സിറിയയില്‍ തടവുകാരെ കൂട്ടക്കൊല ചെയ്തു: യുഎന്‍
Wednesday, February 10, 2016 11:21 PM IST
ജനീവ: സിറിയന്‍ ജയിലുകളില്‍ തടവുകാരെ പീഡിപ്പിക്കുകയും കൊലപ്പെടുത്തുകയും ചെയ്ത നിരവധി സംഭവങ്ങളുണ്ടായെന്നതിനു തെളിവു കിട്ടിയെന്ന് ഇതു സംബന്ധിച്ച് അന്വേഷണം നടത്തിയ പൌളോ പിന്‍ഹീറോയുടെ നേതൃത്വത്തിലുള്ള യുഎന്‍ കമ്മീഷന്‍ റിപ്പോര്‍ട്ടു ചെയ്തു. ഉത്തരവാദികളായ സിവില്‍, സൈനിക ഉദ്യോഗസ്ഥരെ ഉപരോധപ്പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ രക്ഷാസമിതി നടപടിയെടുക്കണമെന്ന് കമ്മീഷന്‍ നിര്‍ദേശിച്ചു.

സര്‍ക്കാരിനു പുറമേ ജിഹാദി ഗ്രൂപ്പുകളായ നുസ്റാ മുന്നണിയും ഐഎസും തങ്ങളുടെ പിടിയിലായ തടവുകാരെ കൂട്ടക്കൊല ചെയ്തിട്ടുണ്ട്. 2011 മാര്‍ച്ച് പത്തിനും 2015 നവംബര്‍ 30നും ഇടയ്ക്കുള്ള കാലയളവിലെ കസ്റഡി മരണങ്ങളെക്കുറിച്ചാണ് അന്വേഷണം നടത്തിയത്. തടവിലെ പീഡനങ്ങളെ അതിജീവിച്ച 621 പേരുമായി കമ്മീഷന്‍ ഇന്റര്‍വ്യൂ നടത്തി. ഏതാനും ദൃക്സാക്ഷികളില്‍നിന്നും മറ്റു കേന്ദ്രങ്ങളില്‍നിന്നും തെളിവുകള്‍ ശേഖരിച്ചു. സര്‍ക്കാരും ഭീകരഗ്രൂപ്പുകളും കസ്റഡിയിലെടുത്ത ആയിരങ്ങള്‍ അപ്രത്യക്ഷരായിട്ടുണ്ട്. ഇവരില്‍ ഭൂരിഭാഗവും കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരില്‍ നല്ല പങ്കും സിവിലിയന്മാരാണെന്നും സിവിലിയന്‍ ജനതയെ ഉന്മൂലനം ചെയ്യുന്നതിനുള്ള ആസൂത്രിത നടപടിയാണിതെന്നും ഇത് മനുഷ്യരാശിക്കെതിരായ കുറ്റകൃത്യമായി കാണണമെന്നും കമ്മീഷന്റെ റിപ്പോര്‍ട്ടില്‍ പറഞ്ഞു. സിറിയയിലെ ആലപ്പോയില്‍ റഷ്യന്‍ വ്യോമാക്രമണത്തെത്തുടര്‍ന്ന് ജനം കൂട്ടപ്പലായനം ആരംഭിച്ച സാഹചര്യത്തിലാണ് കമ്മീഷന്‍ റിപ്പോര്‍ട്ടു പുറത്തുവന്നിരിക്കുന്നതെന്നതു ശ്രദ്ധേയമാണ്. ആലപ്പോയിലെ വ്യോമാക്രമണത്തില്‍ സിവിലിയന്മാര്‍ കൊല്ലപ്പെട്ടിട്ടില്ലെന്നാണു റഷ്യയുടെ ഭാഷ്യം. എന്നാല്‍ 40 പേരെങ്കിലും കൊല്ലപ്പെട്ടെന്നും ആലപ്പോ നഗരത്തെ സര്‍ക്കാര്‍ സേന വളഞ്ഞുകഴിഞ്ഞെന്നും പറയപ്പെടുന്നു. പലായനം ചെയ്യുന്നവര്‍ക്കായി അതിര്‍ത്തി തുറന്നുകൊടുക്കാന്‍ തുര്‍ക്കിയുടെ മേല്‍ സമ്മര്‍ദം ശക്തമാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.