കോഹിനൂർ രത്നം ബ്രിട്ടനു കൈമാറിയതെന്നു പാക്കിസ്‌ഥാൻ
Wednesday, April 27, 2016 12:23 PM IST
ലാഹോർ: ലോകപ്രസിദ്ധ കോഹിനൂർ രത്നം 1849ലെ ലാഹോർ ഉടമ്പടി പ്രകാരം ബ്രിട്ടനു കൈമാറിയതാണെന്നും അതു തിരിച്ചുചോദിക്കാനാവില്ലെന്നും പാക് പഞ്ചാബ് പ്രവിശ്യാ സർക്കാർ ലാഹോർ ഹൈക്കോടതിയെ അറിയിച്ചു.

ഈസ്റ്റ് ഇന്ത്യ കമ്പനിയുമായി ഉണ്ടാക്കിയ 1849ലെ ഉടമ്പടിയിൽ അന്നത്തെ മഹാരാജാ രൺജിത് സിംഗാണ് ഒപ്പിട്ടത്. ഉടമ്പടിയുടെ കോപ്പി മേയ് രണ്ടിനു നടക്കുന്ന അടുത്ത ഹിയറിംഗിൽ ഹാജരാക്കണമെന്നു സർക്കാരിന്റെ അഭിഭാഷകനു കോടതി നിർദേശം നൽകി. രൺജിത് സിംഗിന്റെ പൗത്രൻ ദുലീപ് സിംഗിന്റെ കൈയിൽനിന്നു ബ്രിട്ടൻ രത്നം തട്ടിയെടുക്കുകയായിരുന്നുവെന്ന് ആരോപിച്ച് ബാരിസ്റ്റർ ജാവേദ് ഇക്ബാൽ ജെഫ്രിയാണ് കോടതിയെ സമീപിച്ചത്. കോഹിനൂർ തിരിച്ചുവാങ്ങാൻ നടപടി എടുക്കണമെന്നു പാക് ഭരണകൂടത്തിനു നിർദേശം നൽകണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു. കോഹിനൂർ തിരിച്ചു വേണമെന്ന് ഇന്ത്യയും ബ്രിട്ടനോട് ആവശ്യപ്പെട്ടിട്ടുണ്ട്.


രത്നം ബ്രിട്ടൻ തട്ടിയെടുത്തതോ മോഷ്‌ടിച്ചതോ അല്ലെന്നും സിക്ക് യുദ്ധങ്ങളിൽ സഹായിച്ചതിനു പ്രത്യുപകാരമായി 167 വർഷം മുമ്പ് ഈസ്റ്റ് ഇന്ത്യാ കമ്പനിക്ക് അന്നത്തെ ഭരണാധികാരി നൽകിയതാണെന്നും സുപ്രീംകോടതിയിൽ ഇന്ത്യ വ്യക്‌തമാക്കിയിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.