ഇന്ത്യന്‍ വേരുകളുള്ള അന്റോണിയോ കോസ്റ പോര്‍ച്ചുഗീസ് പ്രധാനമന്ത്രി
ഇന്ത്യന്‍ വേരുകളുള്ള അന്റോണിയോ കോസ്റ പോര്‍ച്ചുഗീസ് പ്രധാനമന്ത്രി
Wednesday, November 25, 2015 11:32 PM IST
ലിസ്ബണ്‍: ഗോവയില്‍ വേരുകളുള്ള സോഷ്യലിസ്റ് നേതാവ് അന്റോണിയോ കോസ്റയെ പോര്‍ട്ടുഗലിന്റെ പ്രധാനമന്ത്രിയായി പ്രസിഡന്റ് അനബല്‍ കാവക്കോ സില്‍വാ നിയമിച്ചു.

ഒക്ടോബര്‍ നാലിനു നടന്ന തെരഞ്ഞെടുപ്പില്‍ വലതുപക്ഷ പ്രധാനമന്ത്രി പെദ്രോ പാസോസ് കൊയിലോയുടെ കക്ഷിക്കാണു പാര്‍ലമെന്റില്‍ കൂടുതല്‍ സീറ്റുകള്‍ കിട്ടിയത്. എന്നാല്‍ ഭരിക്കാനാവശ്യമായ ഭൂരിപക്ഷം കിട്ടിയില്ല. കൊയിലോയുടെ ന്യൂനപക്ഷ സര്‍ക്കാര്‍ അധികാരമേറ്റെങ്കിലും 11 ദിവസത്തിനുശേഷം പാര്‍ലമെന്റില്‍ നടത്തിയ വോട്ടെടുപ്പില്‍ പരാജയപ്പെട്ടു.

കമ്യൂണിസ്റുകളും മറ്റ് ഇടതുപക്ഷ പാര്‍ട്ടികളും പിന്തുണ വാഗ്ദാനം ചെയ്ത സാഹചര്യത്തിലാണ് കോസ്റ പ്രധാനമന്ത്രിയാവാന്‍ സമ്മതിച്ചത്. 54കാരനായ കോസ്റ ലിസ്ബണ്‍ നഗരത്തിലെ മുന്‍ മേയര്‍കൂടിയാണ്. വേതനം കൂട്ടുമെന്നും പെന്‍ഷന്‍ മരവിപ്പിച്ച നടപടി റദ്ദാക്കുമെന്നും കോസ്റ വാഗ്ദാനം ചെയ്തു.


എന്നാല്‍ ബാങ്കിംഗ് മേഖലയുടെ കരുത്തു തകര്‍ക്കുന്ന നടപടി പാടില്ലെന്നു കോസ്റയ്ക്ക് പ്രസിഡന്റ് മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്.

അന്റോണിയോ കോസ്റയുടെ മുത്തച്ഛന്‍ പോര്‍ട്ടുഗീസ് ഭരണകാലത്ത് ഗോവയില്‍ ജീവിച്ചിരുന്നയാളാണ്. കോസ്റയുടെ അച്ഛന്‍ മൊസാംബിക്കിലാണു ജനിച്ചതെങ്കിലും ചെറുപ്പകാലം ചെലവഴിച്ചത് ഗോവയിലായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.