സിറിയയിലേക്കു കരസേനയെ അയയ്ക്കില്ല: ഒബാമ
സിറിയയിലേക്കു കരസേനയെ അയയ്ക്കില്ല: ഒബാമ
Sunday, April 24, 2016 12:32 PM IST
ലണ്ടൻ: സിറിയയിലേക്കു കരസേനയെ അയയ്ക്കില്ലെന്ന് യുഎസ് പ്രസിഡന്റ് ബറാക് ഒബാമ വ്യക്‌തമാക്കി. വർഷങ്ങൾ പഴക്കമുള്ള സിറിയൻ പ്രതിസന്ധി പരിഹരിക്കാൻ എളുപ്പമാർഗമൊന്നുമില്ല. പ്രസിഡന്റ് ബഷാർ അൽ അസാദിനെ താഴെയിറക്കാനായി അമേരിക്കയും ബ്രിട്ടനും സൈന്യത്തെ അയച്ചാൽ അതു വലിയ തെറ്റാവുമെന്ന് ബിബിസിക്ക് അനുവദിച്ച അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു. സൈനിക പരിഹാരത്തിനു പകരം നയതന്ത്രനീക്കമാണ് ആവശ്യം. ഇറാൻ, റഷ്യ, വിമതഗ്രൂപ്പ് എന്നിവയുടെ മേൽ സമ്മർദം ചെലുത്തി പുതിയ സർക്കാർ രൂപീകരണത്തിനു കളമൊരുക്കുകയാണു വേണ്ടതെന്നും ഒബാമ അഭിപ്രായപ്പെട്ടു.

ഐഎസിന്റെ സിറിയയിലെ ആസ്‌ഥാനമായ റാഖായിലും ഇതര പ്രദേശങ്ങളിലും ഭീകരരെ ലക്ഷ്യമിട്ടുള്ള വ്യോമാക്രമണം യുഎസ് തുടരുമെന്നും ഒബാമ വ്യക്‌തമാക്കി.

ബ്രിട്ടനിൽ ത്രിദിന സന്ദർശനത്തിനുശേഷം ഇന്നലെ ജർമനിയിലെത്തി ചാൻസലർ ആംഗലമെർക്കലുമായി നടത്തിയ ചർച്ചയിലും ഒബാമ ഈ നിലപാട് ആവർത്തിച്ചു. സിറിയയിൽ അക്രമം വർധിക്കുന്നതിൽ ഉത്ക്കണ്ഠ രേഖപ്പെടുത്തിയ ഒബാമ സിറിയൻ പ്രശ്നത്തിനു രാഷ്ട്രീയതലത്തിൽ പരിഹാരം കാണണമെന്നു ഹാനോവറിൽ ആംഗല മെർക്കലിനൊപ്പം നടത്തിയ പത്രസമ്മേളനത്തിൽ നിർദേശിച്ചു. എല്ലാവിഭാഗം സിറിയക്കാർക്കും പ്രാതിനിധ്യം ഉറപ്പാക്കുന്ന സർക്കാർ രൂപീകരിക്കുന്നതിലൂടെ മാത്രമേ സിറിയയിൽ നിലനിൽക്കുന്ന സമാധാനം സ്‌ഥാപിക്കാനാവൂ എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.


ഇതിനിടെ സിറിയയിലെ ആലപ്പോ നഗരത്തിൽ ഇന്നലെ സിറിയൻ സൈന്യം നടത്തിയ വ്യോമാക്രമണത്തിലും വിമതർ നടത്തിയ റോക്കറ്റ് ആക്രമണങ്ങളിലുമായി 26 പേർ കൊല്ലപ്പെട്ടു. ഇതോടെ യുഎസ് പ്രസിഡന്റ് ഒബാമയും റഷ്യൻ പ്രസിഡന്റ് പുടിനും മുൻകൈയെടുത്തു കൊണ്ടുവന്ന സിറിയയിലെ വെടിനിർത്തൽ നീണ്ടുനിൽക്കുമോ എന്ന സംശയം ഉയർന്നിട്ടുണ്ട്.

ആലപ്പോ നഗരത്തിന്റെ കിഴക്കൻ മേഖല വിമതരുടെ നിയന്ത്രണത്തിലാണ്. ഇവിടെനിന്നു സർക്കാർമേഖലയിലേക്ക് വിമതർ നടത്തിയ റോക്കറ്റ് ആക്രമണത്തിൽ രണ്ടു സഹോദരങ്ങൾ ഉൾപ്പെടെ പത്തുപേർ കൊല്ലപ്പെട്ടു.

സ്കൂളുകളിലും ജനവാസ കേന്ദ്രങ്ങളിലും റോക്കറ്റുകൾ പതിച്ചെന്നു സനാ വാർത്താ ഏജൻസി അറിയിച്ചു. വിമതമേഖലയിൽ സിറിയൻ യുദ്ധവിമാനങ്ങൾ നടത്തിയ ആക്രമണത്തിൽ 16 പേർക്കു ജീവഹാനി നേരിട്ടെന്നു സിറിയൻ ഒബ്സർവേറ്ററി അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.