ആര്‍. സംബന്ധന്‍ ശ്രീലങ്കയില്‍ പ്രതിപക്ഷനേതാവ്
ആര്‍. സംബന്ധന്‍ ശ്രീലങ്കയില്‍ പ്രതിപക്ഷനേതാവ്
Friday, September 4, 2015 11:13 PM IST
കൊളംബോ: ശ്രീലങ്കയില്‍ തമിഴ്ദേശീയ സഖ്യത്തെ(ടിഎന്‍എ) മുഖ്യപ്രതിപക്ഷപാര്‍ട്ടിയായി സര്‍ക്കാര്‍ അംഗീകരിച്ചു. ടിഎന്‍എ നേതാവ് ആര്‍. സംബന്ധന്‍ പ്രതിപക്ഷനേതാവായി ചുമതലയേല്‍ക്കും. 32 വര്‍ഷത്തിനുശേഷമാണ് ശ്രീലങ്കന്‍ പാര്‍ലമെന്റില്‍ തമിഴ് ന്യൂനപക്ഷത്തില്‍നിന്നുള്ള ഒരാള്‍ പ്രതിപക്ഷനേതാവാകുന്നത്. 1983ല്‍ തമിഴ് യുണൈറ്റഡ് ലിബറേഷന്‍ ഫ്രണ്ട് നേതാവ് അപ്പാപിള്ള അമൃതലിംഗം പ്രതിപക്ഷ നേതാവായി ചുമതല വഹിച്ചു.

തെരഞ്ഞെടുപ്പില്‍ രണ്ടാമതെത്തിയ യുപിഎഫ്എ പ്രതിപക്ഷനേതൃസ്ഥാനത്തിനായി അവകാശവാദം ഉയര്‍ത്താതിരുന്നതോടെയാണ് ഇത്തവണ ടിഎന്‍എയ്ക്കു നറുക്കു വീണത്. സ്പീക്കര്‍ ജയസൂര്യയാണ് സംബന്ധനെ പ്രതിപക്ഷനേതാവായി പ്രഖ്യാപിച്ചത്. ന്യായീകരിക്കാവുന്ന കാര്യങ്ങളില്‍ സര്‍ക്കാരിനെ പിന്തുണയ്ക്കുമെന്ന് അഭിഭാഷകന്‍കൂടിയായ സംബന്ധന്‍ പാര്‍ലമെന്റില്‍ നടത്തിയ പ്രസംഗത്തില്‍ പറഞ്ഞു. അല്ലാത്ത പ്രശ്നങ്ങളില്‍ സര്‍ക്കാരിനെ എതിര്‍ക്കും.


തെരഞ്ഞെടുപ്പില്‍ കൂടുതല്‍ സീറ്റ് നേടിയ പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെ നേതൃത്വം നല്‍കുന്ന യുഎന്‍പി പാര്‍ട്ടിയും രണ്ടാമതെത്തിയ പ്രസിഡന്റ് മൈത്രിപാല സിരിസേന നേതൃത്വം നല്‍കുന്ന യുപിഎഫ്എയും ഒരുമിച്ചു പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചതോടെയാണ് ടിഎന്‍എ പ്രതിപക്ഷ നേതൃസ്ഥാനം കരസ്ഥമാക്കിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.