ബലാറൂസില്‍ ലുകാഷെങ്കോയ്ക്ക് അഞ്ചാമൂഴം
ബലാറൂസില്‍ ലുകാഷെങ്കോയ്ക്ക് അഞ്ചാമൂഴം
Tuesday, October 13, 2015 12:20 AM IST
മിന്‍സ്ക്: മുന്‍ സോവ്യറ്റ് റിപ്പബ്ളിക്കായ ബലാറൂസിന്റെ പ്രസിഡന്റായി അഞ്ചാംവട്ടവും അലക്സാണ്ടര്‍ ലുകാഷെങ്കോ വന്‍ഭൂരിപക്ഷത്തില്‍ തെരഞ്ഞെടുക്കപ്പെട്ടു. യൂറോപ്പിലെ അവസാനത്തെ ഏകാധിപതിയെന്നു മുന്‍ യുഎസ് സ്റേറ്റ് സെക്രട്ടറി കോണ്‍ഡലീസാ റൈസ് വിശേഷിപ്പിച്ച ലുകാഷെങ്കോയുടെ വിജയം പ്രതീക്ഷിച്ചതു തന്നെയായിരുന്നു.

ലുകാഷെങ്കോയ്ക്ക് 83% വോട്ടുകിട്ടിയപ്പോള്‍ തൊട്ടടുത്ത എതിരാളിക്ക് അഞ്ചുശതമാനത്തില്‍ താഴെ വോട്ടുമാത്രമേ ലഭിച്ചുള്ളു. 86% പേര്‍ സമ്മതിദാനാവകാശം വിനിയോഗിച്ചെന്ന് ഇലക്ഷന്‍ അധികൃതര്‍ അറിയിച്ചു. ഞായറാഴ്ച നടന്ന തെരഞ്ഞെടുപ്പ ്പ്രതിപക്ഷം ബഹിഷ്കരിച്ചു.

1994 മുതല്‍ ഉരുക്കുമുഷ്ടി ഉപയോഗിച്ച് ബലാറൂസില്‍ ഭരണം നടത്തുന്ന ലുകാഷെങ്കോ വിശ്വസിക്കാന്‍ കൊള്ളാത്തവനാണെന്ന് ഇപ്രാവശ്യം സാഹിത്യത്തിനുള്ള നൊബേല്‍ പുരസ്കാരം കിട്ടിയ ബലാറൂസിയന്‍ എഴുത്തുകാരി സ്വെറ്റ്ലാന അലക്സിയോവിച്ച് പറഞ്ഞു. സോവ്യറ്റ് കമ്യൂണിസ്റ് ഭരണത്തിലും തുടര്‍ന്ന് സോവ്യറ്റ് യൂണിയനില്‍ നിന്നു വിഘടിച്ചുപോയ രാജ്യങ്ങളിലെ ഏകാധിപത്യ ഭരണത്തിലും സംഭവിച്ച ക്രൂരപീഡനങ്ങളെയും അട്ടിമറികളെയും തുറന്നുകാട്ടുന്ന രചനകളാണ് സ്വെറ്റ്ലാനയുടേത്. നൊബേല്‍ പുരസ്കാരം കിട്ടിയതറിഞ്ഞ് ശത്രുത മറന്നു ലുകാഷെങ്കോ അവരെ അഭിനന്ദിച്ചു.


മോസ്കോ അനുകൂലിയായ ലുകാഷെങ്കോ ഈയിടെ യുക്രെയിനിലെ റഷ്യന്‍ ഇടപെടലിനെ വിമര്‍ശിച്ചതും മിന്‍സ്കില്‍ യുക്രെയ്ന്‍ സമാധാന ഉച്ചകോടി നടത്തിയതും പാശ്ചാത്യരാജ്യങ്ങളുടെ അനുഭാവം നേടാന്‍ സഹായിച്ചു. തെരഞ്ഞെടുപ്പ് ജനാധിപത്യപരമായ രീതിയിലായിരുന്നില്ലെന്ന് നിരീക്ഷകരായെത്തിയ ഓര്‍ഗനൈസേഷന്‍ ഫോര്‍ സെക്യൂരിറ്റി ആന്‍ഡ് കോഓപ്പറേഷന്‍ എന്ന സംഘടന അഭിപ്രായപ്പെട്ടു.

11 കാരനായ മകന്‍ നിക്കോളായിയെ ലുകാഷെങ്കോ ഭാവി ഭരണാധികാരിയായി വളര്‍ത്തിക്കൊണ്ടുവരികയാണെന്നു വിമര്‍ശകര്‍ ആരോപിച്ചു. പിതാവിനോടൊപ്പം വിദേശയാത്രകളില്‍ സൈനിക യൂണിഫോമില്‍ നിക്കോളായ് പങ്കെടുക്കുന്നതു വിമര്‍ശനമുയര്‍ത്തി. ലോകനേതാക്കളുമായി ലുകാഷെങ്കോ നടത്തുന്ന കൂടിക്കാഴ്ചകളിലും മകന്‍ പങ്കെടുക്കാറുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.