36 വർഷത്തിനുശേഷം ഉത്തരകൊറിയയിൽ പാർട്ടി കോൺഗ്രസ്
Wednesday, April 27, 2016 12:23 PM IST
സിയൂൾ: ഭരണം നടത്തുന്ന വർക്കേഴ്സ് പാർട്ടിയുടെ ഏഴാം കോൺഗ്രസ് അടുത്തമാസം ആറിന് ആരംഭിക്കുമെന്ന് ഉത്തരകൊറിയൻ വാർത്താ ഏജൻസി കെസിഎൻഎ അറിയിച്ചു. 36വർഷത്തിനുശേഷം ആദ്യമായാണു കമ്യൂണിസ്റ്റ് ഏകാധിപത്യ രാഷ്ര്‌ടമായ ഉത്തരകൊറിയയിൽ പാർട്ടി കോൺഗ്രസ് ചേരുന്നത്.

സമ്മേളനത്തിന്റെ അജൻഡ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഭരണത്തിൽ അഴിച്ചുപണി നടത്തുന്നതിനും സുപ്രധാന നയങ്ങൾ പ്രഖ്യാപിക്കുന്നതിനും പ്രസിഡന്റ് കിം ജോംഗ് ഉൻ ഈ അവസരം വിനിയോഗിക്കുമെന്ന് ദക്ഷിണകൊറിയയിലെ വിശകലന വിദഗ്ധർ കരുതുന്നു. സമ്മേളനം എത്രദിവസം ദീർഘിക്കുമെന്നുപോലും കെസിഎൻഎ വവ്യക്‌തമാക്കിയില്ല.

ഇതിനു മുമ്പ് 1980ൽ നടന്ന പാർട്ടി കോൺഗ്രസ് അഞ്ചുദിവസം നീണ്ടുനിന്നു.3000ഡെലിഗേറ്റുകൾ പങ്കെടുത്തു. കിമ്മിന്റെ മുത്തച്ഛനും രാഷ്ര്‌ടസ്‌ഥാപകനുമായ കിം ഇൽസുംഗിന്റെ കാലത്തായിരുന്നിത്. പിന്നീട് ഭരണത്തിൽ വന്ന പുത്രൻ കിംജോംഗ് ഇലിന്റെ കാലത്ത് പാർട്ടി കോൺഗ്രസ് നടത്തിയിട്ടില്ല. 2011ൽ കിംജോംഗ് ഇൽ മരിച്ചതിനെത്തുടർന്നാണ് കുടുംബത്തിലെ മൂന്നാംതലമുറക്കാരനായ കിം ജോംഗ് ഉൻ അധികാരമേറ്റത്.


ഇത്തവണത്തെ സമ്മേളനത്തിൽ രാജ്യം കൈവരിച്ച ആണവപുരോഗതിയെക്കുറിച്ച് കിം ജോംഗ് ഉൻ വിശദീകരിക്കുമെന്നു കരുതപ്പെടുന്നു. അതിനുമുമ്പായി ഒരു ആണവ പരീക്ഷണം കൂടി നടത്താനും സാധ്യതയുണ്ട്. ജനുവരിയിൽ നാലാമത്തെ ആണവപരീക്ഷണം നടത്തിയിരുന്നു. ഇതെത്തുടർന്ന് ഉത്തരകൊറിയയ്ക്ക് എതിരേ മാർച്ചിൽ യുഎൻ കൂടുതൽ ഉപരോധം ഏർപ്പെടുത്തി.

ആണവ മുങ്ങിക്കപ്പലിൽനിന്നു ജപ്പാൻ സമുദ്രത്തിലേക്ക് ബാലിസ്റ്റിക് മിസൈൽ വിക്ഷേപണം നടത്തി നാലു ദിവസത്തിനകമാണ് വർക്കേഴ്സ് പാർട്ടി കോൺഗ്രസ് സംബന്ധിച്ച പ്രഖ്യാപനം വന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.