ഡമാസ്കസ് പോലീസ് ക്ളബ്ബില്‍ ഐഎസ് ആക്രമണം, 10 മരണം
Wednesday, February 10, 2016 11:23 PM IST
ഡമാസ്കസ്: സിറിയന്‍ തലസ്ഥാനമായ ഡമാസ്കസിലെ പോലീസ് ക്ളബ്ബില്‍ ഐഎസ് നടത്തിയ കാര്‍ബോംബ് സ്ഫോടനത്തില്‍ കുറഞ്ഞതു പത്തുപേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്കു പരിക്കേറ്റു.

പോലീസ് ക്ളബ്ബിന്റെ പാര്‍ക്കിംഗ് ഏരിയായിലാണു സ്ഫോടനം നടന്നതെന്നും എട്ടു പോലീസ് ഓഫീസര്‍മാര്‍ കൊല്ലപ്പെടുകയും 20 പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തെന്നും സിറിയന്‍ ഒബ്സര്‍വേറ്ററി അറിയിച്ചു. കൊല്ലപ്പെട്ടവരുടെ എണ്ണം 20 ല്‍ അധികമാണെന്നും 40 പേര്‍ക്കു പരിക്കേറ്റെന്നും ഐഎസ് പുറപ്പെടുവിച്ച പ്രസ്താവനയില്‍ അവകാശപ്പെട്ടു. കാര്‍ബോംബ് സ്ഫോടനം നടത്തിയത് അബു അബ്ദുള്‍ റഹ്മാന്‍ അല്‍ഷാമിയാണെന്നും പ്രസ്താവനയില്‍ പറയുന്നു.


ഇതിനുമുമ്പ് ജനുവരി 31നാണ് ഡമാസ്കസില്‍ ഐഎസ് ശക്തമായ ഭീകരാക്രമണം നടത്തിയത്. 25 ഷിയാ പോരാളികള്‍ ഉള്‍പ്പെടെ 70 പേര്‍ക്കു പ്രസ്തുത സ്ഫോടനത്തില്‍ ജീവഹാനി നേരിട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.