പാരീസ് ആക്രമണം: പ്രതിയെ ബൽജിയം അധികൃതർ ഫ്രാൻസിനു കൈമാറി
പാരീസ് ആക്രമണം: പ്രതിയെ ബൽജിയം അധികൃതർ ഫ്രാൻസിനു കൈമാറി
Wednesday, April 27, 2016 12:23 PM IST
പാരീസ്: നവംബറിൽ പാരീസിൽ 130 പേരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണത്തിന്റെ സൂത്രധാരൻ സാലെ അബ്ദസലാമിനെ ബൽജിയം അധികൃതർ ഫ്രാൻസിന് കൈമാറി. നാലു മാസത്തോളം ഒളിവിലായിരുന്ന ഇയാളെ മാർച്ച് 18നാണ് പിടികൂടുന്നത്. ഫ്രഞ്ച് പൗരത്വമുള്ള മൊറോക്കൻ സ്വദേശിയായ അബ്ദസലാം ബൽജിയത്തിലാണു വളർന്നത.്

പ്രതിയെ ഇന്നലെ ഫ്രഞ്ച് കോടതിയിൽ ഹാജരാക്കി. തീവ്രവാദത്തിലേക്കു തിരിയാനുള്ള കാരണവും ആക്രമണത്തിലുള്ള പങ്കും സംബന്ധിച്ച് പ്രതി പ്രസ്താവന നടത്തുമെന്ന് അയാളുടെ അഭിഭാഷകൻ ഫ്രാങ്ക് ബർട്ടൻ പറഞ്ഞു. ബ്രസൽസ് വിമാനത്താവളത്തിലും മെട്രോയിലും സ്ഫോടനങ്ങൾ നടക്കുന്നതിനു നാലുദിവസം മുമ്പാണ് പ്രതി പിടിയിലായത്.


മാർച്ച് 22ലെ ബ്രസൽസ് സ്ഫോടനങ്ങളിൽ 32 പേർ കൊല്ലപ്പെട്ടു. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഐഎസ് ഏറ്റെടുത്തിരുന്നു.

നവംബർ 13ലെ പാരീസ് സ്ഫോടനത്തിന് ആവശ്യമായ സഹായം നല്കിയത് താനാണെന്ന് അബ്ദസലാം സമ്മതിച്ചതായി അന്വേഷണസംഘം വ്യക്‌തമാക്കിയിരുന്നു. പാരീസിലെ സ്റ്റേഡിയത്തിൽവച്ചു സ്വയം പൊട്ടിത്തെറിക്കാനായിരുന്നു പദ്ധതി. എന്നാൽ അവസാനനിമിഷം ഈ നീക്കം മാറ്റേണ്ടിവന്നു. ചാവേറുകൾക്ക് ഫ്രഞ്ച് തലസ്‌ഥാനത്തെത്താനുള്ള വാഹനങ്ങളൊരുക്കിയതും 26കാരനായ അബ്ദസലാമാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.