വ്യോമാക്രമണം: 300 ഭീകരര്‍ കൊല്ലപ്പെട്ടെന്നു റഷ്യ
Saturday, October 10, 2015 11:15 PM IST
മോസ്കോ: കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ സിറിയയില്‍ ഭീകരകേന്ദ്രങ്ങള്‍ക്ക് എതിരേ റഷ്യന്‍ യുദ്ധവിമാനങ്ങള്‍ നടത്തിയ ആക്രമണത്തില്‍ 300 ഭീകരര്‍ കൊല്ലപ്പെട്ടു. രണ്ട് ഐഎസ് കമാന്‍ഡര്‍മാരും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുന്നതായി റഷ്യന്‍ പ്രതിരോധവകുപ്പ് അവകാശപ്പെട്ടു.

സിറിയയിലെ റാഖാ, ലഡാക്കിയ, ഇഡ്്ലിബ്, ആലപ്പോ, ഹമാ മേഖലകളില്‍ ഐഎസിന്റെയും മറ്റു ഭീകര ഗ്രൂപ്പുകളുടെയും കമാന്‍ഡ് സെന്ററുകളും ആയുധഡിപ്പോകളും ഉള്‍പ്പെടെ 60 കേന്ദ്രങ്ങളില്‍ 67 വ്യോമാക്രമണങ്ങള്‍ നടത്തിയതായി ഡെപ്യൂട്ടി ചീഫ് ഓഫ് സ്റാഫ് ലഫ്റ്റനന്റ് ജനറല്‍ ഇഗോര്‍ മകുഷെവ് മോസ്കോയില്‍ റിപ്പോര്‍ട്ടര്‍മാരോടു പറഞ്ഞു. ലിവാ അല്‍ ഹക്ക് എന്ന ഭീകരഗ്രൂപ്പിന്റെ ആസ്ഥാനത്തു നട ത്തിയ ആക്രമണത്തിലാണ് 200 പേര്‍ മരിച്ചത്. ആലപ്പോയ്ക്കു സമീപം ഭീകര പരിശീലന കേന്ദ്രങ്ങളിലും ആയുധഡിപ്പോയിലും നടത്തിയ മറ്റൊരു ആക്രമണത്തില്‍ 100 പേര്‍കൂടി കൊല്ലപ്പെട്ടു.ഇതിനിടെ ഫ്രാന്‍സും ഇന്നലെ സിറിയന്‍ ഭീകരരെ ലക്ഷ്യമിട്ട് വ്യോമാക്രമണം നടത്തി. ഐഎസിന്റെ കേന്ദ്രമായ റാഖായിലാണ് ആക്രമണം നടത്തിയതെന്നും ഇനിയും കൂടുതല്‍ ആക്രമണങ്ങള്‍ പ്രതീക്ഷിക്കാമെന്നും പ്രതിരോധമന്ത്രി ഷാങ് യവ്സ് ലി ഡ്രയന്‍ പാരീസില്‍ പറഞ്ഞു. സെപ്റ്റംബര്‍ 27നും ഫ്രാന്‍സ് സിറിയയില്‍ വ്യോമാക്രമണം നടത്തിയിരുന്നു.

ആലപ്പോയ്ക്കു സമീപമുള്ള ചില ഗ്രാമങ്ങള്‍ പിടിച്ച് ഐഎസ് മുന്നേറ്റം തുടരുകയാണെന്നു റിപ്പോര്‍ട്ടുണ്ട്. ഇറാന്റെ വിപ്ളവ ഗാര്‍ഡുകളുടെ കമാന്‍ഡര്‍ ജനറല്‍ ഹുസൈന്‍ ഹംദാനി ആലപ്പോയ്ക്കു സമീപം കൊല്ലപ്പെട്ടതായി വിപ്ളവ ഗാര്‍ഡിന്റെ പ്രസ്താവനയില്‍ അറിയിച്ചു. സിറിയന്‍ സൈനികരെ ഉപദേശിക്കാന്‍ എത്തിയതായിരുന്നു ജനറല്‍ ഹംദാനി. 2005ലാണ് ഹംദാനി വിപ്ളവഗാര്‍ഡുകളുടെ കമാന്‍ഡര്‍ പദവി ഏറ്റെടുത്തത്.അസാദ് വിരുദ്ധ വിമതരെ നേരിടാനായി ഇറാന്റെ നിരവധി സൈനികര്‍ സിറിയയില്‍ എത്തിയതായി നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു.


ഇതിനിടെ സിറിയന്‍ വിമതരെ പരിശീലിപ്പിക്കാനുള്ള പദ്ധതി ഒബാമ ഭരണകൂടം ഉപേക്ഷിക്കാന്‍ തീരുമാനിച്ചതായി ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ടു ചെയ്തു. ഇപ്രകാരം പരിശീലിപ്പിച്ച വിമതരില്‍ പലരും ആയുധങ്ങള്‍ ഐഎസിനു കൈമാറുകയും അവരുടെകൂടെച്ചേരുകയും ചെയ്തതായി ഈയിടെ റിപ്പോര്‍ട്ടു വന്നിരുന്നു.

റഷ്യന്‍ ക്രൂസ് മിസൈലുകള്‍ ഇറാനില്‍ വീണെന്ന്

ലണ്ടന്‍ കാസ്പിയന്‍ കടലിലുള്ള റഷ്യന്‍ യുദ്ധക്കപ്പലുകളില്‍ നിന്ന് സിറിയയിലെ ഐഎസ് ഭീകരര്‍ക്ക് എതിരേ തൊടുത്തുവിട്ട ക്രൂസ് മിസൈലുകളില്‍ നാലെണ്ണം ലക്ഷ്യം തെറ്റി ഇറാനില്‍ വീണെന്ന് അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി ആഷ് കാര്‍ട്ടര്‍.

ബ്രിട്ടീഷ് പ്രതിരോധ സെക്രട്ടറി മൈക്കല്‍ ഫാലനുമൊത്തു ലണ്ടനില്‍ നടത്തിയ പത്രസമ്മേളനത്തിലാണ് കാര്‍ട്ടര്‍ ഇക്കാര്യം പറഞ്ഞത്. മിസൈല്‍ വീണ് എന്തെങ്കിലും നാശനഷ്ടമുണ്ടായോ എന്നു വ്യക്തമല്ല. എന്നാല്‍ ആരോപണം ഇറാനും റഷ്യയും നിഷേധിച്ചു. നാലു യുദ്ധക്കപ്പലുകളില്‍നിന്ന് 26 ദീര്‍ഘദൂര ക്രൂസ് മിസൈലുകളാണ് റഷ്യ അയച്ചത്. ഇറാന്റെയും ഇറാക്കിന്റെയും വ്യോമാതിര്‍ത്തികളിലൂടെ സഞ്ചരിച്ചാണ് ഇവ സിറിയയില്‍ എത്തിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.