ആലപ്പോ വ്യോമാക്രമണത്തിൽ 61 മരണം, ആശുപത്രി തകർന്നു
ആലപ്പോ വ്യോമാക്രമണത്തിൽ 61 മരണം, ആശുപത്രി തകർന്നു
Thursday, April 28, 2016 11:07 AM IST
ആലപ്പോ: സിറിയയിലെ രണ്ടാമത്തെ വലിയ നഗരമായ ആലപ്പോയിൽ ബുധനാഴ്ച നടന്ന വ്യോമാക്രമണങ്ങളിൽ 61 പേർക്കു ജീവഹാനി നേരിട്ടു.

ആലപ്പോയിൽ വിമതരുടെ അധീനതയിലുള്ള മേഖലയിലെ അൽ–ഖുദ്സ് ആശുപത്രി വ്യോമാക്രമണത്തിൽ തകർന്നു.14 ഡോക്ടർമാരും രോഗികളും ഉൾപ്പെടെ 27 പേർ കൊല്ലപ്പെട്ടു.ഒരു ദന്തഡോക്ടറും കുട്ടികളുടെ രോഗചികിത്സാവിദഗ്ധനും ഏതാനും കുട്ടികളും മരിച്ചവരിൽ ഉൾപ്പെടുന്നു. ഡോക്ടേഴ്സ് വിത്തൗട്ട് ബോർഡേഴ്സ് എന്ന സംഘടനയാണ് ആശുപത്രി നടത്തുന്നത്. ആലപ്പോയിൽ നടന്ന മറ്റൊരു വ്യോമാക്രണത്തിൽ 20 പേർകൂടി കൊല്ലപ്പെട്ടു. 24 മണിക്കൂറിനുള്ളിൽ മൊത്തം 61 പേർക്കു ജീവഹാനി നേരിട്ടു. സിറിയൻ യുദ്ധവിമാനങ്ങൾക്കു പുറമേ റഷ്യൻ യുദ്ധവിമാനങ്ങളും ആക്രമണത്തിൽ പങ്കെടുത്തതായി സംശയിക്കേണ്ടിയിരിക്കുന്നുവെന്ന് പ്രതിപക്ഷ സിറിയൻ വിമത ഗ്രൂപ്പായ സിറിയൻ നാഷണൽ കൗൺസിലിന്റെ മേധാവി അനസ് അൽ അബ്ദ് പറഞ്ഞു.

ആലപ്പോയിലെ സർക്കാർ നിയന്ത്രിത മേഖലകളിലേക്ക് വിമതർ നടത്തിയ റോക്കറ്റ് ആക്രമണത്തിൽ 18ലധികം പേർ മരിച്ചു. അസാദ് അനുകൂലികളും വിമതരും തമ്മിൽ നടന്ന പോരാട്ടത്തിൽ ഒരാഴ്ചയ്ക്കുള്ളിൽ ആലപ്പോയിൽ 200 പേർക്കു ജീവഹാനി നേരിട്ടു.

എട്ടാഴ്ചയായി സിറിയയിൽ നിലവിലുള്ള വെടിനിർത്തൽ ഏതാണ്ട് അവസാനിച്ചമട്ടാണെന്ന് യുഎൻ ദൂതൻ സ്റ്റഫാൻ മിസ്തൂര പറഞ്ഞു. യുഎസ് പ്രസിഡന്റ് ഒബാമയും റഷ്യൻ പ്രസിഡന്റ് പുടിനും ചേർന്നു കൊണ്ടുവന്ന വെടിനിർത്തൽ കരാർ സിറിയൻ സർക്കാരും വിമതരും അംഗീകരിച്ചിരുന്നു. ഐഎസും ഭീകരസംഘടനകളും വെടിനിർത്തൽ കരാറിന്റെ പരിധിയിൽ വരില്ല.


ആലപ്പോയിലെ സ്‌ഥിതി അത്യന്തം സ്ഫോടനാത്മകമാണെന്നു ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ചുമതലയുള്ള യുഎൻ പ്രതിനിധി ജാൻ എഗെലാൻഡ് പറഞ്ഞു. വ്യോമാക്രമണത്തിലും റോക്കറ്റ് ആക്രമണത്തിലും നിരവധി ജീവകാരുണ്യ പ്രവർത്തകർ കൊല്ലപ്പെടുന്നു.

അംഗഭംഗം വന്നവരുടെ എണ്ണവും കുറവല്ല. ജീവകാരുണ്യ പ്രവർത്തനങ്ങൾ നിലച്ചുപോകുമെന്ന സ്‌ഥിതിയാണ്. പതിനായിരക്കണക്കിനു ജനങ്ങൾ ഇതോടെ ദുരിതത്തിലാവുമെന്ന് എഗെലാൻഡ് ചൂണ്ടിക്കാട്ടി.

ഇതിനിടെ ആലപ്പോ നഗര ത്തിലെ വിമതമേഖലകൾ പിടിച്ചടക്കുന്നതിനു സിറിയൻ സൈന്യം വൻ യുദ്ധത്തിനു തയാറെടുക്കുന്നതായി റിപ്പോർട്ടുണ്ട്.

വടക്കൻ സിറിയയിലെ കുർദിഷ് പ്രവിശ്യയായ ഹസാക്കയിൽ 150 യുഎസ് സൈനികർ എത്തിയതായി സിറിയൻ ഭരണകൂടം അറിയിച്ചു. ഐഎസിനെ നേരിടാനായി 150 യുഎസ് സ്പെഷൽ സേനാംഗങ്ങളെ അയയ്ക്കുമെന്നു കഴിഞ്ഞദിവസം യുഎസ് പ്രസിഡന്റ് ഒബാമ പ്രഖ്യാപിച്ചിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.