ട്രംപിനെതിരേ ടെഡ് ക്രൂസും കാസിക്കും കൈകോർക്കുന്നു
ട്രംപിനെതിരേ ടെഡ് ക്രൂസും കാസിക്കും കൈകോർക്കുന്നു
Monday, April 25, 2016 12:12 PM IST
വാഷിംഗ്ടൺ: ഡൊണാൾഡ് ട്രംപിന്റെ മുന്നേറ്റത്തിനു തടയിടാൻ എതിരാളികളായ ടെഡ് ക്രൂസും ജോൺ കാസിക്കും കൈ കോർക്കുന്നു. വരുന്ന റിപ്പബ്ലിക്കൻ പ്രൈമറികളിൽ ചില സംസ്‌ഥാനങ്ങളിൽ ക്രൂസും കാസിക്കും പരസ്പരമുള്ള മത്സരം ഒഴിവാക്കും.

അടുത്തമാസം മൂന്നിനു നടക്കുന്ന ഇന്ത്യാന റിപ്പബ്ലിക്കൻ പ്രൈമറിയിൽ മത്സരിക്കില്ലെന്നു കാസിക്ക് ക്രൂസിന് ഉറപ്പു നൽകി. പകരം മേയ് 17ലെ ഓറിഗോൺ പ്രൈമറി, ജൂൺ ഏഴിലെ ന്യൂമെക്സിക്കോ പ്രൈമറി എന്നിവയിൽനിന്നു വിട്ടുനിൽക്കാമെന്നു ക്രൂസും വാഗ്ദാനം ചെയ്തു.

ടെഡ് ക്രൂസും ജോൺകാസിക്കും അത്യന്തം നിരാശരാണെന്നു ട്വിറ്ററിൽ ട്രംപ് പ്രതികരിച്ചു. റിപ്പബ്ലിക്കൻ പാർട്ടിയുടെ നോമിനേഷൻ കിട്ടുന്നതിൽനിന്നു ട്രംപിനെ തടയേണ്ടത് ആവശ്യമാണെന്നു ക്രൂസും കാസിക്കും വ്യക്‌തമാക്കി. പാർട്ടിയെ ഒറ്റക്കെട്ടായി മുന്നോട്ടുകൊണ്ടുപോകാൻ കഴിവുള്ള സ്‌ഥാനാർഥിയാണ് ആവശ്യം. ട്രംപ് സ്‌ഥാനാർഥിയാവുന്നത് റിപ്പബ്ലിക്കൻ പാർട്ടിയുടെ തകർച്ചയ്ക്കിടയാക്കുമെന്ന് ഇരുവരും പറഞ്ഞു.


എന്നാൽ, ക്ലീവ്ലൻഡിലെ റിപ്പബ്ലിക്കൻ കൺവൻഷനിൽ ആദ്യറൗണ്ടിൽത്തന്നെ 1237 ഡെലിഗേറ്റുകളുടെ പിന്തുണ നേടി താൻ സ്‌ഥാനാർഥിയാവുമെന്നു ട്രംപ് ആത്മവിശ്വാസം പ്രകടിപ്പിച്ചു. രണ്ടാം റൗണ്ടും മൂന്നാം റൗണ്ടും നമുക്ക് ആവശ്യമില്ല. ആദ്യറൗണ്ടിൽത്തന്നെ വിജയിക്കും– അദ്ദേഹം പറഞ്ഞു.

നിലവിൽ ട്രംപിന് 845 ഡെലിഗേറ്റുകളും ക്രൂസിന് 559 ഡെലിഗേറ്റുകളുമാണുള്ളത്. ചൊവ്വാഴ്ച മത്സരം നടക്കുന്ന മേരിലാൻഡ്, റോഡ് ഐലൻഡ്, പെൻസിൽവാനിയ,ഡെലവെയർ എന്നിവിടങ്ങളിലെ പ്രചാരണത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയാണു ട്രംപ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.