാർട്ടിയെക്കൂടി മുന്നണിയിലെടുക്കുന്നതോടെ ഭൂരിപക്ഷം 67 ആകും.


രാജ്യവും ലിക്കുഡ് നേതൃത്വവും തീവ്രവാദികളുടെ പിടിയിൽ അമരുകയാണെന്നും ഇതു ഖേദകരമാണെന്നും മുൻ സൈന്യാധിപൻ കൂടിയായ യാലോൺ പറഞ്ഞു. രാഷ്ട്രീയം വിടില്ലെന്നും ഭാവിയിൽ നേതൃപദവിയിലേക്കു മത്സരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, യാലോണിന്റെ വിമർശനം നെതന്യാഹൂ തള്ളി. യാലോണിനു വിദേശകാര്യമന്ത്രിപദം വാഗ്ദാനം ചെയ്തെങ്കിലും അദ്ദേഹം നിരസിക്കുകയായിരുന്നുവെന്ന് പ്രധാനമന്ത്രി വെളിപ്പെടുത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.